Business
തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.
15 ന് രാവിലെ ഒന്‍പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.
Leader Page
ഈ വർഷം നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് ഒരു ചരിത്രപ്രാധാന്യമുണ്ട്. ഞായറാഴ്ച അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബജറ്റ്. ബുദ്ധപൂർണിമ പ്രമാണിച്ചു നിയന്ത്രിത അവധിയുമാണ് ഈ ഞായറാഴ്ച. എന്നിട്ടും വാശിയോടെ ഫെബ്രുവരി ഒന്നിനുതന്നെ ബജറ്റ് അവതരിപ്പിക്കുന്നു. എന്തുവന്നാലും ബജറ്റ് അവതരണം നിർദിഷ്ട തീയതിയിൽത്തന്നെ നടത്തുമെന്ന ഉറച്ച പ്രഖ്യാപനം. സാമ്പത്തിക കാര്യങ്ങളിലെ വിപണിസൗഹൃദ നിലപാടിൽ വിട്ടുവീഴ്ചയില്ല എന്നു കാണിക്കുകയാണെന്നു കരുതാം. (ഞായർ അവധി ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ആരും കുറ്റപ്പെടുത്തി കേട്ടില്ല).
തുടർച്ചയായ ഒൻപതാം ബജറ്റ് അവതരിപ്പിച്ചു റിക്കാർഡ് ബുക്കിൽ സ്ഥാനക്കാരിയാകുകയാണ് ഈ വർഷം നിർമല. (ഏറ്റവും കൂടുതൽ - പത്ത് - ബജറ്റുകളുടെ റിക്കാർഡ് മൊറാർജി ദേശായിക്കാണ്).
ഇളവ് പ്രതീക്ഷിക്കേണ്ട
മന്ത്രി റിക്കാർഡ് കുറിക്കുന്നതിന്റെ പേരിൽ നികുതിദായകർ പ്രത്യേക സമ്മാനമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇക്കൊല്ലം വരുമാനം ബജറ്റിൽ കണക്കാക്കിയതിലും കുറവാകും.
കഴിഞ്ഞ വർഷം ആദായനികുതിയിൽ വലിയ ഇളവ് നൽകിയതാണ്. പുതിയ നികുതിക്രമം സ്വീകരിച്ചവർക്ക് 12 ലക്ഷം രൂപ (ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപ) വരെ നികുതി ഒഴിവാക്കി. അതിനാൽ ഇക്കൊല്ലം ഇളവ് പ്രതീക്ഷ വേണ്ട.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശയ്ക്കുള്ള നികുതിയിൽ ഒഴിവുപരിധി കൂട്ടാൻ ബാങ്കുകൾ സമ്മർദം ചെലുത്തുന്നുണ്ട്. ബാങ്കുകളിൽ നിക്ഷേപവർധന കുറയുന്ന സാഹചര്യത്തിൽ ഇതു പരിഗണിച്ചേക്കാം.
ചരക്കു-സേവന നികുതി(ജിഎസ്ടി)യിൽ വലിയ ഇളവ് ഏതാനും മാസം മുൻപാണു പ്രഖ്യാപിച്ചത്. രാജ്യാന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കലും ആലോചിച്ചെന്നു വരില്ല.
നികുതിവരവ് കുറയുന്നു
ഈ മാർച്ച് 31ന് അവസാനിക്കുന്ന ധനകാര്യവർഷം ബജറ്റിൽ പ്രതീക്ഷിച്ചത്ര നികുതിവരുമാനം ലഭിക്കാനിടയില്ല. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കാക്കിയത്ര വളരാത്തതാണു കാരണം. നടപ്പുവിലയിൽ 10.1 ശതമാനം വളരുമെന്നു കരുതി. എട്ടു ശതമാനമേ വളരൂ എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇപ്പോൾ പറയുന്നത്.
വളർച്ച കുറഞ്ഞതുമൂലം പ്രത്യക്ഷനികുതിയിൽ കുറവ് വരും. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതിയും ഓഹരി കൈമാറ്റ നികുതി(എസ്ടിടി)യുമാണ് പ്രത്യക്ഷ നികുതികൾ. 12.7 ശതമാനം വർധിച്ച് 25.20 ലക്ഷം കോടി രൂപ കിട്ടുമെന്നു ബജറ്റ് കണക്കാക്കി. ജനുവരി 11 വരെ കിട്ടിയത് 18.38 ലക്ഷം കോടി രൂപ. വർധന 8.82 ശതമാനം മാത്രം. മൊത്തം പിരിവ് 4.4 ശതമാനമേ വർധിച്ചിരുന്നുള്ളൂ. റീഫണ്ടുകൾ കുറച്ചതു വഴിയാണ് അറ്റ വരുമാനം ഇത്രയെങ്കിലും എത്തിയത്. ധനകാര്യ വർഷം അവസാനിക്കുമ്പോൾ നികുതിപിരിവിൽ ഒന്നരലക്ഷം കോടി രൂപയുടെ കുറവ് വരാം എന്നാണ് വിദഗ്ധരുടെ നിഗമനം. സെപ്റ്റംബറിൽ ജിഎസ്ടി വെട്ടിക്കുറച്ചതു വഴി 40,000 കോടി രൂപയെങ്കിലും നഷ്ടം വരാം. കസ്റ്റംസ് ഡ്യൂട്ടി വരുമാനവും ഗണ്യമായി കുറയും.
ലാഭവീതം കൂടി
എന്നാൽ നികുതിയിതര വരുമാനത്തിലും പെട്രോളിയത്തിന്റെ എക്സൈസ് ഡ്യൂട്ടിയിലും വർധന ഉണ്ടാകും. റിസർവ് ബാങ്കിൽനിന്നുള്ള ലാഭവീതം ഗണ്യമായി കൂടി. ഇക്കൊല്ലം 2.69 ലക്ഷം കോടി ലഭിച്ചു. ബജറ്റ് പ്രതീക്ഷയേക്കാൾ കൂടുതലാണിത്. പൊതുമേഖലാ ബാങ്കുകളുടെ ലാഭവീതവും കൂടി. കഴിഞ്ഞ ഏപ്രിലിൽ ഡ്യൂട്ടി കൂട്ടിയത് പെട്രോളിയത്തിൽനിന്നുള്ള വരുമാനം വർധിപ്പിച്ചു. എന്നാൽ, നികുതിയിലെ കുറവ് പരിഹരിക്കാൻ ഇവ മതിയാകുകയില്ല.
ഓഹരിവിൽപനയിൽ കാര്യമായ പ്രതീക്ഷ വച്ചിരുന്നതാണ്. ഐഡിബിഐ ബാങ്ക് വിറ്റ് 30,000 കോടിയിലധികം രൂപ ഉണ്ടാക്കാം എന്നു കരുതി. പക്ഷേ, വിൽപന മാർച്ചിനകം നടക്കുമെന്ന സൂചനയില്ല. വേറെ അഞ്ച് ബാങ്കുകളുടെ കുറേ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിൽ രണ്ടെണ്ണമേ നടന്നുളളൂ.
മൊത്തത്തിൽ വരവു കുറവാകും. സ്വാഭാവികമായും ചെലവു കുറയ്ക്കേണ്ടി വരും. മൂലധനച്ചെലവ് കുറയ്ക്കുകയില്ല എന്ന് മന്ത്രി പറയുന്നു. അപ്പോൾ മറ്റു ചെലവുകളിൽ കത്തി വയ്ക്കും.
പ്രതിരോധ വാങ്ങലുകൾ വൈകുന്നു
പ്രതിരോധ മേഖലയിൽ ഉദ്ദേശിച്ചത്ര മൂലധനച്ചെലവ് ഉണ്ടാകില്ല എന്നു വ്യക്തം. പ്രഖ്യാപനങ്ങൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും ആയുധങ്ങളും വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതു കുറവാണ്. കരാർ എടുത്ത കമ്പനികൾ യഥാസമയം നിർമിച്ചു നൽകാത്തത് ഒരു പ്രധാന കാരണമാണ്. ഇന്ത്യൻ കമ്പനികളും വിദേശകമ്പനികളും ഇക്കാര്യത്തിൽ ഒരുപോലെ പ്രശ്നക്കാരാണ്.
തേജസ് എംകെ1എ പോർവിമാനങ്ങൾ നൽകുന്നതിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡും അതിന് എൻജിൻ നൽകേണ്ട അമേരിക്കൻ കമ്പനി ജനറൽ ഇലക്ട്രിക്കും വീഴ്ചവരുത്തുന്നു. വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് ഇതേപ്പറ്റി ഏതാനും മാസം മുൻപ് പരസ്യമായി വിമർശനം നടത്തിയിരുന്നു. ഇസ്രയേലിൽനിന്നുള്ള ഡ്രോണുകളും റഷ്യയിൽനിന്നുള്ള മിസൈൽ പ്രതിരോധ സംവിധാനം എസ് 400 ഉം കിട്ടുന്നതിലെ താമസത്തെപ്പറ്റി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും തുറന്നുപറയുകയുണ്ടായി. ഇസ്രയേലിൽനിന്നു കിട്ടേണ്ട ഡ്രോണുകൾ (ഹെറോൺ മാർക്ക് 2, ഹെർമസ് 900) വൈകുന്നത് മൂന്നു സേനാവിഭാഗങ്ങൾക്കും പ്രശ്നമാണ്. ഇവ അടക്കം ഓർഡർ ചെയ്ത സാധനങ്ങൾ യഥാസമയം കിട്ടാത്തതുമൂലം പ്രതിരോധ മൂലധന ബജറ്റ് മുഴുവനായി ഉപയോഗിക്കില്ല. അതു ധനമന്ത്രിക്ക് സഹായമാകാം. 1.8 ലക്ഷം കോടി രൂപയാണ് ഈ വർഷം ബജറ്റിൽ പ്രതിരോധ മൂലധനച്ചെലവായി നീക്കിവച്ചത്. ആറു മാസം പിന്നിട്ടപ്പോൾ 51 ശതമാനം തുക വിനിയോഗിച്ചിരുന്നു.
മൂലധനനിക്ഷേപം വരുന്നില്ല
ബജറ്റ് നേരിടുന്ന ഏറ്റവും വലിയ വിഷയം രാജ്യത്തെ വ്യവസായ നിക്ഷേപം വർധിപ്പിക്കലാണ്. ഫാക്ടറി ഉത്പാദനം വർധിപ്പിക്കാൻ ആരംഭിച്ച പിഎൽഐ (ഉത്പാദന ബന്ധിത പ്രോത്സാഹനം) സ്കീം പോലുള്ളവ ഉദ്ദേശിച്ചത്ര വിജയം നേടിയിട്ടില്ല. ചൈനയിൽനിന്നും മറ്റും ഇന്ത്യയിലേക്കു ഫാക്ടറികൾ പറിച്ചുനടും എന്ന പ്രതീക്ഷ ഡോണൾഡ് ട്രംപിന്റെ നയങ്ങൾ മൂലം ഇല്ലാതായി. ചൈനയിൽനിന്ന് മാറുന്ന കമ്പനികൾ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും മറ്റുമാണു ചെല്ലുന്നത്. ട്രംപിന്റെ തീരുവ ആക്രമണം ഇന്ത്യയിലെ കയറ്റുമതി വ്യവസായികളുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു.
ഗവൺമെന്റ് മൂലധനമിറക്കി അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, റെയിൽവേ, തുറമുഖങ്ങൾ) ഒരുക്കിയാൽ സ്വകാര്യമേഖല മൂലധന നിക്ഷേപം നടത്തി വ്യവസായം വളർത്തും എന്നായിരുന്നു പ്രതീക്ഷ. കോവിഡനന്തര കാലത്ത് അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ നിക്ഷേപം സർക്കാർ നടത്തി. പക്ഷേ, സ്വകാര്യമേഖല ഒന്നും ചെയ്തില്ല. ജനങ്ങളുടെ ഉപഭോഗം കൂടിയാൽ കമ്പനികൾ മുതൽമുടക്കും എന്ന് പലരും പറഞ്ഞു. ഉപഭോഗം വർധിച്ചു, ജിഎസ്ടി കുറച്ചത് വീണ്ടും ഉപഭോഗം കൂട്ടി. പക്ഷേ മുലധനനിക്ഷേപം വർധിച്ചില്ല.
ഇനി നിർമല സീതാരാമൻ എന്തു ചെയ്യും? ഞായറാഴ്ച അതിനുള്ള ഉത്തരം ലഭിക്കും എന്നു കരുതാം.
(തുടരും)
Business
ന്യൂഡൽഹി: മൾട്ടിനാഷണൽ സ്വീഡിഷ് ഫർണീച്ചർ നിർമാതാക്കളായ ഐകിയ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി 220 കോടിലെത്തിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ബിസിനസ് വളർച്ച കാണിക്കുന്ന സാഹചര്യത്തിലാണ് ഇവർ വിപുലീകരണത്തിന് ഒരുങ്ങുന്നത്.
2018ൽ ഹൈദരാബാദിലാണ് ഇവർ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് നാലു നഗരങ്ങളിൽനിന്നും ഐകിയ ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങും. ഭാവിയിൽ ഞങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നു പ്രതീക്ഷയുണ്ടെന്ന് ഐകിയ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാട്രിക് ആന്റണി പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഐകിയ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കും. ഐകിയയുടെ ഇന്ത്യയിലെ വില്പന 2025 ഓഗസ്റ്റിൽ ആറു ശതമാനം വർധിച്ച് 1,861 കോടി രൂപയിലെത്തി. സ്റ്റോറുകളുടെ എണ്ണം 30 ആയി ഉയർത്തും.
കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം വരെയായി കൂട്ടിയിരുന്നു. ഐകിയയുടെ ഭൂരിഭാഗം സ്റ്റോറുകളും യൂറോപ്പിലായതിനാലും ഉത്പന്നങ്ങൾ മറ്റ് വിപണികളിലേക്ക് അയയ്ക്കുന്നതിനാലും ഇന്ത്യയിലെ വിതരണക്കാരെ ഇതു കാര്യമായി ബാധിച്ചിട്ടില്ലെന്നു പാട്രിക് ആന്റണി പറഞ്ഞു.
National
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.
ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.
ഇന്ത്യയുടെ എഐ അവസരങ്ങളെ കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യ നദേല്ല എക്സിലൂടെ നന്ദിയും പറഞ്ഞു.