സംഭവം നടന്ന സ്കൂൾ
പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കണ്ടറി സ്കൂളിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലിസ്. കേസിലെ ആരോപണവിധേയനായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി.
അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ പരതൂർ സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ കർശന നടപടിയുണ്ടാകും.
വിദ്യാർഥിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത് ഉത്തരേന്ത്യൻ നിർമിതമായ, പ്രവർത്തനക്ഷമമായ 0.22 റിവോൾവറാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനുള്ളിലുണ്ടായിരുന്ന തിരകൾ (ബുള്ളറ്റ്) പഞ്ചാബിൽ നിർമിച്ചതാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാത്ത ഈ നാടൻ തോക്ക് കുട്ടിയുടെ മുത്തച്ഛന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, അലമാരയിലിരുന്ന തോക്ക് എങ്ങനെയാണ് വിദ്യാർഥിയുടെ കൈവശം എത്തിയതെന്ന കാര്യത്തിൽ പോലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അതേസമയം, വെടിയേറ്റ് പരിക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി ഒരു ദിവസം കൂടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്ത വെടിയുണ്ട തുടർപരിശോധനകൾക്കായി തൃത്താല പോലിസ് ഇന്ന് ആശുപത്രിയിൽ നിന്നും ശേഖരിക്കും.