ടി.ഡി. രാമകൃഷ്ണൻ
ന്യൂയോർക്ക്: സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന് സ്വീകരണവും നടനും സാഹിത്യകാരനുമായ പി. ടി. പൗലോസിന്റെ അനുസ്മരണവും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കേരള സെന്ററിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 2010 മുതൽ കേരള സെന്ററിലും സർഗവേദിയിലും സജീവമായി പ്രവർത്തിച്ചിരുന്ന പി. ടി. പൗലോസിന്റെ സാഹിത്യ-കലാ സംഭാവനകൾ ചടങ്ങിൽ അനുസ്മരിക്കും.
കുഡോസ്, വഴിയാധാരം എന്നീ നാടകങ്ങളും ആരൂപിയുടെ സുവിശേഷം എന്ന ചെറുകഥാസമാഹാരവും കാലത്തിന്റെ കൈയൊപ്പ്, കഥയും കാര്യവും എന്നീ ലേഖനസമാഹാരങ്ങളും ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന സംഭവകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.
മലയാള നോവൽ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ടി. ഡി. രാമകൃഷ്ണനെയും ചടങ്ങിൽ ആദരിക്കും. ആൽഫ മുതൽ കോറപ്പാപ്പന് സ്തുതിയായിരിക്കട്ടെ വരെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ അദ്ദേഹം ഏറെക്കാലം റെയിൽവേയിൽ ജോലി ചെയ്തിരുന്നു.
റെയിൽവേയുടെ പശ്ചാത്തലത്തിൽ രചിച്ച പച്ച മഞ്ഞ ചുവപ്പ് ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തപ്പുതാളങ്ങൾ, ഹം തുടങ്ങിയ കൃതികളും ടി. ഡി. രാമകൃഷ്ണന്റെ സാഹിത്യ സംഭാവനകളിൽപ്പെടുന്നു.
പരിപാടിയിലേക്ക് സാഹിത്യ - സാംസ്കാരിക രംഗത്തെ സഹൃദയരായ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു.
വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.
Tags : Sargavedi TDRamakrishnan PTPaulose NRINews