ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മിലാൻ∙ ലക്ഷക്കണക്കിന് കൊതുകുകൾ അപ്രതീക്ഷിതമായി വിമാനത്തിൽ കയറിയത് മൂലം റയൺഎയർ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. യാത്രക്കാരും ജീവനക്കാരും യാത്രയ്ക്ക് തയാറായെങ്കിലും ഇറ്റലിയിലെ മിലാൻ മാൽപെൻസ (Milan-Malpensa) വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലെ അലികാന്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന FR1423 വിമാനത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ ഈ സംഭവം ഉണ്ടായത്.
ക്യാബിൻ കീഴടക്കി കൊതുകുകൾ; വിമാനത്തിനുള്ളിൽ ലൈറ്റണച്ചു
യാത്രക്കാർ വിമാനത്തിലേക്ക് കയറുന്ന സമയത്ത് തന്നെ വിമാനത്താവള പരിസരത്ത് കനത്ത കൊതുക് ശല്യം പ്രകടമായിരുന്നു. എന്നാൽ വിമാനത്തിന്റെ വാതിലുകൾ അടച്ചതോടെ ആയിരക്കണക്കിന് കൊതുകുകൾ ഉള്ളിൽ കുടുങ്ങുകയും യാത്രക്കാരെ കൂട്ടത്തോടെ കടിക്കാൻ തുടങ്ങുകയുമായിരുന്നു.
എയർഹോസ്റ്റസുമാർ പേപ്പറുകളും ഫ്ലൈ കാച്ചറുകളും ഉപയോഗിച്ച് കൊതുകുകളെ തുരത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊതുകുകളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനത്തിനുള്ളിലെ ലൈറ്റുകൾ പൂർണമായി അണച്ച് അരമണിക്കൂറോളം യാത്രക്കാരെ ഇരുട്ടിലിരുത്തിയെങ്കിലും ഫലമുണ്ടായില്ല.
കടുത്ത അലർജിയും ബഹളവും; ഒടുവിൽ വിമാനം മാറ്റി നൽകി
കൊതുകുകടി സഹിക്കവയ്യാതെ യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് വിമാനം അടിയന്തരമായി ഒഴിപ്പിക്കാൻ പൈലറ്റ് തീരുമാനിച്ചത്. സാഹചര്യം വഷളായതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി മറ്റൊരു വിമാനം ക്രമീകരിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
യാത്ര വൈകിയത് 3 മണിക്കൂർ
അപ്രതീക്ഷിതമായ ഈ കൊതുക് ആക്രമണം കാരണം വിമാനത്തിന്റെ സർവീസ് മൂന്ന് മണിക്കൂറിലധികം വൈകി. ഇതേ ദിവസം തന്നെ മിലാനിൽ നിന്ന് നേപ്പിൾസിലേക്ക് പുറപ്പെടേണ്ടിയിരുന്ന മറ്റൊരു റയൺഎയർ വിമാനവും സമാനമായ കൊതുക് ശല്യം കാരണം വൈകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.