ലണ്ടൻ: സ്കോട്ലൻഡിൽ ഒരു സാധാരണ വീടിന്റെ വിലയ്ക്ക് സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ സുവർണാവസരം. അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട, പ്രകൃതിരമണീയമായ "മുള്ളഗ്രാഹ് ദ്വീപ്' (Mullagrach Island) അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ "സാവിൽസ്' വഴി ലേലത്തിനൊരുങ്ങുന്നു.
ട്രാഫിക് ബ്ലോക്കോ നഗരതിരക്കുകളോ അയൽക്കാരുടെ ശല്യമോ ഇല്ലാതെ, ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കും പ്രവാസികൾക്കും ഈ ലേലം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്.
ഏകദേശം 90 ഏക്കറോളം (36 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദ്വീപിന്റെ അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത് 4,05,000 യൂറോയാണ് (ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ).
യുകെയിലെയും യൂറോപ്പിലെയും പല പ്രധാന നഗരങ്ങളിലെയും ഒരു സാധാരണ വീടിന്റെ വിലയേക്കാൾ കുറവാണ് ഈ പ്രകൃതിദത്ത ദ്വീപിന്റെ വിലയെന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്നുണ്ട്.
ലണ്ടൻ സ്വദേശിയായ ഒരു അഭിഭാഷകനും ഭാര്യയും ചേർന്ന് 2006-ൽ വാങ്ങിയ ഈ ദ്വീപ്, ഇവിടുത്തെ ജൈവവൈവിധ്യം പൂർണമായി സംരക്ഷിച്ച ശേഷമാണ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്.

യുനെസ്കോയുടെ പ്രത്യേക ജിയോപാർക്ക് പദവിയുള്ള വെസ്റ്റർ റോസ് എന്ന പരിസ്ഥിതി സംരക്ഷിത മേഖലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അപൂർവ കടൽ പക്ഷികൾ, സീലുകൾ, ഡോൾഫിനുകൾ എന്നിവയുടെ കേന്ദ്രമായ ഇവിടെനിന്നും നോക്കിയാൽ തിമിംഗലങ്ങളെപ്പോലും കാണാൻ സാധിക്കും.
ദ്വീപിന്റെ നടുവിലായി 2014-ൽ നിർമിച്ച, കാട്ടുചെടികൾ മേഞ്ഞ മേൽക്കൂരയോടുകൂടിയ ആധുനിക മരക്കുടിലാണ് മറ്റൊരു പ്രധാന ആകർഷണം. അടുക്കള, ഡൈനിംഗ് ഏരിയ, രണ്ട് ബെഡ് റൂമുകൾ, വുഡ് സ്റ്റൗ എന്നിവയടങ്ങിയ ഈ കുടിൽ എല്ലാ ഫർണിച്ചറുകളോടും കൂടിയാണ് വിൽക്കുന്നത്.
സോളാർ പാനലുകൾ വഴി ലഭിക്കുന്ന വൈദ്യുതി, അത്യാധുനിക മഴവെള്ള സംഭരണി, കമ്പോസ്റ്റ് ടോയ്ലറ്റ് എന്നിവയോടെ പൂർണമായും സ്വയംപര്യാപ്തമാണ് (Autark) ഈ ആഡംബര കുടിൽ.
സ്കോട്ലൻഡിന്റെ പ്രധാന ഭൂപ്രദേശത്തുനിന്നും ബോട്ടുകളിലോ ഫെറി സർവീസുകളിലോ കയറിയാൽ വെറും 35 മിനിറ്റുകൊണ്ട് ഈ ദ്വീപിലെത്താം. കൂടാതെ ഹെലികോപ്റ്റർ വഴി നേരിട്ട് ദ്വീപിലേക്ക് പറന്നിറങ്ങാനുള്ള സൗകര്യവുമുണ്ട്.
ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന വമ്പൻമാർ ഈ അപൂർവ ലേലത്തിനായി വലിയ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നതെന്ന് സാവിൽസ് അധികൃതർ വ്യക്തമാക്കുന്നു.
Tags : Scotland Mullagrach Island NRI News