പ്രതീകാത്മക ചിത്രം
ലണ്ടൻ: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ കടുത്ത പോരായ്മയും രോഗീ പരിചരണത്തിൽ വരുത്തിയ തുടർച്ചയായ ഗുരുതര വീഴ്ചകളും ചൂണ്ടിക്കാട്ടി മലയാളി നഴ്സിന് യുകെയിൽ സ്ഥിരമായ തൊഴിൽ വിലക്ക്.
നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) അന്വേഷണ പാനലാണ് അനിമോൾ പുത്തൻപുരയ്ക്കൽ തോമസ് എന്ന നഴ്സിനെ നഴ്സിംഗ് രജിസ്റ്ററിൽ നിന്ന് സ്ഥിരമായി പുറത്താക്കിയത്.
ജീവന് ഭീഷണിയായ വീഴ്ചകൾ
ചെംസ്ഫോർഡിന് സമീപമുള്ള ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ 2021 ഓഗസ്റ്റ് മുതൽ 2022 മേയ് വരെ സൂപ്പർന്യൂമററി നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവങ്ങൾ.
എൻഎംസി റിപ്പോർട്ട് പ്രകാരം:
2022 ഫെബ്രുവരിയിൽ രോഗിയെ വൃത്തിയാക്കുന്നതിനിടെ ഫിറ്റ്സ് ഉണ്ടായിട്ടും അനിമോൾ തിരിച്ചറിയുകയോ അടിയന്തിര അലാറം മുഴക്കുകയോ ചെയ്തില്ല.
2022 ഏപ്രിൽ 26-ന് ഒരൊറ്റ ദിവസം ഒന്നിലധികം ഗുരുതര സംഭവങ്ങൾ: രോഗിയുടെ വായിലേക്ക് ഗുളികകൾ ബലമായി തള്ളിക്കയറ്റി വെള്ളം ഒഴിച്ചുനൽകി. മറ്റൊരു രോഗിക്ക് നൽകേണ്ട ഇൻസുലിന്റെ അളവ് തെറ്റായി തയ്യാറാക്കി.
ഇത്തരം അബദ്ധങ്ങൾ രോഗികൾക്ക് നേരിട്ട് ശാരീരിക ദോഷങ്ങൾ വരുത്തിയതായി പാനൽ കണ്ടെത്തി.
വില്ലനായത് ഭാഷാ പ്രശ്നം
അടിസ്ഥാന നഴ്സിംഗ് പരിചരണത്തിലെ പോരായ്മകൾക്ക് ആക്കം കൂട്ടിയത് ഇംഗ്ലീഷ് ഭാഷ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതാണെന്ന് പാനൽ വിലയിരുത്തി. ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്സന്റ് മനസ്സിലാക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അനിമോൾ മുൻപ് രേഖാമൂലം സമ്മതിച്ചിരുന്നു.
2014 മുതൽ ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തിൽ സംസാരിക്കാനും മനസ്സിലാക്കാനും കഴിയാത്ത ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കാൻ യുകെ റെഗുലേറ്റർമാർക്ക് അധികാരമുണ്ട്.
2023 മാർച്ചിന് ശേഷം അനിമോൾ അച്ചടക്ക നടപടികളോട് സഹകരിക്കുകയോ NMC-യോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. 2022 മെയ് മാസത്തിന് ശേഷം ഇവർ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി.
ഒഇടി, ഐഇഎൽടിഎസ് തുടങ്ങിയ പരീക്ഷകൾ പാസായി എത്തുന്നവർക്ക് പോലും റീജിയണൽ ആക്സന്റുകൾ വെല്ലുവിളിയാകാറുണ്ട്.
എങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന വീഴ്ചകൾക്ക് യുകെ വിട്ടുവീഴ്ച ചെയ്യില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നടപടി.
Tags : Malayali Nurse Poor English Skills Clinical Failures