ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഒക്ലഹോമ: വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളുടെ ആത്മീയ മഹാസംഗമമായ പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ്, പിസിഎൻഎകെയുടെ 41-ാമത് മഹാസമ്മേളനം 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ അമേരിക്കയിലെ ഒക്ലഹോമയിൽ നടക്കും.
"Rooted in Faith - United in Spirit' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഇതിന്റെ മലയാളം "വിശ്വാസത്തിൽ വേരൂന്നി - ആത്മാവിൽ ഒന്നായി' എന്നാണ്. ഷിക്കാഗോയിൽ നടന്ന പിസിഎൻഎകെ ജനറൽ ബോഡി യോഗത്തിൽ 2028-ലെ ദേശീയ മഹാസമ്മേളനത്തിനായുള്ള പ്രാഥമിക ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പാസ്റ്റർ തേജസ് തോമസിനെ നാഷണൽ കൺവീനറായും, ബിനോയ് ഫിലിപ്പ് കരുമാങ്കലിനെ നാഷണൽ സെക്രട്ടറിയായും നിബു വെള്ളവന്താനത്തെ നാഷണൽ ട്രഷററായും പാസ്റ്റർ ഡെവിൻ ഡാനിയേലിനെ ഇംഗ്ലീഷ് കോഓർഡിനേറ്ററായും ഡോ. ഗ്രേസ് ഗീവർഗീസിനെ ലേഡീസ് കോഓർഡിനേറ്ററായും, സാം തോമസിനെ ജനറൽ കോഓർഡിനേറ്ററായും, പാസ്റ്റർ മാത്യു സാമുവലിനെ പ്രയർ കോഓർഡിനേറ്ററായും ഷെറി കെ. ജോർജിനെ പബ്ലിക് റിലേഷൻസ് കോഓർഡിനേറ്ററായും ഫിന്നി രാജു ഹൂസ്റ്റണിനെ നാഷണൽ മീഡിയ കോഓർഡിനേറ്ററായും തെരഞ്ഞെടുത്തു.
വിപുലമായ ദേശീയ കമ്മിറ്റിയും ഒക്ലഹോമ ലോക്കൽ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പൊതുസമ്മേളനങ്ങൾ, ആരാധന, സംഗീതശുശ്രൂഷകൾ, കുടുംബസംഗമം, വനിതാ സമ്മേളനം, യുവജന-കുട്ടികളുടെ പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ പരിപാടികൾ നടക്കും. വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി ഈ മഹാസമ്മേളനം മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.