റിയാദ്: സൗദി പ്രോ ലീഗിൽ കന്നി കിരീടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോയ്ക്ക് ഇനിയും കാത്തിരിക്കണം. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനെതിരായ മത്സരം (1-1) സമനിലയിൽ അവസാനിച്ചതാണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്.
മത്സരം ജയിച്ചിരുന്നെങ്കിൽ കിരീടം അൽ നസറിന് ഉറപ്പിക്കാമായിരുന്നു. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ അൽ നസറിനും അൽ ഹിലാലിനും നിർണായകമാണ്.
അൽഹിലാലിനെതിരേ നിശ്ചിത സമയത്തതിന്റെ അവസാനം വരെ അൽ നസർ മുന്നിലായിരുന്നു. 37-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെയാണ് അൽ നസർ ലീഡെടുത്തത്. പിന്നീട് പ്രതിരോധം കടുപ്പിച്ചതോടെ ടീം വിജയിച്ചുകയറുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ 90+8-ാം മിനിറ്റിൽ അൽ ഹിലാൽ സമനിലഗോൾ നേടി. അൽ നസർ ഗോൾ കീപ്പർ ബെന്റോയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. ലോംഗ് ത്രോ തടയുന്നതിൽ ബെന്റോക്കുണ്ടായ പിഴവിന് അൽ നനസറിന് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു. മത്സരം 1-1 ന് അവസാനിച്ചതോടെ കിരീടപ്പോരാട്ടം മുറുകി.
പട്ടികയിൽ ഒന്നാമതുള്ള അൽ നസറിന് 33 മത്സരങ്ങളിൽനിന്ന് 83 പോയിന്റാണുള്ളത്. ഒരു മത്സരം ബാക്കിയുണ്ട്. ജയിച്ചാൽ ചാന്പ്യന്മാരാകും. രണ്ടാമതുള്ള ഹിലാലിന് 32 മത്സരങ്ങളിൽനിന്ന് 78 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിക്കുകയും അൽ നസർ അവസാന മത്സരം തോൽക്കുകയും ചെയ്താൽ ഹിലാലിന് കിരീടം ഉറപ്പിക്കാം. 21ന് ദാമാക് എഫ്സിക്കെതിരേയാണ് അൽ നസറിന്റെ ലീഗിലെ അവസാന മത്സരം. ശനിയാഴ്ച നിയോം എസ്സിക്കെതിരേയാണ് ഹിലാലിന്റെ അടുത്ത മത്സരം.
Tags : Cristiano Ronaldo Saudi Pro League Al Hilal