പ്രതീകാത്മക ചിത്രം
ഓണം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മയില്‍ വരിക സദ്യയാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി പന്ത്രണ്ടിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. അച്ചാറ് മുതല്‍ പായസം വരെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഓരോ വിഭവവും കൃത്യസ്ഥാനത്ത് വിളമ്പാന്‍ ഈ രീതിയിലുള്ള ഇലയുടെ ക്രമീകരണം സഹായിക്കും. സദ്യ കഴിക്കാനിരിക്കുന്നയാളുടെ ഇടതുവശത്ത് തൂശനിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്. തൊട്ടുകൂട്ടാനുളളതും ചാറുകറിയും കൂട്ടുകറിയും സദ്യയില്‍ വേണം.
ഇലയുടെ വലതുവശത്ത് ഉപ്പേരിയാണ് ആദ്യം വിളമ്പുന്നത്. മുന്നിനമാണ് ഉപ്പേരി. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കരപ്പാവ് ചേര്‍ത്തുണ്ടാക്കുന്ന ശര്‍ക്കര ഉപ്പേരി. ആവശ്യമുള്ളവര്‍ക്ക് ഇലയില്‍ ഉപ്പും വിളമ്പാറുണ്ട്. ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടങ്ങളും വിളമ്പും. ഇതിനുശേഷം ഇഞ്ചിക്കറി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍ തുടങ്ങിയ വിഭവങ്ങളും. ഇലയുടെ വലത്തെ അറ്റത്തായി അവിയലും തോരനും കിച്ചടിയും പച്ചടിയും വിളമ്പും.
കൂട്ടുകറിയായി കാളന്, ഓലന്‍ തുടങ്ങിയവ. കൂടാതെ തോരന്‍, എരിശേരി തുടങ്ങിയ കറികളും പ്രധാന വിഭവങ്ങളാണ്. ഇതൊക്കെ എത്തിയതിന് ശേഷമാണ് ചോറ് വിളമ്പുന്നത്. ചോറിനൊപ്പം പരിപ്പും നെയ്യും ചേര്‍ത്ത് വിളമ്പും. സാമ്പാറിനുശേഷം ചിലയിടങ്ങളില്‍ നേരിട്ട് പായസം വിളമ്പാറുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പിയ ശേഷമായിരിക്കും പായസം.
ഉള്ളി തീയല്‍
ചെറിയ ഉള്ളി ഒരു കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
മല്ലിപ്പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് നാലെണ്ണം
ഉഴുന്നുപരിപ്പ് ഒരു പിടി
ഉഴുന്ന് ഒരു നുള്ള്
പുളി ചെറുനാരങ്ങ വലുപ്പത്തില്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
ശര്‍ക്കര ഒരു ചെറിയ കഷ്ണം
കടുക്, കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആശ്യത്തിന്
ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്‍പ്പം എണ്ണയൊഴിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ് ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഉണക്കമുളക്, കറിവേപ്പില, തേങ്ങ എന്നിവയിട്ട് വറുക്കുക. തേങ്ങ മൂത്തുവരുമ്പോള്‍ മല്ലിപ്പൊടിയും. ബ്രൗണ്‍ നിറമാകുമ്പോള്‍ തീ ഓഫാക്കുക. ഓഫാക്കിയാലും ഇടയ്ക്ക് ഇളക്കി നല്‍കണം. വറുത്തെടുത്ത തേങ്ങ നന്നായി അരച്ചെടുക്കണം. തൊലി കളഞ്ഞ് മുറിച്ചു വച്ചിരിക്കുന്ന ചെറിയുള്ളി തേങ്ങ വറുത്ത പാത്രത്തില്‍ അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റിയെടുക്കാം. അല്‍പ്പം ഉപ്പിട്ട് ഇളക്കി അടച്ചുവയ്ക്കാം. ഇടയ്ക്കിടയ്ക്ക് ഉള്ളി ഇളക്കണം.
ഉള്ളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ അല്‍പ്പം കറിവേപ്പിലയിട്ട് ഇളക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍ എടുത്ത പുളി വെള്ളത്തിലിട്ട് പിഴിഞ്ഞ് പുളിവെള്ളം ഉള്ളിയിലേക്ക് ചേര്‍ത്തു നല്‍കണം. പുളിവെള്ളത്തില്‍ കിടന്ന് ഉള്ളി ഒന്നൂടെ വേകണം. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി കൂടി ചേര്‍ത്തു നല്‍കുക.
കാല് ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു നല്‍കാം. വെള്ളം കുറയുന്നുണ്ടെങ്കില്‍ വെള്ളം ചേര്‍ത്തുനല്‍കണം. അരച്ചുവച്ച തേങ്ങകൂടി ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പുളി കുറവാണെങ്കില്‍ പുളിവെള്ളം ചേര്‍ത്തുനല്‍കാം. നന്നായി തിളച്ചുകഴിയുമ്പോള്‍ ഒരു ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് തീയലിലേക്ക് ചേര്‍ക്കുക. ഉള്ളി തീയല്‍ തയാര്‍.
അവിയല്‍
ചേന 400 ഗ്രാം
വെള്ളരിക്ക 400 ഗ്രാം
പടവലങ്ങ 200 ഗ്രാം
ഏത്തക്കായ100 ഗ്രാം
കാരറ്റ് 100 ഗ്രാം
പയര്‍ 100 ഗ്രാം
വഴുതനങ്ങ 100 ഗ്രാം
മുരിങ്ങയ്ക്ക 50 ഗ്രാം
മാങ്ങ 50 ഗ്രാം
പച്ചമുളക് 100 ഗ്രാം
വെളിച്ചെണ്ണ ചെറിയ കപ്പ്
മഞ്ഞള്‍പ്പൊടി രണ്ടു ടീ സ്പൂണ്‍
മുളകുപൊടി ഒരു ടീ സ്പൂണ്‍
നാളികേരം ചിരകിയത് 250 ഗ്രാം
അടിക്കട്ടിയുള്ള ചെറിയ ഉരുളിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക, കഷ്ണങ്ങള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ അല്പം കറിവേപ്പില ഇടുക. ആദ്യം ചേന, തുടര്‍ന്ന് വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ, പയര്‍, കാരറ്റ് ഇവ ഓരോന്നായി ഇടുക, അടച്ചു വച്ച് ആവിയില്‍ വേവിക്കുക. രണ്ടു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീ സ്പൂണ്‍ മുളകുപൊടിയും ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ഒട്ടും ചേര്‍ക്കണ്ട. വേകുന്നതിനുള്ള വെള്ളം കഷണങ്ങളില്‍ നിന്നിറങ്ങിക്കോളും.
ഒടുവിലായി ഏത്തക്കായ ചേര്‍ക്കുക. കഷ്ണങ്ങള്‍ നല്ലതുപോലെ വാടുമ്പോള് മാങ്ങയും മുരിങ്ങയ്ക്കയും ഇടുക. വീണ്ടും ആവിയില്‍ വേവിക്കുക. 250 ഗ്രാം നാളികേരം കുറച്ച് ജീരകവും ചച്ചമുളകും ചേര്‍ത്ത് ചതച്ചെടുക്കുക. ഇത് വെന്ത കഷ്ണങ്ങളിലേക്ക് ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവിൽ പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് തീ ഓഫാക്കി ഇളക്കുക.
പാലട
അട 200 ഗ്രാം
പാല് മൂന്നര ലിറ്റര്‍
വെള്ളം ഒന്നര ലിറ്റര്‍
പഞ്ചസാര 900 ഗ്രാം
നെയ്യ് ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് വെള്ളമൊഴിക്കുക. നന്നായി തിളച്ചുകഴിയുമ്പോള്‍ തീ ഓഫാക്കി അതിലേക്ക് അട ഇട്ട് അല്‍പ്പം വെളിച്ചെണ്ണകൂടി ഒഴിച്ചു നന്നായി ഇളക്കി അടച്ചുവച്ച് വേവിക്കുക. ഒരു മണിക്കൂര്‍ സമയമെടുക്കും അട വെന്തു കിട്ടാന്‍. ഈ സമയം മറ്റൊരു ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒന്നര ലിറ്റര്‍ വെള്ളം അല്‍പ്പം നെയ്യ്, അല്‍പ്പം പഞ്ചസാര എന്നിവ തിളപ്പിച്ചെടുക്കുക. അതിലേക്ക് മൂന്നര ലിറ്റര്‍ പാല് ചേര്‍ത്ത് ഇളക്കി തിളപ്പിച്ചെടുക്കുക.
പാല് നന്നായി തിളച്ചുകഴിയുമ്പോള്‍ തീ നിയന്ത്രിക്കുക. വെള്ളം വറ്റി പിങ്ക് നിറമാകുന്നതുവരെ തിളപ്പിക്കുക. വെന്ത അട കഴുകി വെള്ളം വാര്‍ത്ത് എടുത്തത് പാലിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പത്തു മിനിറ്റ് തിളപ്പിച്ചതിനുശേഷം 900 ഗ്രാം പഞ്ചസാര ചേര്‍ത്തുനല്‍കണം. നന്നായി ഇളക്കി അല്‍പ്പനേരം തിളപ്പിക്കുക. തീ ഓഫാക്കി തിള അവസാനിക്കുന്നതുവരെ ഇളക്കുക. പാട കെട്ടാതിരിക്കാന്‍ അല്‍പ്പം നെയ് ഒഴിച്ചു നല്‍കാം. ഇരുപതു മിനിറ്റിനുശേഷം വിളമ്പാം. മൂന്നേകാല്‍ ലിറ്റര്‍ പായസം കിട്ടും.
പൈനാപ്പിള്‍ പായസം
നല്ലവണ്ണം വിളഞ്ഞ പൈനാപ്പിള്‍
വലിയത് രണ്ടെണ്ണം
പഞ്ചസാര 100 ഗ്രാം
ശര്‍ക്കര 100 ഗ്രാം
നെയ്യ് 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് അര കപ്പ്
കിസ്മിസ് അര കപ്പ്
മൂന്നു നാളികേരം പിഴിഞ്ഞ ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒന്നര ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് കാല് കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. ധാരാളം വെള്ളം ചേര്‍ത്ത് അടിക്കട്ടിയുള്ള പാത്രത്തില്‍ വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും പഞ്ചസാരയും ചേര്‍ത്തിളക്കി വഴറ്റുക. കുറുകിവരുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് തിളപ്പിച്ച് കട്ടിയായി വരുമ്പോള്‍ തീ കെടുത്തി കണ്ടന്‍സ്ഡ് മില്‍ക്കും ജീരകപ്പൊടി, എലയ്ക്കാപ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി ഒന്നാം പാല് ഒഴിക്കുക. കഴുകിയെടുത്ത കിസ്മിസും കശുവണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് ഇളക്കി യോജിപ്പിക്കുക. ഈ പായസം ഒന്നര ലിറ്ററുണ്ടാകും.
ചേനയും കായും എരിശേരി
ചേന അര കപ്പ്
കായ അര കപ്പ്
തേങ്ങ ഒരു മുറി
മുളകുപൊടി രണ്ട് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
കുരുമുളകുപൊടി അര ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉഴുന്നുപരിപ്പ് രണ്ട് ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് അതില്‍ അല്‍പ്പം വെള്ളമൊഴിച്ച് അതിലേക്ക് തൊലി കളഞ്ഞ ചെറിയ കഷ്ണങ്ങളാക്കിക്ക ചേന, കായ എന്നിവ ഇടുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക. അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ മുളകുപൊടി. അര ടീ സ്പൂണ്‍ കുരുമുളകുപൊടി, അല്‍പ്പം കറിവേപ്പില കുറച്ചു വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. വെള്ളം കുറവാണെങ്കില്‍ അല്‍പ്പം ചേര്‍ത്തു നല്‍കണം. ഒരു കപ്പ് തേങ്ങ അല്‍പ്പം ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. അടുപ്പില്‍ വച്ചിരിക്കുന്ന കായയും ചേനയും ഇടയ്ക്ക് ഇളക്കണം.
നന്നായി വെന്ത് ഉടഞ്ഞുകഴിയുമ്പോള് ജീരകം ചേര്‍ത്ത് അരച്ച തേങ്ങ ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം കുറവു തോന്നിയാല്‍ ചേര്‍ത്തുനല്‍കാം. ഒരു ഫ്രൈപാനില്‍ അല്‍പ്പം എണ്ണയൊഴിച്ച് ചൂടാകുമ്പോഴള് ഉഴുന്നു പരിപ്പ് ഇട്ടു വറുക്കുക അതിലേക്ക് ബാക്കിയുള്ള തേങ്ങ ഇട്ടു നന്നായി വറുത്തെടുക്കണം. വറുത്ത തേങ്ങയിലേക്ക് അൽപം കുരുമുളകുപൊടി കൂടി ഇട്ട് ഇളക്കി അത് എരിശേരിയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക. എരിശേരി റെഡി.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash