ക്രിസ്റ്റ പൈക്ക്, ഫ്രാങ്ക് സ്ട്രാഡ
നാഷ്വിൽ: ടെന്നസിയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിൽ സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവച്ചു.
ഉദ്യോഗസ്ഥർ നിയമപരമായ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചിട്ടുണ്ടായിരുന്നെന്നും എന്നാൽ അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി താൻ സ്ഥാനം ഒഴിയുകയാണെന്നും ഫ്രാങ്ക് സ്ട്രാഡ പറഞ്ഞു.
കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിക്ക് മാരകമായ വിഷാംശം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. രണ്ടു തവണ വിഷം കുത്തിവച്ചെങ്കിലും ഇവർ മരിച്ചില്ല.
തടവുകാരി നിലവിൽ വെന്റിലേറ്ററിലാണ്. ഐവി തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
1990ൽ 18 വയസുള്ളപ്പോൾ കൊളീൻ സ്ലെമ്മർ എന്ന പത്തൊന്‍പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണു ക്രിസ്റ്റ പൈക്കിന് വധശിക്ഷ ലഭിച്ചത്.
പെന്റോബാർബിറ്റൽ എന്ന വിഷം രണ്ടു തവണ കുത്തിവച്ച ക്രിസ്റ്റയ്ക്കു ബോധം നഷ്ടപ്പെട്ടെങ്കിലും ഹൃദയമിടിപ്പ് നിലച്ചില്ല. ഇവർ ഉച്ചത്തിൽ കൂർക്കം വലിച്ചതായും വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
ടെന്നസി സംസ്ഥാനത്ത് ഇരുന്നൂറു വർഷത്തിനിടെ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ വനിതയാണു ക്രിസ്റ്റ.
Tags : ChristaPike BotchedExecution Tennessee PrisonsChief Resign