ന്യൂജഴ്സി: ദൈവസേവനത്തിനായി അഞ്ചു പതിറ്റാണ്ടുകൾ ജീവിതം സമർപ്പിച്ച വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾ മലങ്കര ആർച്ച്ഡയോസിസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഓൾഡ് ടാപ്പൻ, ന്യൂജഴ്സിയിൽ നടന്നു.
ആത്മീയ ചൈതന്യവും വിശ്വാസ ഐക്യവും വിളിച്ചോതിയ ഈ സംഗമത്തിൽ വിശ്വാസികളും സഭാ നേതാക്കളും സാമൂഹിക - ആത്മീയ രംഗങ്ങളിലെ പ്രമുഖരും സാന്നിധ്യം രേഖപ്പെടുത്തി.
രാവിലെ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
.jpeg1776680643.jpg)
ഭക്തിനിർഭരമായ ഈ ശുശ്രൂഷ വിശ്വാസികൾക്ക് ആത്മീയ ഉണർവും ദൈവാനുഭവത്തിന്റെ ആഴവും പകർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചട്ടത്തിൽ അച്ചൻ അമേരിക്കൻ അതിഭദ്രാസനത്തിനും സഭയ്ക്കും അർപ്പിച്ച ത്യാഗപരമായ സേവനവും ആത്മാർത്ഥമായ വൈദിക ജീവിതവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
ഫാ. വിവേക് അലക്സ് സ്വാഗതം ആശംസിക്കുകയും അലൈന വർഗീസ് പ്രാർഥനാഗീതം ആലപിക്കുകയും ചെയ്തു. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹസന്ദേശം ആർച്ച്ബിഷപ് യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത അറിയിച്ചു.

അബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ അനുഗ്രഹാനുമോദന കൽപന വന്ദ്യ മത്തായി പുതുക്കുന്നത്തു കോറെപ്പിസ്കോപ്പ വായിച്ചു.
പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ സന്ദേശം ഡോ. ജെറി ജേക്കബ് അച്ചൻ അവതരിപ്പിച്ചു.
അമേരിക്ക-യൂറോപ്പ് ക്നാനായ ഭദ്രാസനാധ്യക്ഷൻ ആയുബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ചട്ടത്തിൽ അച്ചന്റെ ദീർഘകാല ആത്മീയ നേതൃത്വവും സഭയോടുള്ള അർപ്പണബോധവും അദ്ദേഹം പ്രശംസിച്ചു.
വ്യക്തിപരമായി അച്ചനുമായും കുടുംബവുമായി പുലർത്തുന്ന സ്നേഹബന്ധവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവച്ചു.

ഡയോസീസൻ സെക്രട്ടറി ഫാ. പോൾ തോട്ടക്കാട്, ഗീവർഗീസ് കരുത്തലക്കൽ കോറെപ്പിസ്കോപ്പ, ഫാ. വർഗീസ് കൊര പരുത്തുവയലിൽ എന്നിവർ ആശംസകൾ നേർന്നു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഷെവലിയർ ജോർജ് പാടിയേടത്ത്, വിജയൻ ഡാനിയേൽ, ബോബി കുര്യാക്കോസ്, ബിജു ചെറിയാൻ, ഷെറി ഇട്ടൂപ്, ലിബിൻ ബേബി, അജു ഏബ്രഹാം, ബാബു പാറക്കാമണ്ണിൽ, കുസുമം ഡാനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുടുംബത്തിന്റെ ആശംസകൾ കുര്യൻ തോമസ് പങ്കുവച്ചു. പ്രസംഗങ്ങളിൽ എല്ലാം ലില്ലിക്കുട്ടി അമ്മായിയുടെ പ്രാർഥനാപൂർണമായ പിന്തുണയും അചഞ്ചല സമർപ്പണവും അതുല്യമായ അതിഥിസൽക്കാരവും പ്രത്യേകം സ്മരിച്ചു.
അച്ചന്റെ വൈദികജീവിതത്തിൽ കുടുംബത്തിന്റെ ശക്തമായ പിന്തുണ - പ്രത്യേകിച്ച് മകൻ ജോബിയും മകൾ ലേഖയും നൽകിയ സഹകരണം എല്ലാവരും അഭിനന്ദിച്ചു.
എംസിയായി റവ. ഡീക്കൻ അർവിൻ അക്കാട്ടുപതിൽ പരിപാടികൾ നിയന്ത്രിച്ചു.

ഇതിനൊപ്പം, അച്ചന്റെ സഹോദരങ്ങളും സഹോദരിയും പങ്കുവച്ച സ്നേഹപൂർണമായ അനുഭവങ്ങൾ ചടങ്ങിന് കൂടുതൽ ഹൃദയസ്പർശിയായ ഭാവം നൽകി.
തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കായി ദൈവത്തോടും ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും ചട്ടത്തിൽ അച്ചൻ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെയും പാറേക്കുളത്തു യാക്കോബ് മോർ തീമോത്തിയോസ് തിരുമേനിയുടെയും അനുഗ്രഹസ്മരണകൾ അദ്ദേഹം ആദരവോടെ അനുസ്മരിച്ചു.

സഹവൈദികരും വിശ്വാസികളും നാളിതുവരെയും നൽകിയ സ്നേഹത്തിനും സഹകരണത്തിനും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
വരും തലമുറയ്ക്ക് ആത്മീയ പ്രചോദനമാകുന്ന വിധത്തിൽ സംഘടിപ്പിച്ച ഈ സുവർണ്ണ ജൂബിലി ആഘോഷം അമേരിക്കൻ യാക്കോബായ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവമായി മാറി.
Tags : rev geevarghese thomas chattathil priesthood golden jubilee