ഒഹായോ: അമേരിക്കയിലെ ഒഹായോയിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്ക്. ഒഹായോയിലെ ടോളിഡോയിൽ ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പ്രദേശത്ത് നടന്നുവരുന്ന പ്രശസ്തമായ വേനൽക്കാല ഉത്സവത്തിനിടയിലേക്കാണ് അക്രമികൾ വെടിയുതിർത്തത്.
സംഭവത്തിന് പിന്നിൽ പരസ്പരം വെടിയുതിർത്ത രണ്ട് അക്രമികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വെടിവയ്പിൽ പരിക്കേറ്റവരിൽ 14 വയസുള്ള കുട്ടി മുതൽ 61 വയസുള്ള വയോധികൻ വരെ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെടിവയ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കപ്പെട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവ നഗരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കുകയും കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി സമാധാനപരമായി നടന്നു വരുന്ന ജനപ്രിയ ഉത്സവത്തെ തകർക്കാൻ ശ്രമിച്ച അക്രമികളുടെ പ്രവർത്തനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് ടോളിഡോ പോലീസ് ഡെപ്യൂട്ടി ചീഫ് ജോസഫ് ഹെഫെർനൻ പ്രതികരിച്ചു.
സംഭവത്തിൽ ഒഹായോ ഗവർണർ മൈക്ക് ഡിവിൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Tags : Ohio Shooting 12 Injured Crime