ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ 50 നോമ്പിന് തുടക്കം കുറിച്ച്കൊണ്ട് വിഭൂതി തിരുനാൾ ആചരിച്ചു. രാത്രി ഏഴിന് ആരംഭിച്ച തിരുക്കർമങ്ങൾക്ക് വികാരി റവ.ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എംഎസ്ടി സഹകാർമികനായിരുന്നു.
ലത്തീൻ ആരാധന രീതിയനുസരിച്ച് ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ച് തിങ്കളാഴ്ചയാണ് വിഭൂതിത്തിരുനാൾ ആചരിക്കുന്നതും നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയാറാക്കുന്നത്.
നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, "മനുഷ്യൻ വെറും പൊടിയാണെന്നും പൊടിയിലേക്കു' തന്നെ മടങ്ങുമെന്നുമുള്ള ഓർമപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദേശിക്കുന്നത്.

ഉയിർപ്പു തിരുനാളിലാണ് നോമ്പ് അവസാനിക്കുന്നത്. ബ്രോങ്ക്സ് ഇടവകയിൽ, നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളും വിശുദ്ധ കുർബാനയോടനുബന്ധിച്ച് കുരിശിന്റെ വഴിയും ഉണ്ടാകും.
ഉയർപ്പുതിരുന്നാളിനുള്ള ആത്മീയ ഒരുക്കത്തിനായി മാർച്ച് 27, 28, 29 ദിവസങ്ങളിൽ പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. റോയ് ജോസഫ് കടുപ്പിൽ നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിലുള്ള അവസരവും ഉണ്ടായിരിക്കും.

മാർച്ച് 29നാണ് ഓശാന ഞായർ. രാവിലെ ഒമ്പതിന് കുരുത്തോല വിതരണത്തോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഏപ്രിൽ രണ്ടിന് വൈകുന്നേരം ആറിന് പെസഹാ ആചരിക്കും. ഏപ്രിൽ മൂന്നിന് ദുഃഖവെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശുശ്രൂഷകൾ തുടങ്ങും. ഏപ്രിൽ നാലിന് രാവിലെ ഒമ്പതിന് ആദ്യ ശനി ആചരിക്കും.
വീടുകളിലേക്ക് പുതിയ വെള്ളവും വെളിച്ചവും തിരുക്കർമങ്ങൾക്കു ശേഷം വിതരണം ചെയ്യും. ശനിയാഴ്ച രാത്രി ഏഴിന് ഉയർപ്പുതിരുനാളിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും. ഏപ്രിൽ അഞ്ചിന് രാവിലെ 10 ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
.jpeg1771579419.jpg)
നോമ്പ് കാലത്തെ തിരുക്കർമങ്ങളിൽ സംബന്ധിച്ച് ഉയർപ്പുതിരുനാളിന് വേണ്ടി ആത്മീയമായി ഒരുങ്ങുവാൻ എല്ലാ വിശ്വാസികളെയും വികാരി റവ. ഫാ. കുര്യാക്കോസ് വടാന ബ്രോങ്ക്സ് ദേവാലയത്തിലേക്ക് ക്ഷണിച്ചു.
Tags : St. Thomas Church Bronx vibhuti thirunal USA