കാര്യവട്ടം: ക്രിക്കറ്റ് പ്രേമികള്‍ക്കു നിഖില്‍ തോട്ടത്തില്‍ അര്‍ധസെഞ്ചുറി സമ്മാനിച്ച പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് കേരള ക്രിക്കറ്റ് ലീഗ് സീസണ് മൂന്നിലെ ആദ്യ ജയം. ഉദ്ഘാടന മത്സരത്തില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് തൃശൂര്‍ തങ്ങളുടെ കരുത്ത് തെളിയിച്ചത്. സ്കോര്‍: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 20 ഓവറില്‍ എട്ടിന് 137. തൃശൂര്‍ ടൈറ്റന്‍സ് 16.5 ഓവറിൽ മൂന്നിന് 139.
നിഖിലിന്റെ ബാറ്റിംഗ് കുതിപ്പ്
നിഖില്‍ തോട്ടത്തിലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് തൃശൂരിന്റെ വിജയം. 48 പന്തില്‍നിന്നും മൂന്നു സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സുമായി പുറത്താകാതെ നിന്ന നിഖിലാണ് ബാറ്റിംഗിന്റെ നടുനായകത്വം വഹിച്ചത്. ഷോണ്‍ റോജറും (30 റണ്‍സ്) ക്യാപ്റ്റന്‍ സജീവന് അഖിലും (27 നോട്ടൗട്ട്) മികച്ച പിന്തുണ നല്കി. നിഖിലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ തൃശൂര്‍ ടൈറ്റന്‍സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ബാറ്റിംഗിന് അയച്ചു. 20 പന്തില്‍നിന്നും രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ രോഹനാണ് കാലിക്കട്ടിന്റെ ടോപ് സ്കോറര്‍. എട്ടാം ഓവറില്‍ രണ്ടു വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലായിരുന്ന കാലിക്കട്ട് 14 ഓവറെത്തിയപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലായി.
കെ.എസ്. അരവിന്ദിനെ (28 പന്തില്‍ 26 റണ്‍സ്) ബിജു നാരായണന് ക്ലീന്‍ ബൗള്‍ഡ് ആക്കി. അഖില്‍ സ്കറിയ (9) സല്മാന് നിസാര്‍ (13) ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് (18) എന്നിവര്‍ വേഗത്തില്‍ പുറത്തായത് കാലിക്കട്ടിന്റെ സ്കോറിംഗ് മന്ദഗതിയിലാക്കി. 15 പന്തില്‍നിന്നും മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ കൃഷ്ണദേവന്റെ അവസാന ഓവറുകളിലെ പ്രകടനമാണ് സ്കോര്‍ 130 കടത്തിയത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫ്, ബിജു നാരായണന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
തിരിച്ചടിയില്‍ പതറി
138 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ കെ.ആര് രോഹിതിനെ (3)നഷ്ടമായി. അഖിന് സത്താറിന്റെ പന്തില്‍ വരുണ്‍ നായനാര്‍ ക്യാച്ചെടുത്താണ് രോഹിത്തിനെ പുറത്താക്കിയത്. ഷോണ്‍ റോജറും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് സ്കോര്‍ 50 കടത്തി.
23 പന്തില്‍ ഒരു സിക്സും നാലു ബൗണ്ടറിയും നേടിയ ഷോണ്‍ റോജറിനെ അഖില്‍ സ്കറിയയുടെ പന്തില്‍ രോഹന് കുന്നുമ്മല്‍ പിടിച്ചു പുറത്താക്കി. തുടര്‍ന്ന് എം.എസ്. അഖിലും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 14-ാം ഓവറില്‍ തൃശൂര്‍ സ്കോര്‍ 100 പിന്നിട്ടു.
15 ഓവര്‍ പിന്നിട്ടപ്പോള്‍ തൃശൂര്‍ സ്കോര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍. വിഗ്നേഷ് എറിഞ്ഞ 16-ാം ഓവറിലെ രണ്ടാം പന്തില്‍ ഒരു റണ്‍ നേടിയ നിഖില്‍ തോട്ടത്തില്‍ അര്‍ധ സെഞ്ചുറി നേടി.
Tags : Deepika DeepikaNewspaper BreakingNews Thrissur bomb blast in Karyavattom