സര്‍വലോകങ്ങളും നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം? ബൈബിളിലെ ഏറെ മുഴക്കമുള്ള ഈ ചോദ്യത്തിന്റെ പ്രകമ്പനം ജോര്‍ജ് വിയ, ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, അബെദി പെലെ, റയാന് ഗിഗ്സ് തുടങ്ങിയ ഇതിഹാസങ്ങളുടെ ജീവിതത്തിലും മുഴങ്ങിക്കേള്‍ക്കാം. ഫുട്ബോള്‍ മാന്ത്രികരെന്ന് ലോകം വാഴ്ത്തിയിട്ടും ഒരു ലോകകപ്പിനു പോലും ബൂട്ട് കെട്ടാന്‍ ഈ ഇതിഹാസങ്ങള്‍ക്ക് സാധിച്ചില്ല.
◄ ജോര്‍ജ് വിയ
ആഫ്രിക്കയില്‍നിന്നുള്ള എക്കാലത്തെയും മികച്ച താരമാണ് ജോര്‍ജ് വിയ. ഫിഫ ലോക ഫുട്ബോളര്, ബലോണ്‍ ദോര്‍ പുരസ്കാരങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കിയ ഏക ആഫ്രിക്കന്‍ താരം. 1995ലാണ് വിയ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരവും നേടി. മൊണാക്കോ, പിഎസ്ജി, എസി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. അസാധാരണമായ വേഗവും കരുത്തും ഡ്രിബ്ലിംഗ് മികവുമാണ് വിയയെ വേറിട്ടു നിര്‍ത്തുന്നത്.
എന്നാല്‍, ലൈബീരയക്കാരനായ വിയയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ ഈ മൊണ്റോവിയക്കാരന് തന്നാലാവതു മുഴുവന്‍ ചെയ്തു.
ഒരുവേള ദേശീയ ടീമിന്റെ പരിശീലനങ്ങളും മത്സരങ്ങളും യാത്രകളുമടക്കം എല്ലാ ചെലവുകളും അദ്ദേഹംതന്നെയാണുവഹിച്ചത്. തന്റെ രാജ്യത്തെ ലോകകപ്പിലെത്തിക്കാനുള്ള കഠിനശ്രമം വിയ നടത്തിയെങ്കിലും 2002 ലോകകപ്പ് യോഗ്യതയ്ക്ക് ഒരു പോയന്റ് മാത്രം അകലെ കാലിടറി വീണു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനെതിരേ അമേരിക്കയുടെ ആദ്യഗോള്‍ വിയയുടെ ഹൃദയഭാരം അലിയിക്കുന്നതായിരുന്നു. മകന് തിമോത്തിയുടെ കാലില്‍നിന്നായിരുന്നു അമേരിക്കയുടെ ഗോള്‍. ചരിത്രം, അത് എപ്പോഴെങ്കിലും പ്രായശ്ചിത്തം ചെയ്യില്ലേ...
◄ അബേദി പെലെ
ഫുട്ബോളിന്റെ എക്കാലത്തെയും ഇതിഹാസം പെലെയുടെ വിളിപ്പേരുകാരനായിട്ടും അബേദി അയേവിന് ലോകകപ്പില്‍ കളിക്കാനായില്ല. ഘാനയുടെ ക്യാപ്റ്റനായിരുന്ന ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗോളിലേക്ക് ചാട്ടുളിപോലെ പാഞ്ഞുകയറുന്നതുകൊണ്ട് ലഭിച്ച വിളിപ്പേരായിരുന്നു പെലെ. മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1982ല്‍ ഘാനയ്ക്ക് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടികൊടുക്കുകയും ചെയ്തു.
ഫ്രഞ്ച് ക്ലബ്ബായ മാഴ്സെ 1993ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടതും ഈ ആഫ്രിക്കക്കാരന്റെ കാല് കരുത്തിലായിരുന്നു. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റിക്കാര്‍ഡും അബേദി പെലെയുടെ പേരിലാണ്. ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ വോട്ടിംഗില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ആഫ്രിക്കന്‍ താരം കൂടിയാണ്. എന്നാല്‍, അബേദിയുടെ കളിക്കാലത്ത് ഘാന ലോകകപ്പിന് യോഗ്യത നേടാനാവാതെപോയത് ലോക ഫുട്ബോളിന്റെ നഷ്ടമായി.
Tags : Legends World Cup Football George Via Abedi Pele