ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടന്നു. കെ.എൽ. രാഹുലിന്റെയും അഭിഷേക് പോറലിന്റെയും അർധ സെഞ്ചുറികളുടെയും നായകൻ അക്സർ പട്ടേലിന്റെയും അശുതോഷ് ശർമയുടെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഡൽഹി വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത രാഹുലാണ് ഡൽഹിയുടെ ടോപ്സ്കോറർ. അഭിഷേക് പോറൽ 51 റൺസും അക്സർ 34 റൺസും അശുതോഷ് 18 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദസുൺ ശനക ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ഡൽഹിക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഡൽഹി.
Tags : ipl 2026 delhi capitals beats rajasthan royals