Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിനാശം സംഭവിച്ചവര്ക്കും സര്ക്കാര് നല്കുന്ന നഷ്ടപരിഹാരത്തുക അടിയന്തരമായി വര്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കൃഷിനാശത്തിന് നിലവില് നല്കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നത്.
വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരത്തിനായി കേന്ദ്രസര്ക്കാരില് ശക്തമായ സമ്മര്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. വന്യജീവി ആക്രമണ സംഘര്ഷ ലഘൂകരണ കര്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്ന്ന മന്ത്രിമാരുടെയും വനാതിര്ത്തി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്എമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്കെറ്റ് ഹാളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവിശല്യം നിയന്ത്രിക്കാന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില് കാലോചിതമായ ഭേദഗതികള് ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉള്പ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസര്ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരും കര്ഷകരും തമ്മിലുള്ള അകലം ഒഴിവാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വനംവകുപ്പും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്ത്തിച്ചാല് മാത്രമേ വന്യജീവി ആക്രമണ സംഘര്ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും വനാതിര്ത്തികളില് ഭീതിയോടെ കഴിയുന്ന കര്ഷകര്ക്കും സാധാരണക്കാര്ക്കുമൊപ്പം സര്ക്കാര് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനം മന്ത്രി ഷിബു ബേബി ജോണ് അധ്യക്ഷത വഹിച്ച ചടങ്ങില് മന്ത്രിമാരായ എ.പി. അനില്കുമാര്, കെ.എ. തുളസി, റോജി എം. ജോണ്, എന്. ഷംസുദ്ദീന്, ടി. സിദ്ദിഖ്, പി.കെ. ബഷീര്, മോന്സ് ജോസഫ്, ചീഫ് വിപ് അപു ജോണ് ജോസഫ്, എംപിമാര്, എംഎല്എമാര്, തുടങ്ങിയവര് പങ്കെടുത്തു. വന്യജീവി ആക്രമണത്തിനു തടയിടാന് മാസ്റ്റര്പ്ലാന് തയാറായതായി മന്ത്രി ഷിബു ബേബി ജോണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റര് പ്ലാന് തയാറാക്കിയതായി വനം മന്ത്രി ഷിബു ബേബി ജോണ്.
മനുഷ്യവന്യജീവി സംഘര്ഷ ലഘൂകരണ കര്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്ന്ന മന്ത്രിമാരുടെയും വനാതിര്ത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎല്എമാരുടെയും എംപിമാരുടെയും സമ്മേളനത്തില് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്ഷകരെക്കൂടി വിശ്വാസത്തിലെടുത്താകും വന്യജീവി ആക്രമണം ലഘൂകരിക്കാനും വനം സംരക്ഷിക്കാനുമുള്ള പദ്ധതികള് നടപ്പാക്കുക. വിഷയങ്ങളില് അടിയന്തര ഇടപെടലുകള്ക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില് പ്രത്യേക സമിതികളും പ്രാദേശിക കമാന്ഡ് സെന്ററുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഎസ്എ വിഷയത്തില് കേരളത്തിന് വലിയ വെല്ലുവിളികള് ഇല്ല എന്നാണ് മനസിലാക്കുന്നത്. വനാതിര്ത്തി മേഖലകളിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു മാത്രമേ സര്ക്കാര് മുന്നോട്ട് പോവുകയുള്ളൂ. കേരളത്തിന്റെ ആശങ്കകള് കേന്ദ്രസര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തിയിട്ടുണ്ട്.
ഡിവിഷനുകള്ക്ക് പകരം കേരളത്തെ 16 ലാന്ഡ് സ്കൈപ്പ് സോണുകളായി തിരിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങള്ക്ക് പരിഹാരം കാണാനുള്ള പ്രവര്ത്തനങ്ങള് കൈക്കൊള്ളും. വനമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക റോഡ് നയം രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
കൊച്ചി: കാലാവസ്ഥാമാറ്റം മൂലം മത്സ്യത്തൊഴിലാളികള്ക്കു കടലിൽ പോകാനാകാത്ത സാഹചര്യത്തിലുള്ള നഷ്ടപരിഹാരം ഗണ്യമായി വര്ധിപ്പിക്കണമെന്ന് കോസ്റ്റല് ഏരിയ ഡെവലപ്മെന്റ് ഏജന്സി ഫോര് ലിബറേഷന് (കടല്).
കടലില് രൂപപ്പെടുന്ന ന്യൂനമര്ദങ്ങള്, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില് സര്ക്കാര് ഏജന്സികള് നല്കുന്ന മുന്നറിയിപ്പുകള്മൂലം തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനു പോകാന് കഴിയാത്ത സാഹചര്യമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിനായി സര്ക്കാര് മുന്നറിയിപ്പുകള് അനിവാര്യമാണെങ്കിലും കടലില് പോകരുതെന്ന് നിര്ദേശിക്കുമ്പോള്, അതുവഴി നഷ്ടപ്പെടുന്ന ഉപജീവനത്തിനു മതിയായ നഷ്ടപരിഹാരം നല്കേണ്ടതു സര്ക്കാരിന്റെ ഭരണഘടനാപരവും ധാര്മികവുമായ ഉത്തരവാദിത്വമാണ്. കടലില് പോകാന് കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഏക ഉപജീവനമാര്ഗമാണു നഷ്ടപ്പെടുന്നത്.
നിലവില് അനുവദിക്കുന്ന നഷ്ടപരിഹാരം യഥാര്ഥ വരുമാനനഷ്ടത്തിനും വര്ധിച്ചുവരുന്ന ജീവിതച്ചെലവിനും യാതൊരു വിധത്തിലും ആനുപാതികമല്ല. അതിനാല് മത്സ്യത്തൊഴിലാളികളുടെ ശരാശരി ദിവസവരുമാനം, വിലക്കയറ്റം, കുടുംബച്ചെലവ് എന്നിവ പരിഗണിച്ച് നഷ്ടപരിഹാരത്തുക അടിയന്തരമായി പുനര്നിശ്ചയിക്കണം.
കടലില് കാണാതാകുന്ന ഓരോ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തവും കാര്യക്ഷമവുമായ രക്ഷാപ്രവര്ത്തന സംവിധാനം വേണമെന്നും കടല് ജനറല് സെക്രട്ടറി ജോസഫ് ജൂഡും ഡയറക്ടര് ഫാ. ഡോ. സെലസ്റ്റിന് പുത്തന്പുരയ്ക്കലും ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വാച്ച്മാൻ തസ്തികയിലേക്ക് ജീവനക്കാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള കുറഞ്ഞ വേതന വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്.
സെക്യൂരിറ്റി ഗാർഡ് തസ്തികക്ക് തുല്യമായ വേതനം വാച്ച്മാൻ തസ്തികക്കും ലഭ്യമാക്കണം. അല്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ തനത് ഫണ്ട്/സ്ഥിരനിക്ഷേപ പലിശ ഉപയോഗിച്ച് വേതനം വർധിപ്പിച്ച് നൽകണം. ഇതിനായി ജില്ലാ ഭരണകൂടവും ആശുപത്രി സൂപ്രണ്ടും സമർപ്പിച്ച അപേക്ഷയ്ക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി.
സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം വാച്ചർമാരെ നിയമിക്കണം എന്ന കർശന നിബന്ധനയിൽ ഭേദഗതി വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കൂടുതൽ ഉദ്യോഗാർഥികളെ ലഭിക്കുന്നതിനായി വിമുക്തഭടന്മാർക്കൊപ്പം നിശിചിത പരിശീലനം ലഭിച്ച യോഗ്യരായ വ്യക്തികളെയും ഉൾപ്പെടുത്തണം.
പ്രായപരിധി 50 വയസിൽ മാത്രമായി പരിമിതപ്പെടുത്താതെ ഇളവുകൾ നൽകണം. വനിതകളായ സെക്യൂരിറ്റി ഗാർഡുകളെ കൂടി നിയമിക്കാൻ സാധിക്കുന്ന രീതിയിൽ നിബന്ധനകൾ പരിഷ്കരിക്കാൻ ആരോഗ്യവകുപ്പ് തയാറാകണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സുരക്ഷാ മതിൽ നിർമാണത്തിന് തടസം നിൽക്കുന്ന പാഴ്മരങ്ങൾ മുറിക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണം.
മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത് രോഗികളുടെ ജീവനും സുരക്ഷയ്ക്കും മാത്രമല്ല പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കാനും അത്യാവശ്യമാണെന്ന് ഉത്തരവിൽ പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. ഇരുപത് സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് അഞ്ച് പേർ മാത്രം എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Business
ന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖല വൻ വളർച്ച കൈവരിച്ചു. 2014-15ൽ ഏകദേശം 1.9 ലക്ഷം കോടിയായിരുന്ന ആഭ്യന്തര ഉത്പാദനം 2025-26ൽ ഏഴു മടങ്ങ് വർധിച്ച് 13.11 ലക്ഷം കോടി രൂപയിലെത്തിയതായി ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ഈ മേഖല നിലവിൽ ഏകദേശം 25 ലക്ഷം പേർക്കു തൊഴിൽ നല്കുന്നുണ്ട്.
ഈ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി വളർച്ച കൈവരിച്ചു. 2014-15ൽ 38,000 കോടിയായിരുന്നതിൽനിന്ന് 2025-26ൽ 4.24 ലക്ഷം കോടി രൂപയിലെത്തി. മൊബൈൽ ഫോണ് ഉത്പാദനത്തിൽ 33 മടങ്ങ് വർധനയാണുണ്ടായത്. 18,000 കോടി രൂപയിൽനിന്ന് 6.27 ലക്ഷം കോടി രൂപയിലെത്തിയപ്പോൾ മൊബൈൽ ഫോണ് കയറ്റുമതി 1500 കോടി രൂപയിൽനിന്ന് 165 മടങ്ങ് ഉയർന്ന് 2.59 ലക്ഷം കോടി രൂപയായി.
രാജ്യത്തിനുള്ളിൽ വിറ്റഴിക്കുന്ന മൊബൈൽ ഫോണുകളുടെ ഏകദേശം 99.2 ശതമാനവും ഇവിടെ നിർമിക്കുന്നവയാണ്. അതോടൊപ്പം ഇവിടെനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നമായും മൊബൈൽ ഫോണ് മാറി.
വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപത്തിലെ പരിഷ്കരണങ്ങൾ, നികുതി- തൊഴിൽ നിയമ പരിഷ്കരണങ്ങൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്നീ പദ്ധതികളാണ് രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ മേഖലയെ ശക്തിപ്പെടുത്താൻ സഹായിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർക്കാരിന്റെ ഇലക്ട്രോണിക്സ് നിർമാണ പ്രോത്സാഹാന നടപടികളുടെ പ്രധാന ഗുണഭോക്താവായി തമിഴ്നാട് മാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള നിരവധി നിർമാണ കേന്ദ്രങ്ങൾക്ക് ഇതിലൂടെ പിന്തുണ ലഭിച്ചു. കൂടാതെ സംസ്ഥാനത്ത് രണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾക്ക് സർക്കാർ അംഗീകാരം നല്കുകയും ചെയ്തു.
587 കോടി രൂപ പദ്ധതി ചെലവിൽ 474.3 ഏക്കർ സ്ഥലത്ത് മനല്ലൂരിലും 424.55 കോടി രൂപ ചെലവിൽ 379.3 ഏക്കർ സ്ഥലത്ത് പിള്ളപ്പാക്കത്തുമാണ് ഇവ സ്ഥാപിക്കുന്നത്.
Kerala
കോട്ടയം: ഇടവേളയ്ക്കുശേഷം കുത്തരിയുടെ വിലയില് വന് കുതിപ്പ്. ചില്ലറവില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞമാസം വരെ ശരാശരി 52 രൂപ നിരക്കിലായിരുന്നു വില്പനയെങ്കില് പൊടുന്നനെ 10 രൂപ കുതിച്ചുയര്ന്നു.
വെള്ളയരിക്ക് വിലയില് വര്ധനയില്ല. കുത്തരിയ്ക്ക് ഈ മാസം കിലോഗ്രാമിന് അഞ്ചു മുതല് പത്തു രൂപയുടെ വരെ വര്ധനയുണ്ടായി. നെല്ലുത്പാദക സംസ്ഥാനങ്ങളില് നെല്ലിന്റെ വില കൂടിയതാണു വിലവർധനയ്ക്കു കാരണം.
ആന്ധ്രയില് നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്നാട്-33, കര്ണാടക-32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയില് ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളില് 10 രൂപ വരെയുമാണു വര്ധിച്ചത്. കര്ണാടകത്തില് വെള്ളക്കുറവ് കാരണം കൃഷിക്കു നാശമുണ്ടാകുകയും ചെയ്തു. വന്തോതില് നെല്ലെടുത്ത ഏജന്സികള് വില കൂട്ടാന് പിടിച്ചുവച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം.
കുത്തരിക്ക് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലാണു വില്പനയേറെയും. മധ്യകേരളത്തിലെ പ്രധാന വില്പന ബ്രാന്ഡായ ബെയിസണ് അരി കോട്ടയത്ത് എത്തുന്നില്ല. മൊത്തവ്യാപാരകേന്ദ്രത്തില് കുത്തുവിളക്കിന് 54.50 രൂപയും പവിഴം, നിര്മല് എന്നിവയ്ക്ക് 56.50 രൂപയുമാണു വില.
എഫ്സിഐ വെള്ളയരി കിലോഗ്രാമിന് 30 രൂപയില് താഴെ ഓപ്പണ് മാര്ക്കറ്റ് സ്കീമില് പൊതുവിപണിക്കും വില്ക്കുന്നതിനാലാണ് അതിനു കാര്യമായ വിലക്കയറ്റമുണ്ടാകാത്തത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങള് പൊതുവിപണിയില് ശരാശരി 42-45 രൂപ നിരക്കില് ലഭിക്കും. പൊന്നിയരിക്കും 45 രൂപയാണു മൊത്തവിപണി വില.
പായ്ക്കറ്റ് അരിയുടെ വിലയിലും വലിയ വര്ധനയുണ്ട്. പച്ചക്കറിക്കും മറ്റു നിത്യോപയോഗ സാധനങ്ങള്ക്കും വില വര്ധിച്ചതിനൊപ്പം കുത്തരിയുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെയാണു ബാധിക്കുന്നത്. വെള്ള അരിയുടെ വിലയില് നിലവില് വർധനയില്ലെങ്കിലും വരുംദിവസങ്ങളില് വില കൂടുമെന്ന് വ്യാപാരികള് പറയുന്നു. റേഷന്കടകളിലും കുത്തരിക്കു നിയന്ത്രണമുണ്ട്.
ഇന്നലെ വിപണിയില് 60-62 രൂപയ്ക്കായിരുന്നു ചില്ലറവില്പന. പ്രധാന കമ്പനികളുടെ പായ്ക്കറ്റ് അരിക്കും 40-50 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. പുതുതായി എത്തിയ രണ്ടു കിലോഗ്രാമിന്റെ പായ്ക്കറ്റിന് 132ല്നിന്ന് 158 ആയും അഞ്ചു കിലോ പായ്ക്കറ്റിന് 390 രൂപയില്നിന്ന് 443 ആയും പത്തു കിലോ പായ്ക്കറ്റിന് 690ല്നിന്ന് 766 ആയും വില വര്ധിച്ചു. ഇത് പായ്ക്കറ്റിലെ എംആര്പി ആണെന്നും ഇതില് കുറച്ചാണ് പായ്ക്കറ്റ് വില്പന നടത്തുന്നതെന്നും വ്യാപാരികള് പറഞ്ഞു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവനും ജീവനോപാധിയും നഷ്ടമാകുന്നതിനു നിലവിൽ നൽകിവരുന്ന നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും.
വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ വനം മന്ത്രി ഷിബു ബേബി ജോണ് ആണ് ഇക്കാര്യം അറിയിച്ചത്. വന്യജീവി ഭീഷണി ലഘൂകരിക്കാൻ കർമപദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വനാതിർത്തി പ്രദേശത്തെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. എൻഒസി നൽകിയിരിക്കണമെന്നും മനഃപൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില് വെള്ളിയാഴ്ച ഉത്പാദനം വര്ധിപ്പിച്ചു. പീക്ക്ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.
സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര് ഇന്നലെ രാവിലെ ഏഴിന് പുറത്തുവിട്ട കണക്കനുസരിച്ച് 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 24 മണിക്കൂറിനിടെ ഉത്പാദിപ്പിച്ചത്. ഇവിടത്തെ ആറു ജനറേറ്ററുകളും പ്രവര്ത്തിപ്പിച്ചു. മണ്സൂണ് സീസണില് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്ക് കരുതിവയ്ക്കുകയാണ് പതിവ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. 91.480 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം.
സംസ്ഥാനത്ത് വിവിധ ജില്ലകളില് വെള്ളിയാഴ്ച മഴ ലഭിച്ചിരുന്നതിനാലാണ് ഉപഭോഗത്തില് നേരിയ കുറവുണ്ടായത്. ലോകകപ്പ് ഫുട്ബോള് ഫൈനല് ഇന്നു നടക്കുന്നതിനാല് വൈദ്യുതി ഉപഭോഗം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിമാത്രമാണ്. സംഭരണശേഷിയുടെ 28 ശതമാനമാണിത്.
Kerala
ചാത്തന്നൂര്: വിദ്യാര്ഥികളുടെ ബസ് കണ്സഷന് ചട്ടങ്ങളില് നിര്ണായക ഭേദഗതി വരുത്തി മോട്ടോര് വാഹന വകുപ്പ്. പ്രായപരിധിയും സഞ്ചരിക്കാവുന്ന ദൂരപരിധിയും വര്ധിപ്പിച്ചു. സമയ ക്ലിപ്തതയും വരുത്തി. ഫുള് ടൈം വിദ്യാര്ഥികള്ക്ക് ഇത് ആശ്വാസമാണ്.
വിദ്യാര്ഥികളുടെ കണ്സഷന് പ്രായപരിധി 24ല് നിന്ന് 27 വയസായി ഉയര്ത്തിയതോടൊപ്പം, കണ്സഷന് ലഭിക്കുന്ന യാത്രാപരിധി 40 കിലോമീറ്ററായും വര്ധിപ്പിച്ചു. രാവിലെ ആറു മുതല് വൈകുന്നേരം ഏഴുവരെ വിദ്യാര്ഥികള്ക്ക് കണ്സഷന് നിരക്കില് യാത്ര ചെയ്യാം.
വിദ്യാര്ഥികളും ബസ് ജീവനക്കാരും തമ്മില് കണ്സഷനെ ചൊല്ലി പതിവായി ഉയരുന്ന തര്ക്കങ്ങള് പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതര് വ്യക്തമാക്കി.
എന്നാല്, സര്ക്കാര് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്സമയ വിദ്യാര്ഥികള്ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ക്രാഷ് കോഴ്സുകളും പാര്ട്ട് ടൈം കോഴ്സുകളും പഠിക്കുന്നവര്ക്ക് കണ്സഷന് അര്ഹതയുണ്ടാകില്ല.
കണ്സഷന് കാര്ഡ് വിതരണത്തില് കൂടുതല് സുതാര്യത ഉറപ്പാക്കുന്നതിനായി ഇനി മുതല് അപേക്ഷാ നടപടികള് പൂര്ണമായും ഓണ്ലൈനിലേക്കാണ് മാറ്റുന്നത്. ‘MVD LEADS’ മൊബൈല് ആപ്പ് വഴിയാണ് വിദ്യാര്ഥികള് അപേക്ഷിക്കേണ്ടത്. ആപ്പില് രജിസ്റ്റര് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്ഥികള്ക്കു മാത്രമേ കണ്സഷന് അനുവദിക്കൂ.
Kerala
തിരുവനന്തപുരം: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചു. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിനുള്ള സമ്മാനത്തുക 25 ലക്ഷം രൂപയായി ഉയർത്തി. നിലവിൽ ഇത് വെറും അഞ്ചു ലക്ഷം രൂപ മാത്രമായിരുന്നു.
ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സ്ഥാനക്കാർക്കുള്ള തുകയും വർധിപ്പിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 15 ലക്ഷം രൂപയും ഇനി മുതൽ ലഭിക്കും. വള്ളംകളി മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി സർക്കാർ നൽകുന്ന ഗ്രാൻഡ് രണ്ടു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതോടെയാണ് ഈ വിശ്വപ്രസിദ്ധമായ വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലിൽ ഒരു പ്രത്യേക വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു.
തുഴച്ചിൽക്കാരുടെ ആവേശത്തിലും പ്രകടനത്തിലും അങ്ങേയറ്റം ആകൃഷ്ടനായ നെഹ്റു ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സ്വന്തം ഒപ്പോടുകൂടിയ വെള്ളിയിൽ തീർത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനൽകി. ഈ ട്രോഫിയാണ് പിന്നീട് ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഉറ്റുനോക്കുന്ന നെഹ്റു ട്രോഫി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
Kerala
കുറവിലങ്ങാട്: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തലിനുള്ള ഫീസ് 150 രൂപയായി ഉയർത്തി ഉത്തരവായി.
മറ്റ് തിരുത്തലുകൾക്ക് തുല്യമായി 30 രൂപ ഈടാക്കിയിരുന്ന ഫീസാണ് പലമടങ്ങായി വർധിപ്പിച്ച് 150 രൂപയായി നിശ്ചയിച്ചിട്ടുള്ളത്.
നിയമസഭ സബജക്റ്റ് കമ്മിറ്റി (വിഭ്യാഭ്യാസം) യുടെ ശുപാർശയുടെയും പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫീസിനത്തിൽ വർധന വരുത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഗതാഗതതടസങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര നടപടികളുമായി ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയപാതകളിൽ അപകടഭീഷണി ഉയർത്തുന്ന 595 അനധികൃത പാർക്കിംഗുകൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവയുമായി ചേർന്നു പ്രവർത്തിക്കുന്നതായി എൻഎച്ച്എഐ അറിയിച്ചു.
2002ലെ കൺട്രോൾ ഓഫ് നാഷണൽ ഹൈവേസ് (ലാൻഡ് ആൻഡ് ട്രാഫിക്) നിയമപ്രകാരം ഹൈവേകളിലെ കൈയേറ്റങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള ശക്തമായ നടപടികൾ പുരോഗമിക്കുന്നതായും എൻഎച്ച്എഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാസൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് എൻഎച്ച്എഐ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് തീരുമാനം.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്.
ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാൽ ഇത് ഒരു സ്ഥിരം സ്രോതസായി കണക്കാക്കാനാവില്ലെന്നും കെഎസ്ഇബി ഫേസ്ബുക്കിലൂടെ അറിയിച്ചു.
മൺസൂൺ ശക്തി പ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു നിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ് കെഎസ്ഇബി വ്യക്തമാക്കി.
Business
ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പൊതുവായ വിലക്കയറ്റ നിരക്ക് ഏപ്രിലിലെ 3.48 ശതമാനത്തിൽനിന്ന് മേയിൽ 3.93 ശതമാനമായി ഉയർന്നു.
ജനുവരി മുതൽ പണപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന വർഷവും ആളുകളുടെ മാറിയ ചെലവഴിക്കൽ രീതികളും ഉൾപ്പെടുത്തി ഇന്ത്യ കണ്സ്യൂമർ പ്രൈസ് ഇൻഡക്സ് പരിഷ്കരിച്ചു.
അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്നു 2024ലേക്ക് മാറ്റിയിരുന്നു. ഈ പുതിയ സന്പ്രദായത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്കാണ് മേയിൽ രേഖപ്പെടുത്തിയത്. മേയിലെ നിരക്ക് റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ നാലു ശതമാനത്തിന് തൊട്ടുപിന്നിലെത്തി. വിലക്കയറ്റത്തോത് സ്ഥിരമായി 4 ശതമാനത്തിൽ താഴെ നിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. തുടർച്ചയായ 16-ാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഈ നില തുടരുന്നത്.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റ നിരക്ക് ഏപ്രിലിലെ 4.20 ശതമാനത്തിൽനിന്നും മേയിൽ 4.78 ശതമാനമായി ഉയർന്നു. നഗരങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഇത്തവണ ഭക്ഷണസാധനങ്ങൾക്ക് വില വൻതോതിൽ കൂടിയത്.
കേരളത്തിന്റെ വിലക്കയറ്റത്തോത് ഏപ്രിലിൽ 3.77 ശതമാനമായിരുന്ന നിരക്ക് മേയിൽ 4.30 ശതമാനമായാണ് കൂടിയത്. മാർച്ചിൽ ഇത് 3.62 ശതമാനമായിരുന്നു. സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ആറാമതാണ് കേരളം.
6.15 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.11 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ തമിഴ്നാട് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ആന്ധ്രപ്രദേശ് (4.90 ശതമാനം), കർണാടക (4.59 ശതമാനം), ഒഡിഷ (4.54 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. മിസോറാമാണ് ഏറ്റവും കുറവ് വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ സംസ്ഥാനം. കേവലം 1.03 ശതമാനം മാത്രം.
Kerala
തിരുവനന്തപുരം: രാജ്യത്ത് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി പാചകവാതക വില വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനുള്ള വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് വർധനവ്.
സംസ്ഥാനത്ത് ഇതോടെ സിലിണ്ടർ വില 951 കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചിരിക്കുന്നത്.
District News
തൃശൂർ: തുടർച്ചയായ ഇന്ധനവിലവർധനവിൽ പ്രതിഷേധിച്ച് ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ - ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോ കെട്ടിവലിച്ചുകൊണ്ട് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫീസിനുമുന്പിൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.
ഇന്ധനവിലവർധന മൂലം പ്രതിസന്ധിയിലായ ഓട്ടോ തൊഴിലാളികളുടെ മിനിമം ചാർജ് വർധിപ്പിക്കുകയോ അല്ലെങ്കിൽ സബ്സിഡിയോടെ ഇന്ധനം നൽകുന്നതിനു നടപടി സ്വീകരിക്കുകയോ വേണമെന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എ.ടി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എ. ഷംസുദീൻ, ഐ. ആർ. മണികണ്ഠൻ, പി.ബി. ബിജു, പി.ജി. സന്തോഷ്, സുനിൽ മങ്കിടി, സി.എസ്.സോമൻ, എൻ.എൽ. ആന്റണി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഒമ്പതു ജില്ലകളിൽ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറക്കി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്ഗോഡ് ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30% മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20% സീറ്റാണ് വർധിപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നല്കി.കൂടുതൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
District News
തൊടുപുഴ: ഒട്ടേറെ പ്രതിസന്ധികള് നേരിടുന്ന കാര്ഷികമേഖലയ്ക്ക് തിരിച്ചടിയായി രാസവളങ്ങള്ക്കും കീടനാശിനികള്ക്കും വില വര്ധിച്ചു. കാര്ഷികമേഖലയില് വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങള്ക്കും കീടനാശിനികള്ക്കുമാണ് വിപണിയില് വിലയേറിയത്.
ഇതിനുപുറമേ രാസവളങ്ങള്ക്ക് ക്ഷാമവും നേരിടുന്നുണ്ട്. വിളകളുടെ വിലത്തകര്ച്ചയും ഉത്പാദനക്കുറവും വിളനാശവുംമൂലം കടുത്ത തോതില് കര്ഷകര് ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലാണ് രാസവളങ്ങളുടെ വിലയും ഏറിയത്. പശ്ചിമേഷ്യന് യുദ്ധസാഹചര്യമാണ് വില കൂടാന് കാരണമെന്നു പറയുന്നു.
കുരുമുളകിനും ഏലത്തിനും വളപ്രയോഗം നടത്തേണ്ട ഘട്ടത്തില് വിലക്കയറ്റവും വളം ക്ഷാമവും ഉണ്ടായത് കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്ഷിക മേഖലയെ കൊണ്ടുപോകുന്നത്. രണ്ടാഴ്ചയ്ക്കിടെ വലിയ തോതില് വര്ധനയാണ് ഉണ്ടായതെന്ന് കര്ഷകര് ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ പ്രധാന സബ്സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് വില കുതിച്ചുയര്ന്നത്.
കാലവര്ഷത്തിനു മുന്നോടിയായി റബറിനും കുരുമുളകിനും കുമിള്നാശിനിയായി ഉപയോഗിക്കുന്ന തുരിശിന്റെ വില ഇരട്ടിയായി ഉയര്ന്നു.
മൂന്നു മാസം മുന്പ് കിലോയ്ക്ക് മുന്നൂറു രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോള് വില അറുന്നൂറായി. പാക്കറ്റിന് 1375 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന്റെ വില 1800 ആയി ഉയര്ന്നു. രണ്ടായിരമായി വരുംദിവസങ്ങളില് വില ഉയരുമെന്ന് വില്പനക്കാര് ചൂണ്ടിക്കാട്ടുന്നു. പൊട്ടാഷിന്റെ വിലയും ഇത്തരത്തില് വന്തോതില് വര്ധിക്കുകയാണ്.
ഏതാനും മാസം മുമ്പു വരെ 1975 രൂപ ഉണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോഴത്തെ വില 2050 ആണ്. 2021-22 കാലഘട്ടത്തില് 50 കിലോ പാക്കറ്റിന് 660 രൂപ മാത്രമായിരുന്നു വില. പിന്നീട് പടിപടിയായി ഉയര്ന്നാണ് 2000 കടന്നത്. യൂറിയ, എന്പികെ കോപ്ലക്സ് എന്നിവയ്ക്കു പുറമേ വിവിധയിനം സ്പ്രേ വളങ്ങള്ക്കും വില വര്ധിച്ചിട്ടുണ്ട്.
മഴ പെയ്തു തുടങ്ങിയതോടെ ജില്ലയില് പ്രധാന കൃഷിയായ ഏലത്തിന് വളമിടാന് മികച്ച സമയമാണിപ്പോള്. ഈ സമയത്ത് വളത്തിന് വിലകൂടിയതും ലഭ്യത കുറഞ്ഞതും ഏലം കര്ഷകര്ക്ക് തിരിച്ചടിയായിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളെത്തുടര്ന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ കുറവാണ് വില വര്ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള് പറയുന്നയ്. നിലവിലെ പ്രതിസന്ധി നീണ്ടുപോയാല് വളത്തിന് കടുത്ത ക്ഷാമം നേരിടുമെന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്.
വളത്തിന്റെ വില വര്ധന കൊക്കോ, കാപ്പി, റബര്, കുരുമുളക്, തെങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങി എല്ലാ കൃഷിയെയും ബാധിക്കാനിടയുണ്ട്. അംഗീകൃത വളം ഡിപ്പോ നടത്തിപ്പുകാരും വില വര്ധനവിനെ തുടര്ന്ന് പ്രതിസന്ധിയിലാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാല് ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതിനാല് കാര്ഷികമേഖലയില് ഇപ്പോഴത്തെ സാഹചര്യം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏലം, കുരുമുളക്, ജാതി ഉള്പ്പെടെയുള്ള നാണ്യ വിളകള്ക്കും നെല്ല് , പച്ചക്കറി, വാഴ എന്നിവയുടെയും ഉത്പാദനച്ചെലവും ഗണ്യമായി വര്ധിച്ചിട്ടുണ്ട്.
എന്നാല് ഇതിന് ആനുപാതികമായി ഉത്പന്നങ്ങള്ക്ക് വിപണിയില് വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത്തരം പ്രതിസന്ധികളെത്തുടര്ന്ന് കര്ഷകര് കൃഷിയില്നിന്ന് പിന്നാക്കം പോകുന്ന സാഹചര്യമാണ് കാര്ഷികമേഖലയില് നിലനില്ക്കുന്നതെന്ന് കര്ഷകര് ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളോട് ഒരു വർഷത്തേക്ക് അനാവശ്യമായി സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയ്ക്കു പിന്നാലെ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ത്തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ആറ് ശതമാനമുണ്ടായിരുന്ന തീരുവ 15 ശതമാനമായാണ് വർധിപ്പിച്ചത്.
വിദേശത്തുനിന്നുള്ള സ്വർണത്തിന്റെ ഇറക്കുമതി തടയാനും രാജ്യത്തിന്റെ വിദേശനാണ്യശേഖരം സംരക്ഷിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. സ്വർണവില കുതിക്കുന്നതിനും സ്വർണക്കടത്തുകൾ വർധിക്കുന്നതിനും കാരണമായേക്കാവുന്ന തീരുമാനം ദിനംപ്രതിയുള്ള രൂപയുടെ വിലയിടിവിനെ പ്രതിരോധിച്ചേക്കാമെന്നു കേന്ദ്രം കണക്കുകൂട്ടുന്നു.
സ്വർണത്തിനും വെള്ളിക്കുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽനിന്ന് പത്ത് ശതമാനമായും അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസ് (എഐഡിസി) എന്ന നികുതി ഒരു ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായും രണ്ട് വ്യത്യസ്ത വിജ്ഞാപനത്തിലൂടെയാണ് വർധിപ്പിച്ചത്.
ഇത് കൂടാതെ ഇവയ്ക്കുള്ള ഐജിഎസ്ടി നിരക്കുകൂടി പരിഗണിക്കുന്പോൾ സ്വർണം, വെള്ളി എന്നിവയുടെ ആകെ നികുതി നിരക്ക് 18.4 ശതമാനം വർധിച്ചിട്ടുണ്ട്.
2024ൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ 15 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി കുറച്ചിരുന്നുവെങ്കിലും തീരുമാനം വിപരീതമാക്കുന്നത് കള്ളക്കടത്ത് വർധിക്കുന്നതിനു കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈന കഴിഞ്ഞാൽ സ്വർണത്തിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യ ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് സ്വർണവും വെള്ളിയും പ്ലാറ്റിനവുമായിരുന്നു. ഈ ഇറക്കുമതി വ്യാപാരക്കമ്മിയിലുണ്ടാക്കിയ വർധന ഇറക്കുമതി തീരുവ ഇരട്ടിയിലധികം വർധിപ്പിച്ചതിലൂടെ കുറയ്ക്കാമെന്നു കേന്ദ്രം ലക്ഷ്യമിടുന്നു.
ചെലവുചുരുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥനകൾക്കു പിന്നാലെതന്നെ സ്വർണം, വെള്ളി എന്നിവയുടെ തീരുവ വർധിപ്പിച്ചിട്ടുള്ള തീരുമാനമുണ്ടാകുന്നത് അടുത്ത നാളുകൾക്കുള്ളിൽത്തന്നെ ഇന്ധനവിലയിലും വർധനയുണ്ടാകുമെന്ന സൂചനയായി വിലയിരുത്തുന്നവരുണ്ട്.
Business
കോട്ടയം: കോട്ടയം, കൊച്ചി മാര്ക്കറ്റില് ഷീറ്റ് റബര് 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര് ബോര്ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില് വ്യാപാരികള് കര്ഷകരില്നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര് വാങ്ങാന് തയാറായി. ഡീലര്മാരില്നിന്ന് ടയര് കമ്പനികള് 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി.
റബര് വിദേശവില ആഭ്യന്തര വിലയേക്കാള് 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്ദത്തില് റബര് ബോര്ഡ് വില ഉയര്ത്താന് താത്പര്യപ്പെടുന്നില്ല. റബര് വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര് ബോര്ഡ് ഉയര്ത്തേണ്ടതാണ്.
ഡിമാന്ഡിന് ആനുപാതികമായി ഷീറ്റ് മാര്ക്കറ്റില് എത്തുന്നില്ലെന്ന് ബോര്ഡിനും കൃത്യമായ കണക്കുണ്ട്.
മാര്ക്കറ്റില് ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന് കിട്ടുന്നില്ലെന്നും ഡിമാന്ഡ് വര്ധിക്കുന്ന തോതില് വില ഉയരേണ്ടതാണെന്നും പ്രമുഖ ഡീലര്മാര് പറയുന്നു. ടയര് കമ്പനികള്ക്ക് റബര് സ്റ്റോക്കില്ലാത്തതിനാല് വലിയ തോതില് ഡിമാന്ഡുണ്ട്. വില ഉയര്ന്നതിന്റെ നേട്ടം കര്ഷകര്ക്ക് ലഭിക്കണമെങ്കില് റബര് ബോര്ഡ് വില ഉയര്ത്തിയേ തീരൂ.
വില 275 രൂപയിലേക്ക് ഉയര്ന്നാല് കര്ഷകര് മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിക്കാന് താത്പര്യപ്പെടും. ഇടയ്ക്കിടെ വേനല്മഴ ലഭിക്കുന്നതിനാല് അടുത്ത മാസത്തോടെ ടാപ്പിംഗ് പുനരാരംഭിക്കേണ്ടതാണ്.
കിലോയ്ക്ക് രണ്ടു രൂപ നിരക്കില് ദിവസവും വിദേശവില വര്ധിക്കുകയാണ്. അതേ സമയം ആഭ്യന്തര വിലയില് പരമാവധി ഒരു രൂപയുടെ വര്ധനവാണ് റബര് ബോര്ഡ് നിശ്ചയിക്കുന്നത്.
തായലാന്ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ റബര് ഉത്പാദനത്തിലുണ്ടായ കുറവും ആഗോള മാര്ക്കറ്റിലെ ദൗര്ലഭ്യവും ക്രൂഡ് ഓയില് വിലയിലെ ചാഞ്ചാട്ടവുമാണു വിദേശ വില അതിവേഗം ഉയരാന് കാരണം. സിന്തറ്റിക് റബര് ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലില് നിന്നാണ്. ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബര് നിര്മാണം നഷ്ടത്തിലായതാണ് പ്രകൃതിദത്ത റബറിന്റെ ഡിമാന്ഡ് ഉയരുന്നതിലേക്ക് നയിച്ചത്.
അഗര്ത്തല മാര്ക്കറ്റില് വില 250 വരെ ഉയര്ന്നതോടെ അവിടെനിന്നു ഷീറ്റ് എത്തിക്കാന് കേരളത്തിലെ വ്യാപാരികള്ക്ക് സാധിക്കില്ല. ലോറി വാടകയും ലോഡിംഗ് കൂലിയും കണക്കാക്കിയാല് വടക്കു കിഴക്കന് സംസ്ഥാനങ്ങളില്നിന്ന് ഷീറ്റ് വാങ്ങുന്നത് ഇവിടത്തെ ഡീലര്മാര്ക്ക് നഷ്ടമാണ്.
രണ്ടു മാസമായുള്ള കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറി ഉത്പാദനം തീരെ കുറയാന് കാരണമായത്. ഷീറ്റ് റബറിന് 254 രൂപയിലേക്ക് ഉയര്ന്ന തോതില് ലാറ്റക്സിന് 231 രൂപയിലെത്തി. ഒട്ടുപാല് വിലയിലും ഗണ്യമായ വര്ധനയുണ്ട്.
വില ഉയര്ന്നെങ്കിലും ചെറുകിട കര്ഷകര്ക്ക് സ്റ്റോക്കില്ല. ടാപ്പിംഗ് നിര്ത്തിയ ഫെബ്രുവരിയില്തന്നെ കൈയിലുള്ള സ്റ്റോക്കുകള് വിറ്റഴിച്ചിരുന്നു. ഉത്പാദനകുറവും ആഗോള ആവശ്യവും ചേര്ന്നതോടെ അടുത്ത ദിവസങ്ങളിലും റബര് വില ഉയര്ന്ന നിലയില് തുടരും. മാര്ക്ക് ഡിമാന്ഡിന്റെയും വിദേശവിലയുടെയും തോതില് റബര് ബോര്ഡ് വില ഉയര്ത്തിയാല് മാത്രമേ കര്ഷകര്ക്ക് ഉയര്ന്ന വിലയുടെ മെച്ചമുണ്ടാകൂ.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനമായി വർധിപ്പിക്കും.
2026 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ അടിസ്ഥാന ശന്പളത്തിന്റെ 58 ശതമാനമാണ് ക്ഷാമബത്ത. ഇത് 60 ശതമാനമാകും.
വർധന 50.5 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. പ്രതിവർഷം 6791 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രതിഷേധിച്ചു.
ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. വിലവർധ ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാൽവില ലീറ്ററിന് ആറു രൂപ വരെ വർധിപ്പിക്കാൻ വിദഗ്ധസമിതി ശിപാർശ ചെയ്തിരുന്നു. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്നത് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്കു കൈമാറാനാണ് മിൽമയുടെ ആലോചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്.
പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്.
തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
National
ന്യൂഡൽഹി: ലോക്സഭയിലും കേരളമടക്കം എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതാണ് 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം. ഇതിനായി നിലവിലെ എംപിമാരുടെ എണ്ണത്തിൽ വർധന വരുത്താനാണ് പുതിയ ഭരണഘടനാ ഭേദഗതി പാസാക്കുന്നത്. ലോക്സഭയുടെ മൊത്തം അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കുന്നത് അടക്കമുള്ള ബില്ലുകളാണ് കേന്ദ്രം ആലോചിക്കുന്നത്.
ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 50 ശതമാനം കൂട്ടുന്നതിന് പുതിയ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമസഭകളിലെ എംഎൽഎമാരുടെ എണ്ണത്തിലും സമാന വർധന വരുത്താൻ ഇതേരീതിയിൽ നിയമ ഭേദഗതി വേണം. നിലവിലെ പട്ടികജാതി, വർഗ സംവരണ സീറ്റുകൾ ഉൾപ്പെടെയാകും വനിതകൾക്ക് 33 ശതമാനം സംവരണം. സംവരണ സീറ്റുകൾ പിന്നീട് റൊട്ടേഷൻ സംവിധാനത്തിൽ മാറും.
നിലവിലെ അനുപാതത്തിൽ എണ്ണം കൂട്ടുന്പോൾ 80 എംപിമാരുള്ള യുപിക്ക് 120 എംപിമാർ ലഭിക്കും. എന്നാൽ, 20 എംപിമാരുള്ള കേരളത്തിന് 30 എംപിമാരെയേ കിട്ടുകയുള്ളൂ. കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾ രാഷ്ട്രീയവും ഭരണപരവും സാന്പത്തികവുമായി കൂടുതൽ തഴയപ്പെടുമെന്ന ആശങ്കയുണ്ട്.
വിഷുവിന്റെ പിറ്റേന്ന് തുടങ്ങുന്ന ത്രിദിന പാർലമെന്റ് സമ്മേളനം പുതിയ നിയമ ഭേദഗതികൾ ചർച്ച ചെയ്യും. 15 വർഷത്തേക്കാകും ആദ്യം സീറ്റുകൾ സംവരണം ചെയ്യുക. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാകും.
അമിത് ഷാ മുന്പ് പറഞ്ഞതു മാറ്റി
ദേശീയ ജനസംഖ്യാ കണക്കെടുപ്പായ സെൻസസും അതിനുശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷമേ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുകയുള്ളൂവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023ൽ പറഞ്ഞത്.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലാകുമെന്ന പ്രഖ്യാപനം ശരിയായേക്കും.
27 വർഷമായി ചർച്ചയിലിരിക്കുന്ന വനിതാ സംവരണ ബിൽ 2023ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണു പാസായത്. ആരെ 454 എംപിമാർ അനുകൂലിച്ചു. എഐഎംഐഎമ്മിലെ രണ്ടു മുസ്ലിം എംപിമാർ മാത്രം എതിർത്തും വോട്ട് ചെയ്തു.
Business
ന്യൂഡൽഹി: കാപ്പിക്കുരു വിലയിൽ വലിയ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നിസംഗമനോഭാവം അവസാനിപ്പിക്കണമെന്ന് കാപ്പി കർഷകരുടെ സംഘടനായ കോഫീ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
വർഷങ്ങളോളം നീണ്ടുനിന്ന വിലക്കുറവിനുശേഷം കഴിഞ്ഞ സാന്പത്തികവർഷം മെച്ചപ്പെട്ട വില ലഭിച്ചത് കർഷകരിൽ ആത്മവിശ്വാസം നൽകി. എന്നാൽ, ഈ വർഷം കാപ്പി കർഷകർ വലിയ വിലയിടിവ് നേരിടുകയാണ്.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് 260 രൂപയ്ക്കും 280 രൂപയ്ക്കുമിടയിൽ കർഷകർക്കു വില ലഭിച്ചിരുന്നു. സമാനമായി അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയുടെ വില 300 രൂപ വരെയെത്തി. എന്നാൽ കഴിഞ്ഞ വർഷം 280 രൂപ വരെ വിലയുണ്ടായിരുന്ന റോബസ്റ്റ കാപ്പിയുടെ വില 180 രൂപ മുതൽ 205 രൂപ വരെയായി കുറഞ്ഞു.
അറബിക്ക ഇനത്തിപ്പെട്ട കാപ്പിയുടെ വില 260 രൂപയായും ഇടിഞ്ഞു. ഇതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വിലത്തകർച്ചയാണ് കാപ്പി കർഷകർ നേരിടുന്നതെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കാപ്പി കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിന് റോബസ്റ്റ ഇനത്തിപ്പെട്ട കാപ്പി വില 250 രൂപയും അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി വില 300 രൂപയുമാക്കി നിലനിർത്തുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സിഎഫ്എഫ്ഐ ആവശ്യപ്പെട്ടു.
Business
പരവൂർ: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കരുത്തുറ്റ തിരിച്ചുവരവിന്റെ പാതയിൽ. കുറഞ്ഞ കാലയളവിനുള്ളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
2024 ജൂണിൽ 8.55 കോടിയായിരുന്ന മൊബൈൽ വരിക്കാരുടെ എണ്ണം നിലവിൽ 9.27 കോടിയായി ഉയർന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 50,000 മുതൽ 60,000 വരെ പുതിയ മൊബൈൽ സൈറ്റുകൾകൂടി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിനകം ഒരു ലക്ഷത്തോളം 4 ജി സൈറ്റുകൾ ബിഎസ്എൻഎൽ സജീവമാക്കിയിട്ടുണ്ട്.
നിലവിലുള്ള 98,000 ടവറുകൾ ‘ആത്മനിർഭർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ 4 ജി സൈറ്റുകളെ വളരെ വേഗത്തിൽ 5 ജി-യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 4 ജി വികസനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20,000 കോടിയുടെ മൂലധന ചെലവാണ് സർക്കാർ നടത്തിയത്.
സാമ്പത്തികരംഗത്തും ബിഎസ്എൻഎൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 262 കോടി യുടെ ത്രൈമാസ ലാഭം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. പ്രവർത്തനലാഭത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
2023-24 സാമ്പത്തിക വർഷത്തിൽ 2,395 കോടിയായിരുന്ന പ്രവർത്തന ലാഭം 2024-25ൽ 5,100 കോടിയായി വർധിച്ചു. ഈ ആഴ്ച അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിൽ ഈ ലാഭം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
NRI
ന്യൂയോർക്ക് സിറ്റി: മേയർ സൊഹ്റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്കൂളുകൾ ഫീസ് കുത്തനെ വർധിപ്പിച്ചു. മൻഹാട്ടൻ സ്കൂൾഹൗസ് (Manhattan Schoolhouse) പോലുള്ള സ്ഥാപനങ്ങളിൽ വാർഷിക ഫീസ് ഇപ്പോൾ 36,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പ്രോഗ്രാമിന് പ്രതിമാസം 4,000 ഡോളറോളം (ഏകദേശം 3.3 ലക്ഷം രൂപ) നൽകണം.
സർക്കാർ നടപ്പിലാക്കുന്ന സൗജന്യ പ്രീ-കെ (Pre-K) പദ്ധതികളിലെ അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ, മികച്ച അധ്യാപകരെ നിലനിർത്താൻ സ്വകാര്യ സ്കൂളുകൾക്കും ശമ്പളം വർധിപ്പിക്കേണ്ടി വരുന്നു. ഇതാണ് ഫീസ് കൂടാൻ പ്രധാന കാരണമായി സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഫീസ് വർധനവിനെതിരെ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നൽകിയെങ്കിലും ഫീസിൽ നേരിയ കുറവ് മാത്രമാണ് സ്കൂൾ വരുത്തിയത്.
എല്ലാവർക്കും സൗജന്യ ചൈൽഡ് കെയർ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയർ മാംദാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 2,000-ത്തിലധികം സൗജന്യ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അപ്പർ ഈസ്റ്റ് സൈഡ് പോലുള്ള ചില പ്രദേശങ്ങളിൽ ഈ ആനുകൂല്യം ലഭ്യമല്ലാത്തതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്.
നിലവിൽ ന്യൂയോർക്കിലെ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
Kerala
തിരുവനന്തപുരം: സര്ക്കാര് ആശുപത്രികളിലെ ഡോക്ടര്മാരുടെ ഒപി സമയം വർധിപ്പിച്ചു. നേരത്തെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്ന സമയം രണ്ടുവരെയാക്കി.
ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ടു മുതല് വൈകുന്നേരം മൂന്നുവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മുതല് വൈകുന്നേരം അഞ്ചുവരെയാക്കിയും പുനഃക്രമീകരിച്ചു.
അതേസമയം ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്മാരുടെ ജോലി ഭാരം കൂട്ടുന്നത് അംഗീകരിക്കാന് ആകില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സർക്കാർ ഗ്രാന്റ് 1375 രൂപയാക്കി ഉയർത്തി ഉത്തരവിറക്കി.
ആളൊന്നിന് 1100 രൂപ നിരക്കിലാണ് നിലവിൽ നൽകി വരുന്നത്. ഇത് ഉയർത്താൻ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Kerala
കൊച്ചി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ സിലിണ്ടറിന് 9,22 രൂപയായി.
വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.
വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു.
Kerala
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് സര്ക്കാര്. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും. ഇതു സംബന്ധിച്ച് തൊഴില് വകുപ്പ് ഉത്തരവ് ഇറക്കി.
അറ്റൻഡർ, ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളവും വർധിപ്പിക്കും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്.
അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി. നഴ്സുമാര്ക്ക് പ്രത്യേക അലവന്സ് അനുവദിക്കാനും തീരുമാനമായി. 800 കിടക്കകള്ക്ക് മുകളിലുള്ള ആശുപത്രികളില് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.
Kerala
തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം.
നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ്സിഎസ്ടി വിഭാഗത്തിന് 45 വയസുവരെ പരീക്ഷയെഴുതാം. നിലവില് ഒബിസി വിഭാഗങ്ങള്ക്ക് 39 വയസ് വരെ അപേക്ഷിക്കാമായിരുന്നു. പ്രായപരിധി വര്ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ ഇവർക്ക് അപേക്ഷിക്കാനാവും.
പ്രായപരിധി വര്ധിപ്പിക്കണമെന്ന ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്ട്ട് ചൊവ്വാഴ്ച ചേര്ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
Kerala
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ എല്ലാ സീറ്റുകളും നേടിയാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതിയത്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അവർ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ മുക്കാൽ ഭാഗവും യുഡിഎഫിന്റെ കൈകളിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആദ്യം മറികടക്കാനുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളെയാണ്.
പരന്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഇത്തവണയും ഇടതുമുന്നണിക്ക് മേൽക്കൈ നേടാവുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ട് താനും. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാണ്. യുഡിഎഫിന്റെ ശക്തിയും അതാണ്. അതിൽ വിള്ളലുണ്ടാക്കാൻ ഇടതുമുന്നണിക്ക് പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടിവരും.
രാഷ്ട്രീയ വോട്ടുകളെ മാത്രം ആശ്രയിച്ച് സീറ്റുകൾ വിജയിക്കുകയെന്നത് ഇടതുമുന്നണിക്ക് സാധ്യമുള്ള കാര്യമല്ല. പൊതുസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തി വിജയിപ്പിക്കുകയെന്ന കുറെ കാലമായുള്ള തന്ത്രം തന്നെയാകും ഇത്തവണയും സിപിഎം പയറ്റുന്നത്. മുസ്ലിം സമുദായ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനും സിപിഎമ്മിന് കഴിഞ്ഞേക്കും.
വിള്ളൽ വീഴാത്ത കോട്ടകൾമുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടകളാണ് മലപ്പുറത്തുള്ള നിയമസഭാ മണ്ഡലങ്ങൾ എന്നാണ് പറയാറുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് പലപ്പോഴും ലീഗ് സ്ഥാനാർഥികൾക്ക് ലഭിക്കാറുള്ളത്. തന്ത്രങ്ങൾ മാറ്റി ആ കോട്ടകൾ തകർക്കാൻ സിപിഎം ശ്രമിക്കാറുണ്ടെങ്കിലും പൂർണ വിജയം നേടാൻ കഴിയാറില്ല.
ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. ഇതിൽ 11 എണ്ണവും ലീഗിന്റെ വിജയമായിരുന്നു. കൊണ്ടോട്ടി, എറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
വണ്ടൂരിൽ കോണ്ഗ്രസ് വിജയം നേടി. ഇടതുമുന്നണിക്ക് ലഭിച്ചത് നിലന്പൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളാണ്. ഇതിൽ നിലന്പൂർ മണ്ഡലത്തിൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിജയിക്കുകയും ചെയ്തു. ഇതോടെ ഇടതുപക്ഷത്തിന്റെ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഈ സീറ്റുകളെല്ലാം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ്.
സിപിഎം തന്ത്രം ഫലിക്കുമോ?
വോട്ടിന്റെ എണ്ണത്തിൽ ലീഗിനോട് പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ പുതിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി സമീപിക്കാറുള്ളത്.
പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തുന്നതിന് പകരം വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള സ്വതന്ത്രൻമാരെ കണ്ടെത്തി നിർത്തുകയെന്നതാണ് ഈ തന്ത്രം. ഏറെക്കുറെ വിജയം കണ്ട ഈ തന്ത്രം പലപ്പോഴും തിരിച്ചടികളും നൽകിയിട്ടുണ്ട്. െഏറ്റവുമൊടുവിൽ നിലന്പൂരിൽ സംഭവിച്ചതും അതാണ്. കോണ്ഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള പി.വി. അൻവറിനെ കഴിഞ്ഞതവണ നിലന്പൂരിൽ മൽസരിപ്പിച്ച് വിജയിപ്പിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.
കോണ്ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ വിള്ളലുണ്ടാക്കാൻ അൻവറിന് കഴിഞ്ഞു. എന്നാൽ അൻവർ പിന്നീട് കടുത്ത സിപിഎം വിമർശകനായി മാറുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ ആര്യാടൻ ഷൗക്കത്താണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആശയങ്ങളോട് പൂർണമായും യോജിക്കാത്ത സ്ഥാനാർഥിത്വം പലപ്പോഴും വിമർശനങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുന്പ് മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിയെ സ്വതന്ത്രനാക്കി നിർത്തി വിജയിപ്പിച്ചെടുത്താണ് ഈ തന്ത്രം സിപിഎം തുടങ്ങിയത്. എന്നാൽ ഇന്ന് മഞ്ഞളാംകുഴി അലി ലീഗിന്റെ എംഎൽഎയാണ്. അതേസമയം, ജില്ലയിൽത്തന്നെ താനൂർ, തവനൂർ മണ്ഡലങ്ങളിൽ ഈ തന്ത്രം ഇടതുമുന്നണിക്ക് ശക്തിപകരുന്നതാണ്. താനൂരിൽ മന്ത്രി വി.അബ്ദുറഹിമാനും തവനൂരിൽ, മുൻ ലീഗ് നേതാവ് കെ.ടി. ജലീലും ഇടതുപക്ഷത്തിന്റെ ശക്തികളാണ്.
പൊന്നാനി മണ്ഡലം മാത്രമാണ് സിപിഎമ്മിന്റെ കോട്ടയായി തുടരുന്നത്. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താനായത് അവർക്ക് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സമുദായ വോട്ടുകളുടെ രസതന്ത്രംമുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സമുദായ വോട്ടുകളെ ആശ്രയിക്കാതെ ഇരുമുന്നണികൾക്കും മുന്നോട്ടു പോകാൻ കഴിയില്ല. മുസ്ലിംലീഗിന്റെ പിൻബലം എക്കാലത്തും സുന്നി വോട്ടുകളാണ്. സുന്നി സംഘടനയിൽ ഭിന്നിപ്പുണ്ടായതിനുശേഷം എപി വിഭാഗം ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണ് പരസ്യമായല്ലെങ്കിലും സ്വീകരിച്ചു വരുന്നത്. മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയും മുസ്ലിം ലീഗിന് ലഭിക്കാറുണ്ട്.
ജമാഅത്തെ ഇസ്ലാമി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്യമായി യുഡിഎഫിനൊപ്പം നിന്നതോടെ ആ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കണക്കുകൂട്ടൽ. മുസ്ലിംസമുദായത്തിനുവേണ്ടി ഇടതുമുന്നണി സർക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാകും മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന എസ്ഐആർ വിഷയം മുതൽ പൗരത്വ പ്രശ്നം വരെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവരും. എപി വിഭാഗം സുന്നി വോട്ടുകൾ അനുകൂലമാക്കുന്നതിനുള്ള ശ്രമങ്ങൾ മേൽത്തട്ടിൽ തുടങ്ങിയിട്ടുണ്ട്. മുസ്ലിം വോട്ടർമാർക്കുകൂടി സമ്മതരായ പൊതുസ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇത്തവണയും ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകും. സ്ഥാനാർഥി ചർച്ചകൾ സജീവംതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഏറെ വൈകാതെതന്നെ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതാണ് മുസ്ലിംലീഗിന്റെ രീതി.
ഇതിനായി അവർ കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക വരാനൊന്നും കാത്തുനിൽക്കാറില്ല. ഇത്തവണ ആരെല്ലാം സ്ഥാനാർഥികളാകണമെന്നത് സംബന്ധിച്ച് ചർച്ചകൾ ലീഗിൽ സജീവമാണ്. പാർട്ടിയുടെ കീഴ്ഘടകങ്ങളിൽനിന്നുകൂടി അഭിപ്രായം സ്വീകരിച്ച ശേഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. പാർട്ടിയുടെ പ്രമുഖ നേതാക്കളെ മാറ്റിനിർത്താതെ, യുവനേതാക്കൾക്കുകൂടി പ്രാതിനിധ്യം നൽകുന്ന ഒരു പട്ടികയാകും ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുക. രണ്ട് തവണ എംഎൽഎമാരായവർക്ക് വീണ്ടും സീറ്റ് നൽകാനിടയില്ല.
ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ഒട്ടേറെ പുതുമുഖങ്ങളെ മുസ്ലിം ലീഗ് സ്ഥാനാർഥികളാക്കിയിരുന്നു. മുൻകാലങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായി മികവ് തെളിയിച്ചവർ ഇത്തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെടും. ഇത്തവണ മുസ്ലിംലീഗിന് ഒരു വനിതാ എംഎൽഎ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉറച്ച സീറ്റിൽ വനിതയെ നിർത്തുമെന്നാണ് സൂചന.
കോണ്ഗ്രസിന് നിലവിൽ വിജയസാധ്യതയുള്ള സീറ്റ് നിലന്പൂരും വണ്ടൂരുമാണ്. മാസങ്ങൾക്കുമുന്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇത്തവണ നിലന്പൂർ നഗരസഭയിലും യുഡിഎഫിന് വിജയിക്കാനായി. ആര്യാടൻ ഷൗക്കത്തുതന്നെ വീണ്ടും സ്ഥാനാർഥിയാകും. വണ്ടൂരിൽ എ.പി. അനിൽകുമാറാണ് നിലവിൽ എംഎൽഎ. സംവരണ മണ്ഡലമായ ഇവിടെ കോണ്ഗ്രസിനുവേണ്ടി അനിൽകുമാർ തന്നെ മത്സരിക്കും.
ഇടതുമുന്നണിക്കുവേണ്ടി പൊന്നാനിയിൽ പി.നന്ദകുമാർ ഒരിക്കൽകൂടി മത്സരിച്ചേക്കും. താനൂരിൽ വി.അബ്ദുറഹിമാൻതന്നെ രംഗത്തുണ്ടാകും. തവനൂരിൽ കെ.ടി. ജലീലിനെ മാറ്റിനിർത്തി വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയണമെന്നില്ല. നിലന്പൂരിൽ ഇത്തവണ മികച്ച സ്ഥാനാർഥിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎ ശ്രമിക്കും. പൊതുസമ്മതരായ സ്ഥാനാർഥികളെ സ്വതന്ത്രൻമാരായി മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഇത്തവണയും ഇടതുപക്ഷം നടത്തുന്നുണ്ട്.
Business
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര് ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
പരവൂർ: തിരുനെൽവേലിയിൽനിന്ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ.
നിലവിൽ ഈ ട്രെയിനിൽ 16 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടായിരുന്നത്. കോച്ചുകളുടെ എണ്ണം 22 ആയാണു വർധിപ്പിച്ചിട്ടുള്ളത്. തീരുമാനം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ് ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Leader Page
തന്ത്രപ്രധാനമായ ഏഴ് നൂതന മേഖലകളിൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
ബയോഫാർമ ശക്തി
ഇന്ത്യയുടെ രോഗാവസ്ഥ പ്രമേഹം, അർബുദം, സ്വയംപ്രതിരോധ രോഗങ്ങൾ തുടങ്ങിയ പകർച്ചേതര വ്യാധികളിലേക്ക് മാറുന്നതായി വിലയിരുത്തുന്നു.
ലക്ഷ്യം: ഇന്ത്യയെ ആഗോള ബയോഫാർമ ഉത്പാദന കേന്ദ്രമാക്കുക.നിക്ഷേപം: അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപ.
പ്രത്യേകത: ഇത് ബയോളജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉത്പാദനത്തിന് ആവശ്യമായ അന്തരീക്ഷമൊരുക്കും. പ്രമേഹം, കാൻസർ തുടങ്ങിയ പകർച്ചേതര രോഗങ്ങൾക്കുള്ള ബയോളജിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ നിർമിക്കും. മൂന്നു പുതിയ എൻഐപിഇആർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സ്ഥാപിക്കുകയും 1000 ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്യും.
ഇന്ത്യ സെമികണ്ടക്ടർമിഷൻ 2.0 (ISM 2.0)
ലക്ഷ്യം: ചിപ്പ് നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽത്തന്നെ നിർമിക്കുക.
പ്രത്യേകത: സ്വന്തമായി ഇന്ത്യൻ ഐപി (Intellectual Property) വികസിപ്പിക്കും. വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കാൻ ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ തുടങ്ങും.
ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം
ലക്ഷ്യം: മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് വർധിപ്പിക്കുക.
നിക്ഷേപം: വിഹിതം മുമ്പത്തെ 22,919 കോടി രൂപയിൽനിന്നു 40,000 കോടി ആയി ഉയർത്തി. 2025 ഏപ്രിലിൽ ആരംഭിച്ച "ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം’ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിക്ഷേപ വാഗ്ദാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.
റെയർ എർത്ത് കോറിഡോറുകൾ
ലക്ഷ്യം: അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും വേഗത്തിലാക്കുക.
ഗുണഭോക്താക്കൾ: കേരളം, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും.
സുസ്ഥിര വികസനവും ഗ്രീൻ കാർഗോയും
കിഴക്ക്-പടിഞ്ഞാറ് ചരക്ക് ഇടനാഴി വഴി ഗ്രീൻ കാർഗോ നീക്കം പ്രോത്സാഹിപ്പിക്കും.
കെമിക്കൽ പാർക്കുകൾ
ലക്ഷ്യം: രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുക.
പ്രത്യേകത: സംസ്ഥാനങ്ങളിൽ മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ "പ്ലഗ്-ആൻഡ്-പ്ലേ’ (സൗകര്യങ്ങൾ സജ്ജമാക്കിയ ഇടം) മാതൃകയിൽ സ്ഥാപിക്കും.
നൂതന സാങ്കേതികവിദ്യയും സ്പോർട്സ് മേഖലയും
ഖേലോ ഇന്ത്യ മിഷൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയിലൂടെ ഈ മേഖലകളിലെ വളർച്ചയും ബജറ്റ് ലക്ഷ്യമിടുന്നു
കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന "വികസിത് ഭാരതം'(വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളെ പ്രാപ്തരാക്കുന്നതിനായി വിവിധ മേഖലകളിൽ ബജറ്റിലൂടെ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ:
ആരോഗ്യ മേഖല
ഡോക്ടർമാരെ മാത്രമല്ല, അനുബന്ധ ആരോഗ്യ പ്രവർത്തകരെയും (Allied Health Professionals) സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.പുതിയ സ്ഥാപനങ്ങൾ: റേഡിയോളജി, അനസ്തേഷ്യ തുടങ്ങിയ മേഖലകളിൽ പഠിക്കാൻ കൂടുതൽ കോളജുകൾ വരും.
തൊഴിലവസരം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ നൽകും.
കെയർ ടേക്കർമാർ: പ്രായമായവരെയും രോഗികളെയും നോക്കാൻ പ്രത്യേക പരിശീലനം ലഭിച്ച 1.5 ലക്ഷം "കെയർ ഗിവർമാരെ’ ഒരു വർഷത്തിനുള്ളിൽ സൃഷ്ടിക്കും.
മെഡിക്കൽ ടൂറിസം
വിദേശികൾ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുക.അഞ്ച് ഹബ്ബുകൾ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കൽ ഹബ്ബുകൾ തുടങ്ങും. ഇവിടെ ചികിത്സയ്ക്കൊപ്പം ഗവേഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. ഇത് വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ആയുഷ് (ആയുർവേദം, യോഗ മുതലായവ)
യോഗയ്ക്കും ആയുർവേദത്തിനും ആഗോളതലത്തിൽ കിട്ടിയ പ്രാധാന്യം പ്രയോജനപ്പെടുത്തും.
കയറ്റുമതി: ആയുർവേദ ഉത്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിലൂടെ കർഷകർക്കും യുവാക്കൾക്കും വരുമാനം വർധിപ്പിക്കും.
പുതിയ സ്ഥാപനങ്ങൾ: മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തുടങ്ങും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലാബുകൾ ആധുനികവത്കരിക്കും.
മൃഗസംരക്ഷണം
ഗ്രാമപ്രദേശങ്ങളിലെ വരുമാനം വർധിപ്പിക്കാൻ മൃഗചികിത്സാ രംഗം വികസിപ്പിക്കും.
വെറ്ററിനറി കോളജുകൾ: സ്വകാര്യ മേഖലയിൽ മൃഗാശുപത്രികളും കോളജുകളും തുടങ്ങാൻ സർക്കാർ സബ്സിഡി (ധനസഹായം) നൽകും. വിദഗ്ധർ: 20,000 പുതിയ വെറ്ററിനറി പ്രഫഷണലുകളെ ഈ മേഖലയിലേക്കു കൊണ്ടുവരും.
പരമ്പരാഗത ജോലികൾക്ക് പകരം ആരോഗ്യം, സാങ്കേതികവിദ്യ, പരമ്പരാഗത വൈദ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ യുവാക്കൾക്ക് വിദഗ്ധ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ.
District News
പിലാത്തറ: ബ്രിട്ടീഷുകാര്ക്ക് മുമ്പേയെത്തിയ ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യം സുവിശേഷവത്കരണത്തിനു പകരം മതംമാറ്റമായിരുന്നുവെങ്കില് ഭാരതത്തില് ക്രൈസ്തവരുടെ എണ്ണം കൂടുതല് വര്ധിക്കുമായിരുന്നുവെന്ന് തലശേരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി. ദൈവവചന സഭയുടെ (എസ്വിഡി) നൂറ്റിയന്പതാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി പിലാത്തറയില് നിര്മിച്ച ജൂബിലി സ്മാരക മന്ദിരത്തിന്റെ ആശീര്വാദകര്മം നിര്വഹിച്ചശേഷം അനുഗ്രഹഭാഷണം നടത്തുകയായിരുന്നു മാര് ജോസഫ് പാംപ്ലാനി.
മദ്യപാനവും രാസലഹരികളും മനുഷ്യന്റെ ശരീരവും ബന്ധങ്ങളും കുടുംബവും നശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ലഹരിവസ്തുക്കള് ഇല്ലാതാക്കുന്നു. ഇത്തരക്കാര്ക്ക് ആധുനിക ചികിത്സയും സ്നേഹത്തോടുകൂടിയ പരിചരണവും ആവശ്യമാണ്. അടിമകളാക്കി മാറ്റിയ ലഹരിയോട് നോ പറയാനാവാതെ വിഷമിക്കുന്നവരെ വീണ്ടും ജീവിതത്തോട് ചേര്ത്തുകെട്ടുകയെന്നത് വലിയ ശുശ്രൂഷയാണ്. സമൂഹത്തില് പാര്ശ്വവത്കരിക്കപ്പെട്ടവര് ദൈവത്തിനു വേണ്ടപ്പെട്ടവരാണ് എന്ന സത്യം ബോധ്യപ്പെടുത്തി അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണു സഭ നടത്തുന്ന സുവിശേഷപ്രവര്ത്തനമെന്നും മാര് ജോസഫ് പാംപ്ലാനി പറഞ്ഞു.
പിലാത്തറ വചനജ്യോതി ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ 13-ാം വാര്ഷികത്തിന്റെ ഉദ്ഘാടനം ദീപം തെളിച്ച് എസ്വിഡി ഇന്ത്യ-മുംബൈ പ്രൊവിന്ഷ്യല് സുപ്പീരിയര് ഫാ. ടോമി തോമസ് നിര്വഹിച്ചു. മനുഷ്യന്റെ ലഹരി വിരുദ്ധമായ ജീവിതത്തിലൂടെയുള്ള സമഗ്ര പുരോഗതിയും എല്ലായിടത്തും ദൈവവചനമെത്തിക്കുകയെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകഫലക അനാച്ഛാദനം എം. വിജിന് എംഎല്എ നിര്വഹിച്ചു. ഫാ. റിച്ചാര്ഡ് മത്തിയാസ് എസ്വിഡി അധ്യക്ഷത വഹിച്ചു. ഫാ. വിനോയ് തോമസ് എസ്വിഡി, വചനജ്യോതി ഡയറക്ടര് ഫാ. ആന്റണി പുതുമന എസ്വിഡി, കണ്ണൂര് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര് പി. ബിജു, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്, പഞ്ചായത്തംഗം ഇ. രോഹിണി തുടങ്ങിയവര് പ്രസംഗിച്ചു. തുടര്ന്ന് കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി. ലഹരി വസ്തുക്കളില് നിന്നു മോചനം ആഗ്രഹിക്കുന്നവര്ക്ക് 9496162164 എന്ന ഫോൺ നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് സ്ഥാപന ഡയറക്ടര് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. ജയിൽ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഏഴു വർഷത്തിനു ശേഷമാണ് തടവുകാരുടെ വേതനത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്.
സ്കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്കിൽഡിൽ 560 രൂപ, അൺ സ്കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.
District News
കോഴിക്കോട്: ബേപ്പൂര് മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ സംസ്ഥാന-ദേശീയ ശ്രദ്ധയാകര്ഷിക്കും വിധം കൂടുതല് പ്രചാരം നേടുന്നതിനുള്ള പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സര്ക്കാര് തലത്തില് രൂപീകരിച്ച ബേപ്പൂര് ഡെസ്റ്റിനേഷന് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡിഎംസി) ആദ്യ യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളില് ശുചിത്വം ഉറപ്പാക്കുന്നതിനായി അതത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക പ്രവര്ത്തനങ്ങള് സംഘടിപ്പിക്കും. വിദ്യാര്ഥികളെ പങ്കാളികളാക്കി ശുചിത്വ ബോധവത്കരണവും ക്യാമ്പയിനുകളും ഡിഎംസിക്കു കീഴില് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര് നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ഏകോപിപ്പിച്ച് ശാസ്ത്രീയമായ നടത്തിപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച ഡിഎംസിയുടെ പ്രവര്ത്തനങ്ങള്ക്ക് മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ആദ്യ യോഗത്തോടെ ഔദ്യോഗിക തുടക്കമായി. സ്ഥലം എംഎല്എ കൂടിയായ മന്ത്രിയാണ് പുതുതായി രൂപീകരിച്ച ഡിഎംസി ചെയര്മാന്. ടൂറിസം വികസനത്തില് വിവിധ വകുപ്പുകള് തമ്മിലുള്ള ഏകോപനവും പ്രാദേശിക ഭരണകൂടങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തില് ചര്ച്ചയായി.
ബേപ്പൂരിനെ ഉത്തരവാദിത്തപരവും സുസ്ഥിരവുമായ പ്രധാന ടൂറിസം കേന്ദ്രമായി ഉയര്ത്തുക എന്ന ലക്ഷ്യത്തോടെ ഡെസ്റ്റിനേഷന് മാനേജ്മെന്റ് കമ്മിറ്റി പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ഡെസ്റ്റിനേഷന് മാനേജ്മെന്റ് കമ്മിറ്റി സിഇഒയും ഡിടിപിസി സെക്രട്ടറിയുമായ ഡോ. ടി നിഖില്ദാസ് റിപ്പോര്ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്മാന് ഒ. ഭക്തവത്സലന്, ജനപ്രതിനിധികള്, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള് തുടങ്ങിയവര് സംസാരിച്ചു.
Kerala
കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും കീഴിലുള്ള കോർപറേഷനുകൾ, അപ്പക്സ് ബോഡികൾ, ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ചെയർപേഴ്സണ്മാരുടെ പ്രതിമാസ ഓണറേറിയം 25,000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവായി. വർധനവിന് ഡിസംബർ 23 മുതൽ പ്രാബല്യം ഉണ്ടാകും.
National
ന്യൂഡൽഹി: അതിർത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) കോണ്സ്റ്റബിൾ പോസ്റ്റുകളിൽ വിരമിച്ച അഗ്നിവീർ ക്വോട്ട 50 ശതമാനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉയർത്തി.
നേരത്തേ ഈ തസ്തികകളിൽ അഗ്നിവീറുകൾക്ക് പത്തു ശതമാനം മാത്രമായിരുന്ന സംവരണം ബിഎസ്എഫ് നിയമങ്ങൾ ഭേദഗതി ചെയ്താണ് 50 ശതമാനമായി ഉയർത്തിയത്. അഗ്നിവീറുകളുടെ ആദ്യബാച്ച് വിരമിക്കുന്നതിന് മാസങ്ങൾക്കു മുന്പാണ് സംവരണം ഉയർത്തുന്നതായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനമിറക്കുന്നത്.
ബിഎസ്എഫ് കോണ്സ്റ്റബിൾ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ വിരമിച്ച അഗ്നിവീറുകൾക്ക് 50 ശതമാനം സംവരണം മാറ്റിവച്ചിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗാർഥികളെയും പോലെതന്നെ മുൻ അഗ്നിവീറുകൾ എഴുത്തുപരീക്ഷയ്ക്കു ഹാജരാകണമെന്ന് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ, ഇവരെ ശാരീരികക്ഷമതാ പരീക്ഷയിൽനിന്നും അടിസ്ഥാന ശാരീരിക യോഗ്യതാപരീക്ഷയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ടീച്ചർമാർക്ക് 13,000 രൂപയായും ആയ, ഹെൽപർക്ക് 9,000 രൂപയുമായാണ് പ്രതിമാസം ഓണറേറിയം വർധിപ്പിച്ചത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ തസ്തിക നിലനിർത്താൻ തീരുമാനിച്ചു.
കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകൾ അനുവദിച്ചു. പ്രഫസർ- 14, അസോസിയേറ്റ് പ്രഫസർ-7, അസിസ്റ്റന്റ് പ്രഫസർ-39 എന്നിങ്ങനെയാണ് അനുവദിച്ചത്.
മലപ്പുറം വേങ്ങര ഉപജില്ലയിലെ കാരാത്തോട് പിഎംഎസ്എഎം യുപി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വർധിപ്പിക്കാൻ ആലോചന. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള നിര്ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയാക്കുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമാണ്.
ഒന്നാം പിണറായി സര്ക്കാരിന്റെ അവസാനകാലത്താണ് പെൻഷൻ 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് പിന്നീട് വര്ധനവൊന്നും ഉണ്ടായിട്ടില്ല.