“തള്ളേ പിള്ളേ... കലിപ്പ് തീരണില്ലകെട്ടാ”... എന്ന രാജമാണിക്യം സ്റ്റൈലിലാണോ തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണ്..? ഇങ്ങനൊരു സംശയത്തിന്റെ കാരണം ഒന്നു മാത്രം. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കാണുന്നതോടെ സഞ്ജു കലിപ്പ് മോഡിലേക്കു മാറും. 2026 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ കളിച്ച രണ്ട് മത്സരങ്ങളിലായി 202 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.
ചെന്നൈയില്‍വച്ചു നടന്ന ആദ്യ ഏറ്റുമുട്ടലില്‍ 56 പന്തില്‍ നാല് സിക്സും 15 ഫോറും അടക്കം സഞ്ജു പുറത്താകാതെ നേടിയത് 115 റണ്‍സ്. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍വച്ചു നടന്ന രണ്ടാം അങ്കത്തില്‍ 52 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും അടക്കം പുറത്താകാതെ നേടിയത് 87 റണ്‍സ്. 19-ാം സീസണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് സഞ്ജുവിനു കട്ടക്കലിപ്പാണെന്നതിന് ഇതില്‍ക്കൂടുതല്‍ എന്തുവേണം.
സെഞ്ചുറിക്കായി ശ്രമിക്കാതെ ടീമിനായി കളിക്കുകയായിരുന്നു എന്നാണ് 87 നോട്ടൗട്ടിനുശേഷം സഞ്ജു പ്രതികരിച്ചത്. ഡല്‍ഹിക്ക് എതിരായ രണ്ട് മത്സരത്തിലും സഞ്ജു പുറത്തായില്ല എന്നതും ശ്രദ്ധേയം. ഈ രണ്ട് മത്സരത്തിലും ചെന്നൈ ജയിച്ചപ്പോള്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്.
ഒരു ഐപിഎല്‍ എഡിഷന്റെ ലീഗ് റൗണ്ടില്‍ ഏതെങ്കിലും ഒരു ടീമിന് എതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്നതില്‍ വിരാട് കോഹ്ലി (2016ല്‍ ഗുജറാത്ത് ലയണ്‍സിന് എതിരേ 209), കെ.എല്‍. രാഹുല്‍ (2022ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 206) എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തും സഞ്ജു (202) എത്തി. ഈ കണക്കില്‍ 200 കടക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് സഞ്ജു.
2025ലും ഡല്‍ഹിയെ തല്ലി
2026 സീസണില്‍ മാത്രമല്ല, 2025 സീസണിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ സഞ്ജു സാംസണ് മിന്നും ബാറ്റിംഗാണ് കാഴ്ചവച്ചത്. 2025ല്‍ സഞ്ജു രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗ്സ് ശ്രദ്ധേയമായിരുന്നു. 19 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 31 റണ്‍സ് എടുത്ത സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് ക്രീസ് വിട്ടത്. 2025 സീസണിലെ രണ്ടാം മത്സരത്തില്‍ 46 പന്തില്‍ ആറ് സിക്സും എട്ട് ഫോറും അടക്കം 86 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി.
സഞ്ജു Vs ഡിസി
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ ഐപിഎല്ലില്‍ സഞ്ജുവിന്റെ ട്രാക്ക് റിക്കാര്‍ഡ് മികച്ചതാണ്. 2013 മുതല്‍ 2026വരെയായി സഞ്ജു 21 മത്സരങ്ങള്‍ ഡല്‍ഹിക്ക് എതിരേ കളിച്ചു. അതിലെ 19 ഇന്നിംഗ്സില്‍നിന്ന് 44.28 ശരാശരിയില്‍ 620 റണ്‍സ് സ്വന്തമാക്കി. ഇത്തവണ നേടിയ 115 നോട്ടൗട്ടാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഡിസിക്ക് എതിരേ സഞ്ജു നേടി. സ്ട്രൈക്ക് റേറ്റ് 156.17. അഞ്ച് തവണ നോട്ടൗട്ടായി. 57 ഫോറും 32 സിക്സും ഡല്‍ഹിക്ക് എതിരേ സഞ്ജുവിന്റെ ബാറ്റില്‍നിന്നു പിറന്നു.
Tags : opponents Delhi Capitals Sanju Samson batting guaranteed