മൊണാക്കോ: ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നാണക്കേടിന്റെ റിക്കാര്‍ഡ്. ലോക കായിക ഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ഇന്നലെ വെളിപ്പെടുത്തി.
ഇന്ത്യന്‍ അത്ലറ്റിക്സ് ഭാവിയുടെമേല്‍ ആശങ്കയുടെ കരിനിഴല്‍ പരത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. കായിക മേഖല ഉത്തേജക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) 2017ല്‍ രൂപീകൃതമായത്. ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്ത് ഉടനടി മാറ്റംവരണമെന്നും ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ തോത് ഉയര്‍ന്ന നിലവാരത്തിലാണെന്നും എഐയു തലവന്‍ ഡേവിഡ് ഹൗമാന്‍ പറഞ്ഞു.
◄ഇന്ത്യ കാറ്റഗറി എ
2022 മുതല്‍ 2025വരെയുള്ള ഉത്തേജക മരുന്ന് പരിശോധനകളുടെയും ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയെ (എഎഫ്ഐ) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തി. നേരത്തേ ഇന്ത്യ കാറ്റഗറി ബിയില്‍ ആയിരുന്നു. റഷ്യ, ബെലാറുസ്, എത്യോപ്യ, കെനിയ, നൈജീരിയ, യുക്രെയ്ന് എന്നിവയാണ് കാറ്റഗറി എയില്‍ ഉള്ള മറ്റ് രാജ്യങ്ങള്‍.
2022ല്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ 48 ഉത്തേജക മരുന്ന് ഉപയോഗങ്ങള്‍ പിടിക്കപ്പെട്ടു. 2023ല്‍ എത്തിയപ്പോള്‍ അത് 63 എണ്ണമായി വര്‍ധിച്ചു. 2024ല്‍ 71 ആയി. 2025 സീസണിലെ പരിശീധനകളുടെ പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല. എങ്കിലും 2025ല്‍ ഇതിനോടകം മലയാളി അടക്കം 30 പിടിക്കപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറ്റഗറി എയില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ അത്ലറ്റുകള് കൂടുതല്‍ കര്‍ശനമായ ആന്റി ഡോപ്പിംഗ് പരിശോധനകള്‍ക്കു വിധേയമാകേണ്ടതുണ്ട്. ഇന്ത്യയില്‍ ഉത്തേകര മരുന്ന് ഉപയോഗം കൂടുന്നുണ്ടെന്നു വെളിപ്പെട്ടശേഷം, എഎഫ്ഐ നടത്തിയ ആന്റി ഡോപ്പിംഗ് നീക്കങ്ങള്‍ ഫലം കണ്ടില്ലെന്നതാണ് കാറ്റഗറി എയിലേക്കുള്ള പതനം.
◄2030 കോമണ്‍വെല്‍ത്ത്
2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അഹമ്മദാബാദിനെയാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് ഇവന്റാണ് 2030ല്‍ അരങ്ങേറുക. ഉത്തേജക മരുന്ന് ഉപയോഗത്തില്‍ ഇന്ത്യന്‍ കായിക രംഗം നടത്തുന്ന കുതിപ്പ് റഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ട്. 2030 ആകുമ്പോഴേക്കും അതിന്റെ പാരമ്യത്തിലായേക്കും ഇന്ത്യ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ കായികരംഗം ഉത്തേജകത്തിന്റെ പിടിവിടണം. അതിന് ആദ്യം മുന്നോട്ടുവരേണ്ടത് പരിശീലകരാണ്.
◄നാഡ നോക്കുകുത്തി?
ഇന്ത്യയില്‍ ഉത്തേജക മരുന്ന് ഉപയോഗം പ്രതിരോധിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതാണ് നാഡ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി). നാഡയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നതാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.
വടക്കേ ഇന്ത്യയില്‍ കായിക താരങ്ങളെ ഉത്തേജകം ഉപയോഗിക്കാന്‍ കോച്ചുമാര്തന്നെ പ്രോത്സാഹിപ്പിക്കുന്നതായുള്ള ആക്ഷേപം കേരളത്തില്‍നിന്ന് നേരത്തേതന്നെ ഉയര്‍ന്നിട്ടുണ്ട്. അത്തരം കോച്ചുമാരുടെ ശിക്ഷണത്തിലേക്കെത്തുന്ന മലയാളി താരങ്ങളും ഉത്തേജകത്തിലേക്കു തള്ളിവിടപ്പെടുന്നുണ്ടെന്നതും വാസ്തവം.
നേരത്തേ കാറ്റഗറി എയില്‍ ആയിരുന്ന ബെഹ്റിന്‍ അത്ലറ്റിക്സ് അസോസിയേഷന് പുതിയ പട്ടികയില്‍ കാറ്റഗറി ബിയിലേക്ക് ഇറങ്ങിയെന്നതും ശ്രദ്ധേയം. അതായത്, ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സികള്‍ പിടിമുറുക്കുകയും പരിശീലകരും താരങ്ങളും നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ അത്ലറ്റിക്സിനും മരുന്നടിയിൽനിന്നു കരകയറാം.

ഉത്തേജക മരുന്ന് ഉപയോഗത്തിന് എതിരേ ശരിയായിട്ടുള്ള ബോധവത്കരണം ഇന്ത്യയില്‍ ഇല്ലെന്നതാണ് പ്രശ്നം. കേരളത്തിലാണെങ്കില്‍ കായികതാരങ്ങള്‍ക്ക് ആവശ്യത്തിനു പോഷകാഹാരമോ മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ല. ഇതും കാരണമാകുന്നുണ്ട്.
ഉത്തേജക മരുന്നു പരിശോധന കുറ്റമറ്റ രീതിയില്‍ നടക്കുന്നില്ല. നല്ല പരിശോധനാ സംവിധാനങ്ങള്‍ നിലവില്‍ ഇല്ല. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കത്തെ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ വെളിപ്പെടുത്തല്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.
കെ.പി. സതീശ്കുമാര്‍ ജംപ്സ് അക്കാദമി കോച്ച്, പാലാ
Tags : Athletics Integrity Unit report India ranks second doping use