ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍) ഫുട്ബോളിന്റെ 2026-27 സീസണിന് ഇന്നു കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സി, സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കവെന്‍ട്രി സിറ്റി എഫ്സിയെ നേരിടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (നാളെ പുലര്‍ച്ചെ 12.30) ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു പിന്നാലെ 2026 എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ട്രോഫിയും നേടിയാണ് ആഴ്സണല്‍ എഫ്സിയുടെ വരവ്.
ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് 75 മില്യണ്‍ യൂറോയ്ക്ക് (839 കോടി രൂപ) എത്തിച്ച ബ്രൂണോ ഗിമാറാഷ് ആണ് ആഴ്സണലിന്റെ ഇത്തവണത്തെ സുപ്രധാന പുതുമുഖം. ഗ്രീക്ക് ലെഫ്റ്റ് വിംഗര്‍ ക്രിസ്റ്റോസ് ത്സോലിസ്, ഇക്വഡോറിയന്‍ ലെഫ്റ്റ് ബാക്ക് പിയേറോ ഹിന്‍കാപി എന്നിവരും ഇത്തവണ ആഴ്സണലിന്റെ ശ്രദ്ധേയ സൈനിംഗുകളാണ്.
റിക്കാര്‍ഡ് മാനേജര്‍മാര്‍
2026-27 സീസണില്‍ ഒമ്പത് പുതിയ മാനേജര്‍മാര്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും കൂടുതല്‍ പുതിയ മാനേജര്‍മാരുള്ള സീസണ് എന്ന റിക്കാര്‍ഡും ഇതോടെ കുറിക്കപ്പെട്ടു. 2016-17 സീസണില്‍ എട്ട് പുതിയ മാനേജര്‍മാര്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിനും അര്‍നെ സ്ലോട്ടിനെ ലിവര്‍പൂള്‍ പുറത്താക്കിയതിനും ശേഷമുള്ള ആദ്യ സീസണിന്റെ കിക്കോഫാണ് നടക്കുക. എന്‍സോ മരെസ്കയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ്പിന്റെ പിന്മുറക്കാരന്. പെപ്പിന്റെ ചെറിയ ഛായയുണ്ട് മരെസ്കയ്ക്കെന്നതും രസകരം. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍നിന്നു പുറത്താക്കപ്പെട്ട സാബി അലോണ്‍സോ ചെല്‍സിയുടെ മാനേജര്‍ സ്ഥാനത്ത് എത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ മാനേജര്‍മാരില്‍ നിലവില്‍ ഏറ്റവും സീനിയര്‍ (ഏഴ് വര്‍ഷം) ആഴ്സണല്‍ എഫ്സിയുടെ മൈക്കല്‍ ആര്‍ടെറ്റ. 2019 ഡിസംബറിലാണ് ആര്‍ടെറ്റ ആഴ്സണലിന്റെ മുഖ്യപരിശീലകനാകുന്നത്. ആസ്റ്റണ്‍ വില്ലയുടെ ഉനായ് എമറി (2022 നവംബര്‍ മുതല്‍), ലീഡ്സ് യുണൈറ്റഡിന്റെ ഡാനിയല്‍ ഫാര്‍ക്കെ (2023 ജൂലൈ മുതല്‍) എന്നിവരാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
നവാഗതര്‍
20 ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന ലീഗില്‍, കഴിഞ്ഞ സീസണിലെ അവസാന മൂന്നു സ്ഥാനക്കാരായ വെസ്റ്റ് ഹാം യുണൈറ്റഡ്, ബേണ്‍ലി, വൂള്‍വ്സ് ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു. ഈ ടീമുകള്‍ക്കു പകരമായി 2026-27 സീസണിലേക്കു മൂന്നു ക്ലബ്ബുകള്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തി. കവെന്‍ട്രി സിറ്റി, ഇപ്സ്വിച്ച് ടൗണ്‍, ഹള്‍ സിറ്റി എന്നിവയാണവ. ഇതില്‍ കവെന്‍ട്രി സിറ്റിയെ പരിശീലിപ്പിക്കുന്നത് ഇംഗ്ലീഷ് മുന്‍താരംകൂടിയായ ഫ്രാങ്ക് ലംപാര്ഡാണെന്നതും ശ്രദ്ധേയം. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുടെ മുന്‍ കളിക്കാരനായിരുന്ന ലംപാര്‍ഡ്, മാനേജരായി പ്രീമിയര്‍ ലീഗില്‍ എത്തുന്നത് മൂന്നാം തവണ. ചെല്‍സി (2019-21), എവര്ട്ടണ് (2022-23) ടീമുകളെയും ലംപാര്‍ഡ് മുമ്പ് പരിശീലിപ്പിച്ചിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Premier Kickoff