ചെന്നൈ: ഫോമില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾക്കും വിമർശനങ്ങൾക്കും ചെപ്പോക്കിൽ സെഞ്ചുറിയുമായി മറുപടി നൽകി സഞ്ജു സാംസണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു 56 പന്തിൽ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തിൽ ചെന്നൈ ഡൽഹിക്കെതിരേ സീസണിലെ ആദ്യ ജയം നേടി.
“വളരെയധികം ഫോമിലായിരിക്കുന്പോഴും രാജ്യത്തിനായി മത്സരങ്ങൾ ജയിപ്പിച്ചു കൊടുത്തിട്ടുള്ളപ്പോഴും പോലും, തുടർച്ചയായ ചില പരാജയങ്ങൾ മനസിൽ വലിയ സംശയങ്ങൾ ഉണ്ടാക്കും. തുടക്കത്തിൽ തന്നെ കൂടുതൽ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാൻ മാറ്റണമോ എന്നിങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ അടിസ്ഥാന ശൈലിയിൽ വിശ്വസിക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായി ഫലിച്ചു.’’ തന്റെ ഇന്നിംഗ്സിന് ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവേ സഞ്ജു പറഞ്ഞു.
സഞ്ജുവിന് ചരിത്ര നേട്ടം
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 115 റണ്‍സ് അടിച്ചെടുത്ത സഞ്ജു പുതിയൊരു റിക്കാർഡ് പേരിൽ കുറിച്ചു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത് താരമാണ് സഞ്ജു. നേരത്തേ കെ.എൽ. രാഹുൽ (പഞ്ചാബ് കിംഗ്സ്, ലക്നോ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കായി) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡൽഹി ഡയർഡവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് പിന്നാലെയാണ് ചെന്നൈക്കായും സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിലും സഞ്ജു ഇടംപിടിച്ചു.
Tags : Bad ads caused pain Sanju