ലിവർപൂൾ: സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ലിവർപൂൾ എഫ്സി മുഖ്യ പരിശീലകൻ ആർനെ സ്ലോട്ടിനെ ക്ലബ് പുറത്താക്കി. 2025-26 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാമ്പ്യൻസ് ലീഗ് യോഗ്യത കഷ്ടപ്പെട്ട് നേടിയതും ക്ലബ് മാനേജ്മെൻറിനെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.
ആർനെ സ്ലോട്ട് ഉടനടി സ്ഥാനമൊഴിയുമെന്നും പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലിവർപൂളിന്റെ ഇരുപതാം ലീഗ് കിരീടം സ്വന്തമാക്കിയ കോച്ചെന്ന ഖ്യാതിയുമായാണ് സ്ലോട്ട് ആൻഫീൽഡ് വിടുന്നത്.
എന്നാൽ, ടീമിനെ മുന്നോട്ട് നയിക്കാൻ മാറ്റം അനിവാര്യമാണെന്ന് ലിവർപൂൾ ഉടമകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി."ഇതൊരു കഠിനമായ തീരുമാനമാണ്. എന്നാൽ ക്ലബിൻ്റെ വളർച്ചയ്ക്ക് ഈ മാറ്റം അനിവാര്യമാണ്. ആർനെ സ്ലോട്ടിന്റെ സേവനങ്ങളെ ഞങ്ങൾ വിലമതിക്കുന്നു. ലിവർപൂളിൻ്റെ ഇരുപതാം ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ക്ലബ് ചരിത്രത്തിന്റെ ഭാഗമായിരിക്കും," ഉടമകൾ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ സീസണിലെ പ്രകടനത്തിന് ശേഷം ടീമിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ മാറ്റം. സ്ലോട്ടിന്റെ പരിശീലന മികവിനെയും നേതൃപാടവത്തെയും ക്ലബ് അഭിനന്ദിക്കുമ്പോഴും, ടീമിൻ്റെ നിലവിലെ പോക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് മാനേജ്മെന്റ് വിലയിരുത്തുന്നു.
ഡിയോഗോ ജോട്ടയുടെ വേർപാടിനെത്തുടർന്ന് ക്ലബ് കടുത്ത പ്രതിസന്ധിയിലായപ്പോൾ ആർനെ സ്ലോട്ട് കാണിച്ച മാനുഷിക സമീപനം ക്ലബ് എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ക്ലബ് അറിയിച്ചു.
Tags : liverpool fc sacks Manager Arne Slot english premier league