കണ്ണൂർ: സൂപ്പർലീഗ് കേരള ശക്തൻമാർ തമ്മിലുള്ള പോരാട്ടം സമനിലയിൽ. ആവേശം നിറഞ്ഞ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാനും തൃശൂരിന് വേണ്ടി ബിബിൻ അജയനും ഓരോ ഗോൾ വീതം നേടി. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി തൃശൂർ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി.
അഞ്ച് മത്സരങ്ങളിൽ നിന്ന് തോൽവി അറിയാതെ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒന്പത് പോയിന്റുമായി കണ്ണൂർ മൂന്നാമത് തുടരുന്നു. ഒന്പത് പോയിന്റുമായി മലപ്പുറം എഫ്സിയാണ് രണ്ടാമത്. മുഹമ്മദ് സിനാനാണ് മത്സരത്തിലെ താരം.
കഴിഞ്ഞ മത്സരത്തിൽ കളിച്ച രണ്ട് ടീമിലെയും ആദ്യ ഇലവനിൽ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂർ വാരിയേഴ്സ് എഫ്സിയിൽ മധ്യനിരയിൽ അർജുനും അറ്റാക്കിംഗിൽ ഷിജിനും പകരമായി പ്രതിരോധത്തിൽ ഷിബിൻ ഷാദിനെ ഇറക്കി. കൂടെ സൂപ്പർ സബ് മുഹമ്മദ് സിനാനും കണ്ണൂർ വാരിയേഴ്സിന്റെ ആദ്യ ഇലവനിൽ ഇടംനേടി. 4-3-3 ഫോർമാറ്റിൽ കളിച്ചിരുന്ന കണ്ണൂർ വാരിയേഴ്സ് 3-4-3 ഫോർമാറ്റിലേക്ക് മാറി.
4-4-2 രീതിയിൽ തൃശൂർ മാജിക്ക് എഫ്സിയും രണ്ട് മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. പ്രതിരോധത്തിൽ മെയ്ൽസണ് ആൽവസിന് പകരമായി ദേജനും മധ്യനിരയിൽ ഇവാൻ മാർക്കോവിച്ചിന് പകരം ശങ്കറും ഇറങ്ങി. ഇരുടീമുകളും ശ്രദ്ധയോടെയാണ് മത്സരം തുടങ്ങിയത്. 18-ാം മിനിറ്റിൽ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. ഇടത് വിംഗിൽ നിന്ന് മനോജ് നൽകിയ പാസ് സെക്കൻഡ് പോസ്റ്റിൽ നിന്നിരുന്ന സിനാന്റെ അരികിലെത്തിയെങ്കിലും കൃത്യമായി വരുതിയിൽ ആക്കാൻ സാധിച്ചില്ല. 19-ാം മിനിറ്റിൽ തന്നെ തൃശൂർ മാജിക്കിന്റെ പ്രതിരോധ താരം ഉസ്ലക് പരിക്കേറ്റ് പുറത്ത് പോയി.
പകരക്കാരനായി അലൻ ജോണെത്തി. ആദ്യ പകുതിയിൽ മുന്നേറ്റം കൂടുതലും കണ്ണൂർ വാരിയേഴ്സിന്റെയായിരുന്നു. 31 ാം മിനിറ്റിൽ ആദ്യ പകുതിയിലെ കണ്ണൂർ വാരിയേഴ്സിന്റെ ഏറ്റവും മികച്ച അവസരമെത്തി. വലത് കോർണറിൽ നിന്ന് അസിയർ ഗോമസ് ബോക്സിലേക്ക് താഴ്ത്തി വിദഗ്ധമായി നൽകിയ പാസ് ക്യാപ്റ്റൻ അഡ്രയാൻ സ്വീകരിച്ച് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരങ്ങൾ തടഞ്ഞുനിർത്തി.
41-ാം മിനിട്ടിൽ വലത് വിംഗിലൂടെ എബിൻ ദാസ് നാല് താരങ്ങളെ മറികടന്ന് ബോക്സിലേക്ക് കയറി തൃശൂർ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ നൽകിയ ക്രോസ് അസിയർ പറന്ന് ഹെഡിന് ശ്രമിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരത്തിന്റെ തലയിൽ തട്ടി കോർണറായി.
രണ്ടാം പകുതിയിൽ കണ്ണൂരിന്റെ കളിമാറി. 57-ാം മിനിറ്റിൽ കണ്ണൂർ വലകുലുക്കി. ബോക്സിന് മുന്നിൽനിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റൻ അഡ്രിയാൻ സർഡിനേറോ വലത് വിംഗിലൂടെ ഓടിക്കയറിയ മുഹമ്മദ് സിനാന് നൽകി. വലത് കാലുകൊണ്ട് കൃത്യമായി പന്ത് ഒതുക്കി. തൃശൂർ ഗോൾകീപ്പർ കമാലുദ്ദീനെ കാഴ്ചക്കാരനാക്കി ഉഗ്രൻ ഗോൾ.
മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നില്ക്കേ 97-ാം മിനിറ്റിൽ തൃശൂർ ഗോൾ മടക്കി.
വലത് വിംഗിൽ നിന്ന് പകരക്കാരനായി എത്തിയ അഫ്സൽ നൽകിയ ക്രോസിൽ ബിബിൻ അജയൻ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
Tags : Super League Kannur and Thrissur draw