പ്രതീകാത്മക ചിത്രം
മാറുന്ന സാമൂഹിക സാഹചര്യത്തിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അധ്യാപകർ വിദ്യാർഥികളെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പകരം ജാഗ്രതയും പ്രൊഫഷണൽ സമീപനവുമാണ് ഇന്നത്തെ കാലത്ത് അധ്യാപകർക്ക് അനിവാര്യമായിരിക്കുന്നത്.
അക്രമ സംഭവങ്ങളോ അച്ചടക്കലംഘനങ്ങളോ വാർത്തകളിൽ നിറയുമ്പോൾ അധ്യാപകർക്കിടയിൽ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും കേരളത്തിലെ ഭൂരിഭാഗം വിദ്യാർഥികളും ഇന്നും അധ്യാപകരെ ബഹുമാനിക്കുന്നവരാണ്. ചില സംഭവങ്ങളുടെ പേരിൽ എല്ലാ വിദ്യാർഥികളെയും സംശയത്തോടെയോ ഭയത്തോടെയോ കാണുരുത്. ഭയത്തോടെ ക്ലാസ് മുറിയിലേക്ക് കയറുന്ന അധ്യാപകർക്ക് മികച്ച രീതിയിൽ അധ്യാപനം നടത്താൻ കഴിയില്ല.
സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ ലോകത്തിന്റെയും സ്വാധീനത്തിലാണ് ഇന്നത്തെ തലമുറ വളരുന്നത്. ലഹരിയുടെ ഉപയോഗം, കുടുംബപ്രശ്നങ്ങൾ, മൊബൈൽ ഫോൺ അമിതോപയോഗം എന്നിവ കുട്ടികളുടെ മാനസിക സമ്മർദത്തിനും പെട്ടെന്നുള്ള പ്രകോപനങ്ങൾക്കും കാരണമാകുന്നുണ്ട്. പഴയകാലത്തെപ്പോലെ ഭയപ്പെടുത്തി കുട്ടികളെ വരുതിയിലാക്കുന്ന രീതി ഇന്നത്തെ തലമുറയിൽ ഫലിക്കില്ലെന്നും അത് പലപ്പോഴും വിപരീത ഫലമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ അധ്യാപകർ കൃത്യമായ പ്രൊഫഷണൽ അതിർവരമ്പുകൾ പാലിച്ചുകൊണ്ട് കുട്ടികളോട് സൗഹൃദപരമായി ഇടപഴകണം. മറ്റുള്ളവരുടെ മുന്നിൽ വച്ച് കുട്ടികളെ അപമാനിക്കുന്നതും ശകാരിക്കുന്നതും ഒഴിവാക്കി, തിരുത്തലുകൾ ആവശ്യമുള്ളപ്പോൾ സ്വകാര്യമായി സംസാരിക്കുന്നതാണ് കൂടുതൽ ഫലപ്രദം. അസാധാരണമായ പെരുമാറ്റമോ ലഹരി ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ ഒറ്റയ്ക്ക് ഇടപെടുന്നതിന് പകരം സ്കൂൾ കൗൺസിലർമാർ, പിടിഎ, രക്ഷിതാക്കൾ എന്നിവരുടെ സഹായം തേടണം. കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അവരെ കേൾക്കാൻ തയാറാകുന്ന അധ്യാപകരെ വിദ്യാർഥികൾ എന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കരുതലോടെയുള്ള സമീപനമാണ് മാറുന്ന കാലഘട്ടത്തിൽ ആവശ്യം.