സാൽമൺ (ഐഡഹോ) : ഐഡഹോ സംസ്ഥാനത്തുള്ള സാൽമൺ നഗരത്തിൽ കരടികളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് നഗരത്തിലെ സൺസെറ്റ് ഹൈട്സ് മേഖലയിൽ സംഭവം നടന്നതെന്ന് ലെംഹി കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ഇവർക്ക് നേരെ ഒന്നിലധികം കരടികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരുടെ വിവരങ്ങളോ പരുക്കിന്റെ അവസ്ഥയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രദേശത്ത് ഒരു പെൺകരടിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആക്രമണം നടത്തിയത് ഏത് തരത്തിലുള്ള കരടിയാണെന്ന് വ്യക്തമല്ല. കരടികളെ കണ്ടെത്താൻ അധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക തിരച്ചിൽ നടക്കുന്നുണ്ട്.
തിരച്ചിലിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വീടുകളുടെ ചുറ്റുമതിലുകൾക്കകത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടാൻ അധികൃതർ അഭ്യർഥിച്ചു.
Tags : Deepika DeepikaNewspaper BreakingNews Two people were injured bear attack