ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ ബാറ്റർമാരെ വട്ടം കറക്കുന്ന അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ മാച്ച് വിന്നിംഗ് പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചുവന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഡൽഹിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ ആദ്യ ജയമൊരുക്കി കളിയിലെ താരമായാണ് മിന്നും ഫോമിലേക്കുള്ള തിരിച്ചുവരവ്. ഇരു ടീമും 200 റണ്‍സിന് മുകളിൽ സ്കോർ ചെയ്ത മത്സരത്തിലാണ് റഷീദിന്റെ പിശുക്കൻ ബൗളിംഗിലെ വിക്കറ്റ് നേട്ടം. ട്വന്റി-20യിലെ ജീനിയസിന്റെ വന്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.
2023ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം റഷീദ് ഖാൻ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ സീസണ് താരത്തിന് വലിയ നിരാശ സമ്മാനിച്ചു. ഗുജറാത്തിനായി 15 മത്സരത്തിൽനിന്ന് ഒന്‍പത് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി 9.34.
നിതീഷ് റാണ, സമീർ റിസ്വി, ഡൽഹി നായകൻ അക്സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ത്രില്ലർ പോരാട്ടത്തിൽ ടീമിന് ജയമൊരുക്കിയ താരത്തിന്റെ തിരിച്ചുവരവ് ഗുജറാത്തിന് ഉണർവ് നൽകും.
“2025 സീസണ് ദയവായി ഓർമിപ്പിക്കരുത്. അത് വളരെ മോശം സീസണായിരുന്നു. ഒരു മോശം സീസണ് ഉണ്ടെങ്കിൽ, അത് അവസാനമാണ് എന്നല്ല അർഥം... അത് നിങ്ങളുടെ പന്തിന്റെ ലൈനും ലെഗ്തും എന്തെന്നാണ് പറയുന്നത്”- ടീമിന്റെ വിജയത്തിന് ശേഷം റഷീദ് പറഞ്ഞു.
“ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു. അത് ബൗളിംഗ് ആക്ഷനെയും പന്തിന്റെ റിലീസിനെയും ബാധിച്ചു. തുടർന്ന് ഫിറ്റ്നസിലും എന്റെ കോറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പരമാവധി ശ്രമിച്ചു. അത് പൂർണ താളത്തിൽ പന്തെറിയാൻ എന്നെ അനുവദിച്ചു”- റഷീദ് കൂട്ടിച്ചേർത്തു.
ടെസ്റ്റിനില്ല!
മുന്നോട്ടുള്ള യാത്രയിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് റഷീദ് ഖാൻ പറഞ്ഞു. ചുവപ്പ് പന്തിൽ വർഷത്തിൽ ഒരു മത്സരം. കൂടുതൽ സാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് താരം ടെസ്റ്റ് കരിയറിനെക്കുറിച്ച് വ്യക്തമാക്കിയത്.
ജൂണ്‍ ആറ് മുതൽ പത്ത് വരെയാണ് അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. അതേസമയം, വരുന്ന ഏകദിന ലോകകപ്പിനായി തയാറെടുക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.
Tags : Rashid Khan back form Spinner T20 Cricket Afgan