അസിയേൽ സകപാല
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിൽ സ്കൂളിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ 15 വയസുകാരനായ ഹൈസ്കൂൾ ഫുട്ബോൾ താരം കുത്തേറ്റുമരിച്ചു. റോസ്മീഡ് ഹൈസ്കൂൾ വിദ്യാർഥിയും സ്കൂൾ ഫുട്ബോൾ ടീം അംഗവുമായ അസിയേൽ സകപാല ആണ് കൊല്ലപ്പെട്ടത്. നാഷനൽ ഫുട്ബോൾ ലീഗിൽ (NFL) കളിക്കുകയെന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് അസിയേലിന്റെ മടക്കം.
എൽ മോണ്ടെയിലെ പൊട്ടേരോ എലിമെന്ററി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. അസിയേൽ ഉൾപ്പെടെ കുത്തേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അസിയേലിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ മറ്റ് രണ്ട് മുതിർന്ന പുരുഷന്മാരുടെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ലോസ് ആഞ്ചൽസ് ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അടുത്തിടെ ജനിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്ന അമ്മയുടെ ഏക പ്രതീക്ഷയായിരുന്നു ഈ പതിനഞ്ചുകാരൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം ഇൻസ്റ്റാകാർട്ട് ഡെലിവറി നടത്തിയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
അസിയേലിന്റെ സംസ്കാര ചടങ്ങുകൾക്കും കുടുംബത്തെ സഹായിക്കാനുമായി ബന്ധുക്കൾ ആരംഭിച്ച 'ഗോഫണ്ട്മി' (GoFundMe) ക്യാംപെയ്നിലൂടെ ഇതിനോടകം 18,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ ആറിന് മിസിസിപ്പിയിൽ കാണാതായ പതിനെട്ടുകാരനായ മറ്റൊരു ഫുട്ബോൾ താരം നോളൻ സേവ്യർ വെൽസിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യുഎസിനെ വീണ്ടും നടുക്കി മറ്റൊരു കൗമാര കായികതാരത്തിന്റെ മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
Tags : Teenage star stabbed to death