19-ാം സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്സിലേക്ക്. അവസാന റൗണ്ട് പോരാട്ടം ഇന്നലെ ആരംഭിച്ചു. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പാക്കി. ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന് റോയല്‍സ് പോരാട്ടത്തിന്റെ ഫലം അനുസരിച്ചാണ് പ്ലേ ഓഫ് ക്ലൈമാക്സ്.
രാജസ്ഥാന് x മുംബൈ
രാജസ്ഥാന് റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെ ഒരുപക്ഷേ, പ്ലേ ഓഫ് ഒഴിവു നികത്തപ്പെടും. മുംബൈ ഇന്ത്യന്‍സിന് എതിരേ ജയിച്ചാല്‍ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫില്‍ കടക്കുമെന്നതിനാലാണിത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന് റോയല്‍സിന് 14 പോയിന്റുണ്ട്. മുംബൈ ഇന്ത്യന്‍സ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. മുംബൈയെ കീഴടക്കിയാല്‍ രാജസ്ഥാന് റോയല്‍സ് 16 പോയിന്റില്‍ എത്തും; പ്ലേ ഓഫും സ്വന്തമാക്കും. രാജസ്ഥാന് റോയല്‍സ് ജയിച്ചാല്‍, പിന്നീട് മറ്റൊരു ടീമിനും രാജസ്ഥാനെ മറികടക്കാന്‍ സാധിക്കില്ല.
രാജസ്ഥാന് തോറ്റാല്‍
മുംബൈ ഇന്ത്യന്‍സിനോട് രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടാല്‍ മാത്രമേ മറ്റു ടീമുകളുടെ പ്ലേ ഓഫ് സ്വപ്നം സഫലമാകൂ. ഒരു മത്സരം ബാക്കിയുള്ള പഞ്ചാബ് കിംഗ്സിനും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 13 പോയിന്റ് വീതമുണ്ട്. രാജസ്ഥാന് പരാജയപ്പെട്ടാല്‍ കോല്‍ക്കത്ത x ഡല്‍ഹി പോരാട്ടത്തിന്റെ പ്രാധാന്യം വര്‍ധിക്കും. അവസാന മത്സരത്തില്‍ പഞ്ചാബും ജയിച്ചാല്‍, നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനമാക്കിയേ പ്ലേ ഓഫിലെ അവസാന ടിക്കറ്റ് ആര്‍ക്കെന്നു നിശ്ചയിക്കപ്പെടൂ.
Tags : IPL T20 Cricket