ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്പോട്ടിലേക്കുള്ള അഡ്മിഷന് ഇന്നു നടക്കും. 19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെയാണ് ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകുക.
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ഈ പോരാട്ടം.
ജയിച്ചാല്‍ രാജസ്ഥാന്
ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍ 16 പോയിന്റില്‍ എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
ഇന്നു നടക്കുന്ന രണ്ടാം മത്സരം (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അതോടെ അപ്രസക്തമാകും. രാത്രി 7.30ന് കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്‍സ് പോരാട്ടം.
വൈഭവിനു സാധിക്കുമോ..?
ജയിച്ചാല്‍ പ്ലേ ഓഫ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ രാജസ്ഥാന് റോയല്‍സ് ഇറങ്ങുമ്പോള്‍, എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയില്‍. 15കാരനായ വൈഭവിനു രാജസ്ഥാന് റോയല്‍സിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
19-ാം സീസണ് റണ്‍ വേട്ടയില്‍ ഇതിനോടകം വൈഭവ് സൂര്യവംശി കരുത്തറിയിച്ചുകഴിഞ്ഞു. 13 ഇന്നിംഗ്സില്‍നിന്ന് 44.53 ശരാശരിയില്‍ 579 റണ്‍സ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ഈ സീസണ് ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും വൈഭവ് സൂര്യവംശിതന്നെ, 236.32.
ഫോര്‍ & സിക്സ് ഫിഫ്റ്റി
ഈ ഐപിഎല്ലില്‍ സിക്സും ഫോറും കൊണ്ട് സെഞ്ചുറി കടന്ന ഏകതാരമെന്ന നേട്ടവും വൈഭവിനു സ്വന്തം. 50 ഫോറും 53 സിക്സും ഈ കൗമാരതാരത്തിന്റെ ബാറ്റില്‍നിന്ന് ഇതിനോടകം പിറന്നു. 13 ഇന്നിംഗ്സില്നിന്നു നേടിയ 579 റണ്‍സില്‍ 518 റണ്‍സും സിക്സും ഫോറും കൊണ്ടു മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡിലേക്ക് ആറ് എണ്ണത്തിന്റെ അകലം മാത്രമാണ് വൈഭവ് സൂര്യവംശിക്കുള്ളത്. 2012 ഐപിഎല്‍ സീസണില്‍ ക്രിസ് ഗെയ്ല് 59 സിക്സ് പറത്തിയതാണ് നിലവിലെ റിക്കാര്‍ഡ്.
മുംബൈ ബൗളിംഗ് ആക്രമണത്തെ തച്ചുടച്ച് രാജസ്ഥാന് റോയല്‍സിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുക്കുന്നതിനൊപ്പം സിക്സിന്റെ റിക്കാര്‍ഡും വൈഭവ് സൂര്യവംശി കുറിക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ. ഇന്നു ജയിച്ചാല്‍, പ്ലേ ഓഫില്‍ കളിക്കാനുള്ള അവസരവും വൈഭവിനും സംഘത്തിനും മുന്നില്‍ തുറക്കപ്പെടും.
പ്ലേ ഓഫ് ഇങ്ങനെ
ലീഗ് ടേബിളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ തീര്‍പ്പായതാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ പോരാട്ടം. ഈ ടീമുകള്‍ തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം 26ന് ധര്‍മശാലയില്‍ നടക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു മുന്നേറും.
27നാണ് പ്ലേ ഓഫിലെ രണ്ടാം മത്സരമായ എലിമിനേറ്റര്‍. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളി/പ്ലേ ഓഫില്‍ കടക്കുന്ന നാലാം ടീം ആരാണെന്ന് ഇന്നു വ്യക്തമാകും. ആ ക്ലൈമാക്സിനായാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്.
Tags : IPL T20 Cricket Rajasthan Royals