National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു പരീക്ഷയല്ലെന്നും മറിച്ച് മെഡിക്കൽ സീറ്റുകൾ വിൽക്കുന്ന ഒരു 'ലേലമായി' മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അപഹസിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പണമുള്ളവർക്ക് ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്ന സാഹചര്യം മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായി പരീക്ഷകൾ നടത്താൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ ഏജൻസിയായ എൻടിഎയുടെയും പരാജയമാണ്. ചോദ്യപേപ്പർ ചോർച്ചയുണ്ടായ ഉടനെ പരീക്ഷ റദ്ദാക്കാതെ അത് മൂടിവെക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പാർലമെന്റിനകത്തും പുറത്തും ഈ വിഷയം ശക്തമായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ എൻഎസ്യുഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശോഭിക്കാൻ കഴിയാതെപോയ രണ്ട് സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിനുശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേരളത്തിലെ വിജയത്തിൽ യുഡിഎഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം മാറി കോണ്‍ഗ്രസിനു ഭരണം ലഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു.
ലോകം നിരാകരിച്ചിട്ടും കോണ്‍ഗ്രസ് കമ്യൂണിസം സ്വീകരിക്കുകയാണെന്നും ആധുനിക അർബൻ നക്സലുകളാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീ സംവരണ ബിൽ തടുക്കാൻ കുറച്ചുദിവസംമുന്നേ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ശ്രമിച്ചെന്നും അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചെന്നും ബംഗാൾ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
District News
പത്തനംതിട്ട: ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യ ത്തിന്റെ അഭിമാനം കേന്ദ്ര സർക്കാർ തകർത്തെന്നും, ഇന്ന് ഇന്ത്യയുടെ ശബ്ദം ആരും ശ്രദ്ധിക്കാതെ ആയെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ദുർബലമായ കേന്ദ്രഭരണകൂടം 12 കൊല്ലമായി രാജ്യത്തെ നശിപ്പിക്കുകയാണ്. നിർമലാ സീതാ രാമൻ 10 ബജറ്റ് അവതരിപ്പിച്ചെങ്കിലും അതിൽ ഒരിടത്തുപോലും തൊഴിലാളി എന്നൊരു വാക്കില്ല. 250 രൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് അതിപ്പോൾ 920 രൂപയായി. പെട്രോളിന് 50 രൂപയാക്കുമെന്ന് പറഞ്ഞിട്ട് അത് ഇരട്ടിയിലേറെയായി. കോർപറേറ്റ് അഴി മതിയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.
കേരളത്തിൽ പിണറായിയുടെ 10 വർഷത്തെ ഭരണം എല്ലാ മേഖലയെയും നശിപ്പിച്ചു. കെഎസ്ആർടിസിയും കെഎസ്ഇബിയും ജലഅഥോറിറ്റിയും പ്രതിസന്ധിയിലായി. കേരളബാങ്ക് രൂപവത്കരിച്ചത് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും ജില്ലാ സഹകരണബാങ്കുകളുടെ തകർച്ചയ്ക്ക് അത് വഴിവയ്ക്കുകയായിരുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ,എ. ഷംസുദീൻ,അനിൽ തോമസ്, ഹരികുമാർ പൂതങ്കര, പി.കെ. ഗോപി, എ. ഡി. ജോൺ, പി. കെ. ഇക്ബാൽ, വി. എൻ. ജയകുമാർ, രമാ ദേവപാൽ, ഓമന സത്യൻ, എം. ആർ. ശ്രീധരൻ, വർക്കി ഉമ്മൻ, തോട്ടുവാ മുരളി, റോയ് തീയാടിക്കൽ, ജെസി അലക്സ്, അജിത് മണ്ണിൽ, സജി തോട്ടത്തിമല, ജി. ശ്രീകുമാർ, സുരേഷ് കുഴുവേലിൽ, രഞ്ജി പതാലിൽ, ജി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തുടർച്ചയായി രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ല്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള് ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം.
അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമമാണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്.
ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിൻന്റെ ഐക്യമാണ് ഇത് കാണിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
National
പരവൂര്‍: രാജ്യത്തെ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വില്പന ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന അന്തര്‍ മന്ത്രാലയ സമ്മേളനത്തിലാണ് പെട്രോളിയം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വിതരണം തടസമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി. സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഏറെ ആശ്വാസകരമായ അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണത്തില്‍ വലിയ വര്‍ധനയുണ്ടായി.
ഫെബ്രുവരിയില്‍ പ്രതിദിനം 77,000 സിലിണ്ടറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷമായി ഉയര്‍ന്നു. മാര്‍ച്ച് 23 മുതല്‍ ഇതുവരെ 7.8 ലക്ഷം സിലിണ്ടറുകള്‍ വിറ്റഴിച്ചു. ഇവയുടെ ലഭ്യത ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ, രാജ്യത്തെ ഓണ്‍ലൈന്‍ ഗ്യാസ് ബുക്കിംഗ് 96 ശതമാനമായി ഉയര്‍ന്നതായും പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
അന്താരാഷ്്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാനനിരക്കുകള്‍ ഉയരാതെ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. വിമാന ഇന്ധനത്തിന്റെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ നിരക്ക് വര്‍ധന തടയാന്‍ സഹായിച്ചു.
ക്രൂ ക്ഷാമം പരിഹരിക്കുന്നതിനായി പൈലറ്റുമാരുടെ ജോലി സമയത്തില്‍ താത്കാലിക ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരിടത്തും പെട്രോള്‍ പമ്പുകളില്‍ നിലവില്‍ ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിതരണശൃംഖല സാധാരണ നിലയിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ പ്രവേശന നിയന്ത്രണം ലിംഗഭേദം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പുരുഷന്മാർക്ക് വിലക്കുള്ള ചില ക്ഷേത്രങ്ങൾ ഉണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.
പുരുഷന്മാരെ ഉന്നതരായി കണക്കാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018ൽ ഉത്തരവുണ്ടായതെന്നും കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ശബരിമല ഉൾപ്പെടെ ഇന്ത്യയിലെ മതപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയുംകുറിച്ചുള്ള നിയമപരമായ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച് പരിശോധിക്കുന്നത്.
അതേസമയം, ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് ആരെയും വിലക്കരുതെന്ന് ഒൻപതംഗ ബെഞ്ചിലെ ജസ്റ്റീസ് ബി.വി. നാഗരത്ന വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദുമതത്തിന്റെ അന്തഃസത്ത. ഇത്തരം രീതി വിപരീതഫലം സൃഷ്ടിക്കുമെന്നും ജസ്റ്റീസ് നാഗരത്ന പറഞ്ഞു.
എന്നാൽ, തന്റെ പ്രസ്താവന ശബരിമല ക്ഷേത്രപ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ അല്ലെന്നും ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. അതേസമയം, ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കാൻ അവിടെ എത്തുന്നവർക്ക് ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ എൻഎസ്എസ്, അയ്യപ്പ സേവാ സമാജം, ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകളുടെയും വാദം ഇന്നലെ പൂർത്തിയായി. 14ന് വീണ്ടും ആരംഭിക്കുന്ന വാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തന്ത്രി കണ്ഠര് രാജീവരുടെയും അടക്കം വാദം ഭരണഘടനാ ബെഞ്ച് കേൾക്കും.
International
ടെഹ്റാൻ: ഇറാനിലെ യുദ്ധസാഹചര്യത്തിൽ നേരിയ അയവുണ്ടായെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴിന് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം.
മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം. ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യംവിടണം.
എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി പ്രത്യേക ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും എംബസി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചത്തെ സൈനിക നടപടികൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഈ രണ്ടാഴ്ച ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ വെടിനിർത്തൽ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് ഇന്ത്യക്കാരോട് മടങ്ങാൻ ആവശ്യപ്പെടുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യക്കാർക്ക് കർശന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അവിടെത്തന്നെ തുടരാനാണ് നിർദേശം.
സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ എന്നും നിർദേശിക്കുന്നു. ഇന്ത്യക്കാർ വീടിനുള്ളിൽ തുടരണമെന്നും വൈദ്യുത- സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയുടെ മുകൾ നിലകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
National
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായി കേന്ദ്ര സർക്കാർ. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തിൽ വിറ്റഴിച്ചത്. സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഗ്യാസ് ഏജൻസികളിൽനിന്ന് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാം.
സാധാരണ 14.2 കിലോ സിലിണ്ടറുകൾക്ക് വേണ്ടത് പോലെ ഇതിനു മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല. ഏപ്രിൽ നാലിന് മാത്രം 90,000 ത്തിലധികം സിലിണ്ടറുകൾ വിറ്റു. മാർച്ച് 23 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ 6.6 ലക്ഷത്തോളം സിലിണ്ടറുകൾ വിറ്റു.
വിപണി വിലയ്ക്കാണ് ഇവ വിൽക്കുന്നത്. ഒരു ദിവസം 51 ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 95 ശതമാനവും ഓൺലൈൻ ബുക്കിംഗ് വഴിയാണെന്നും മന്ത്രാലയം പറയുന്നു.
Kerala
കോട്ടയം: എഫ്സിആര്‍എ താല്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കണ്കെട്ട് വിദ്യയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വിദേശപണം രാജ്യത്തേക്ക് എത്തുമ്പോള്‍ അതിനു കണക്കുകള്‍ വേണം. അതിന് നിലവില്‍ വ്യവസ്ഥയുണ്ട്. ന്യൂനപക്ഷങ്ങളും ചില എന്‍ജിഒകളും നടത്തുന്ന പലസ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണു കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ക്കുനേരെ എന്തെങ്കിലും സംശയം ഉയര്‍ത്തി അവയുടെ സ്വത്ത് പിടിച്ചെടുക്കുകയാണ് എഫ്സിആര്‍എയിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് നികൃഷ്ടമാണ്. ഭയപ്പെടുത്തിയും സ്വാധീനം ചെലുത്തിയും ന്യൂനപക്ഷ വിഭാഗങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള ഈ നീക്കം യാദൃശ്ചികമല്ല.
ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് ആണ്. പേര് കൊണ്ട് ഹിന്ദുത്വം അവകാശപ്പെടുന്നവരെ നയിക്കുന്നത് ഫാസിസ്റ്റ് നയങ്ങളാണ്. അത്തരക്കാര്‍ എന്ത് ചെയ്യുമ്പോഴും പ്രത്യേക ലക്ഷ്യമുണ്ടാകും. ഈ ന്യൂനപക്ഷ വേട്ടയ്ക്കു പിന്നിലും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഇന്ത്യയുടെ ശത്രുക്കളായി കാണുന്ന ആ ഐഡിയോളജി തന്നെയാണ് മോദിയെ നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിന് എല്‍ഡിഎഫിന് ആശങ്കയില്ല. അക്കാര്യത്തില്‍ എല്‍ഡിഎഫിന് കര്‍ശനമായ നിലപാടുണ്ട്. അത് എല്ലാവര്ക്കും അറിയാം. ശബരിമലയില്‍ മാത്രമല്ല, ഏതൊരു ക്ഷേത്രങ്ങളിലെയും സ്വത്ത് ആര് കവര്‍ന്നാലും ഒരു ദാക്ഷിണ്യവും പാടില്ല. അവര്‍ ശിക്ഷിക്കപ്പെടണം.
National
ന്യൂഡൽഹി: എൻസിഇആർടിക്ക് കൽപിത സർവകലാശാല പദവി നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതോടെ സ്വന്തമായി കോഴ്സുകൾ ആരംഭിക്കാനും ബിരുദങ്ങൾ നൽകാനുമുള്ള അധികാരം എൻസിഇആർടിക്ക് ലഭിക്കും.
എൻസിഇആർടിക്ക് സർവകലാശാലാ പദവി നൽകാനുള്ള വിദഗ്ദ സമിതിയുടെ ശിപാർശ ഈ വർഷം ജനുവരിയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 30ന് മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം ഇറക്കിയത്.
പുതിയ കോഴ്സുകളും ബിരുദങ്ങളും യുജിസി മാനദണ്ഡങ്ങൾക്കും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായിരിക്കണം. ലാഭേച്ഛയോടെയുള്ളതോ വാണിജ്യപരമായതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എൻസിഇആർടിക്ക് അനുവാദമുണ്ടാകില്ല.
National
ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് കേന്ദ്ര സർക്കാർ തലപ്പത്ത് വൻ അഴിച്ചുപണി. മന്ത്രാലയങ്ങളിലെ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളിസുള്ളവരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി ചഞ്ചൽ കുമാറിനെ നിയമിച്ചു. 1992 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വടക്കു കിഴക്കൻ മേഖല വികസന മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വിവരവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് മിനിസ്ട്രി ഓഫ് ഡെവലപ്മെന്റ് ഓഫ് നോർത്ത് ഈസ്റ്റേൺ റീജണിലേക്ക് സെക്രട്ടറിയായി സഞ്ജയ് ജാജുവിനെ മാറ്റി നിയമിച്ചു. ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ സ്പെഷൽ സെക്രട്ടറിയായി സഞ്ജയ് ലോഹിയ നിയമിക്കപ്പെട്ടു. മേയ് 31ന് നിലവിലെ സെക്രട്ടറി നാഗരാജു മദ്ദിരാള വിരമിക്കുന്നതിനെത്തുടർന്ന് അദ്ദേഹം വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും.
ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറിയായി ശ്രീവത്സ കൃഷ്ണ, ടൂറിസം മന്ത്രാലയം ടൂറിസം സെക്രട്ടറിയായി ഭുവ്നേഷ് കുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ ഡെവലപ്മെന്റ് (ഗ്രാമവികസനം) സെക്രട്ടറിയായി രോഹിത് കൻസൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് റിസോഴ്സസ് (ഭൂവിഭവം) സെക്രട്ടറിയായി നരേന്ദ്ര ഭൂഷൺ, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് സെക്രട്ടറിയായി തേജ്വീർ സിംഗ് എന്നിവരെ നിയമിച്ചു.
ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് സെക്രട്ടറിയായി നിവേദിത ശുക്ല വർമ നിയമിതയായി. ഇതിന് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയറിന്റ് അധിക ചുമതലയും ഇവർ വഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീധർ ചിരുവോലുവിനെ അവിടെതന്നെ അഡീഷണൽ സെക്രട്ടറിയായി ഉയർത്തി.
ഭരത് ഹർബൻസ്ലാൽ ഖേര, അഭിഷേക് സിംഗ്, വീർ വിക്രം യാദവ്, ഫായിസ് അഹമ്മദ് കിദ്വായ്, ചന്ദ്രശേഖർ കുമാർ, വിശാൽ ഗഗൻ എന്നിവരെയും മാറ്റി നിയമിച്ചു. കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൽ (ICAR) സെക്രട്ടറിയായും ജ്ഞാനേന്ദ്ര ഡി. ത്രിപാഠി ചുമതലയേൽക്കും.
National
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഔദ്യോഗിക വിശദീകരണം. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കിയിരുന്നു. എന്നാൽ, പുതിയ എയിംസുകൾ അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പുതിയ എയിംസ് അനുവദിക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ല. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു. കേന്ദ്ര ബജറ്റിലോ മറ്റ് പ്രഖ്യാപനങ്ങളിലോ കേരളത്തിന് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം.
National
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് മൂന്നു രൂപയായും, ഡീസൽ ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും തീരുവ കുറച്ചു. എന്നാൽ ചില്ലറ വിൽപനയില് വില കുറയാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർധനവിന് തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം നയാര കമ്പനി പെട്രോൾ ഡീസൽ വില കൂട്ടിയിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര.
Leader Page
കേന്ദ്ര സർക്കാരിന്റ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 15,010 സർക്കാരിതര സന്നദ്ധ സ്ഥാപനങ്ങളാണ് വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യത്ത് വിവിധ സാമൂഹിക സാംസ്കാരിക സേവനപ്രവർത്തനങ്ങൾ നടത്തുന്നത്. രാഷ്ട്ര പുരോഗതിക്കടക്കം കൈത്താങ്ങാവുന്ന ഇത്തരം സ്ഥാപനങ്ങൾക്കുനേരേയുള്ള വെല്ലുവിളിയാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന (ഭേദഗതി) നിയമം.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക, തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്ര സർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ പുതിയ ഭേദഗതി അനുവാദം നൽകുന്നു. ആസ്തികൾ ഏറ്റെടുക്കുന്നത് താത്കാലികമായിട്ട് എന്ന മുൻ വ്യവസ്ഥ പരിഷ്കരിച്ചു. വിദേശ പണത്തിന്റെ സുതാര്യത ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്പോഴും ഇത്തരം സ്ഥാപങ്ങളുടെ സേവനസന്നദ്ധമായ കൈകൾ കെട്ടിയിടുകയാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.
ലക്ഷ്യം ന്യൂനപക്ഷം?
രാജ്യത്ത് വിദേശ പണം സ്വീകരിച്ച് സാമൂഹിക സാംസ്കാരിക സേവനങ്ങൾ നടത്തുന്നതിലേറെയും ന്യൂനപക്ഷ വിഭാഗമാണ്. അതിനാൽതന്നെ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കൂടുതലും ബാധിക്കുക ഈ വിഭാഗത്തെയും അവരുടെ സേവന പ്രവർത്തനങ്ങളെയും ആയിരിക്കും. ന്യൂനപക്ഷങ്ങൾ സർക്കാരിന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വരുതിയിലാക്കാൻ പുതിയ ചട്ടക്കൂട് കരുവാക്കുമെന്ന ആശങ്ക ഇതിനോടകം ഉയർന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ പൊളിച്ചെഴുതിയ നിയമത്തിന്റെ കൂട്ടുപിടിച്ച് ന്യൂനപക്ഷങ്ങൾക്ക് ചാട്ടവാർ ആകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
എല്ലാം സർക്കാർ തീരുമാനിക്കും
വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ മൂന്ന് കാരണങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക എന്നിങ്ങനെയാണവ. ഇതിൽ നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുക എന്ന വ്യവസ്ഥ പുതിയ ഭേദഗതിയിലാണ് കൂട്ടിച്ചേർത്തത്. എഫ്സിആർഎ ലൈസസൻസ് നേടിയ ഒരു സ്ഥാപനം അഞ്ച് വർഷത്തിൽ ഒരിക്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള എഫ്സിആർഎ പോർട്ടൽ മുഖാന്തരം അത് പുതുക്കണമെന്നാണ് വ്യവസ്ഥ. ഇവിടെയുണ്ടാകുന്ന കാലതാമസം സ്വാഭാവികമായും ആസ്തി ഉടമയെ ബാധിക്കും. ലൈസൻസ് നൽകേണ്ട സർക്കാർതന്നെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകേണ്ട എന്ന് വിചാരിച്ചാൽ നിസാരമായി നടപ്പാക്കാം. അല്ലെങ്കിൽ വൈകിക്കാം. ബില്ലിൽ ആശങ്ക ഉയർത്തുന്ന വ്യവസ്ഥകളിൽ ഒന്ന് ഇതുതന്നെ.
മുൻകാല പ്രാബല്യത്തിൽ ആശങ്ക
നിലവിൽ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയതോ സറണ്ടർ ചെയ്തതോ ആയോ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. വിദേശ ഫണ്ട് വേണ്ടെന്നു വച്ച് ലൈസൻസ് സറണ്ടർ ചെയ്ത സ്ഥാപനങ്ങളെ അടക്കം പുതിയ ബിൽ ദോഷകരമായി ബാധിക്കും. ലൈസൻസ് ഉണ്ടായിരുന്ന സമയത്ത് വിദേശ ഫണ്ട് ഉപയോഗിച്ച് അവർ ആർജിച്ച ആസ്തികൾ കൈവിട്ടുപോകാതിരിക്കാൻ സർക്കാരിൽനിന്ന് അനുമതി നേടിയെടുക്കേണ്ടി വന്നേക്കാം. 21,933 സ്ഥാപനങ്ങളാണ് ഇന്ത്യയിൽ ഇതുവരെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്.
കേരളത്തിലെ മാത്രം കണക്കനുസരിച്ച് 1218 സ്ഥാപനങ്ങൾ ഇതുവരെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങൾ പറഞ്ഞ് ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ തീരുമാനിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ അത് നേടിയില്ലെങ്കിലും ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് എത്തിച്ചേരും. ഭാഗികമായി വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികളും സർക്കാരിന് ഏറ്റെടുക്കാമെന്ന് വ്യവസ്ഥ ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നാൽ മറ്റ് സ്രോതസിൽനിന്നുള്ള പണം ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ വേർതിരിക്കാനാവുമെങ്കിൽ അത് സ്ഥാപനത്തിന് അവകാശപ്പെടാം. അത് തെളിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണ്.
സമയപരിധി പിന്നീട് ചേർക്കും
ലൈസൻസ് പുതുക്കിയെടുക്കാൻ ‘നിശ്ചിത സമയപരിധി’ എന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ കാലയളവ് പിന്നീട് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ അവതരിപ്പിക്കും. അത് എത്ര വേണമെങ്കിലും ആകാം. കൂടാതെ വിദേശത്തുനിന്ന് ഒരു പ്രത്യേക ആവശ്യത്തിനായി സ്വീകരിക്കുന്ന പണം ചെലവഴിക്കുന്നതിനും സമയപരിധി ഏർപ്പെടുത്തും. ഇതും ആശങ്ക ഉണ്ടാക്കുന്ന വ്യവസ്ഥയാണ്. ഉദാഹരണമായി, ഒരു കെട്ടിടം പണിയാൻ വിദേശ ഫണ്ട് സ്വീകരിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ അത് പൂർത്തിയാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിർബന്ധിതരാകും. അല്ലാത്തപക്ഷം ആ പണം നഷ്ടപ്പെടുകയോ സർക്കാരിലേക്ക് പോകുകയോ ചെയ്യും.
എന്താണ് അഥോറിറ്റി?
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥനോ സർക്കാർ സ്ഥാപനമോ ആണ് അഥോറിറ്റി. എഫ്സിആർഎ ലൈസൻസ് നഷ്ട്പ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ താത്കാലികമായി ഏറ്റെടുക്കുന്നത് ഈ അഥോറിറ്റിയായിരിക്കും. പിന്നീട് സ്ഥാപനത്തിന് ലൈസൻസ് നേടാനായില്ലെങ്കിൽ അഥോറിറ്റി നിശ്ചയിക്കുന്ന ആൾക്ക് വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാനോ സാധിക്കും. ആസ്തി വിറ്റാൽ അതുവഴി ലഭിക്കുന്ന വരുമാനം സർക്കാരിന്റെ സഞ്ചിത നിധിക്ക് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മാത്രമാണ് അഥോറിറ്റി കടപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരും മറ്റ് സർക്കാർ സ്ഥാപനങ്ങളും അഥോറിറ്റി ആവശ്യപ്പെടുന്ന ഔദ്യോഗിക കാര്യങ്ങൾ ചെയ്തുനല്കാൻ ബാധ്യസ്ഥരാണ്.
സിവിൽ കോടതിയുടെ അധികാരം അഥോറിറ്റിക്കുണ്ടാകും. സ്ഥാപനത്തെ സംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിക്കുക, സ്ഥാപനത്തെ സംബന്ധിച്ച നിയമലംഘനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വം. അഥോറിറ്റി ആവശ്യപ്പെടുന്ന കൃത്യമായ രേഖകൾ സമർപ്പിക്കാൻ സ്ഥാപനങ്ങൾ കടപ്പെട്ടിരിക്കുന്നു, കൂടാതെ ആസ്തികൾ താത്കാലികമായി ഏറ്റെടുത്ത സാഹചര്യത്തിൽ അഥോറിറ്റിയുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ. അഥോറിറ്റിയുടെ നിർദേശത്തിനെതിരേ സ്ഥാപനം സ്ഥിതി ചെയ്യുന്നിടത്തെ ജില്ലാ കോടതിയിൽ അപ്പീൽ നല്കാൻ കഴിയും.
ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ അധികാരം
എഫ്സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ക്ഷേത്രം, പള്ളി, മോസ്ക്, ഗുരുദ്വാര തുടങ്ങി ഏതൊരു ആരാധനാലയവും ഏറ്റെടുക്കാൻ പുതിയ ഭേദഗതി അനുമതി നൽകുന്നു. എന്നാൽ, അതിന്റെ മതപരമായ സ്വഭാവം നിലനിർത്തി അത് കൈമാറ്റം ചെയ്യാനും സാധിക്കും. ഭരണഘടനാപരമായ ഒരു വെല്ലുവിളിയാണിത് ഉയർത്തുന്നത്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിർത്തുമെന്ന് പറയുന്പോഴും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി.
ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും.
നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് പുതിയ ഉത്തരവ്. പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക.
കൂടാതെ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും.
National
ന്യൂഡൽഹി: വിദേശ ഫണ്ട് വിനിയോഗത്തിൽ കൃത്യമായ സമയക്രമം നിശ്ചയിക്കുന്നത് ഉൾപ്പെടെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കൂടുതൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
സമയക്രമത്തിനു പുറമെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയതോ കലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ സർക്കാരിലേക്ക് എത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വന്നേക്കും.
സർക്കാർ നിശ്ചയിക്കുന്ന ഒരു നിശ്ചിത അഥോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. ലൈസൻസ് റദ്ദാക്കിയതോ കാലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ ആസ്തികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണു വാദം.
എഫ്സിആർഎയുമായി ബന്ധപ്പെട്ട നിലവിലെ ചട്ടക്കൂടിന്റെ പോരായ്മകൾ പരിഹരിക്കാനും പുതിയ ഭേദഗതി ലക്ഷ്യമിടുന്നു. രാജ്യത്തു എഫ്സിആർഎ രജിസ്റ്റർ ചെയ്ത 16000 ത്തോളം സ്ഥാപനങ്ങൾ പ്രതിവർഷം 22,000 കോടി രൂപ സ്വീകരിക്കുന്നതായാണു കേന്ദ്രത്തിന്റെ കണക്ക്.
വിദേശഫണ്ടുകൾ ഇന്ത്യയിലേക്ക് എത്തുന്നതു സംബന്ധിച്ച മേൽനോട്ടം ശക്തമാക്കുന്നതിനും അത്തരം സംഭാവനകൾ ദേശീയ സുരക്ഷയ്ക്കോ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് എതിരാകുന്നില്ലെന്ന് ഉറപ്പാക്കാനും പുതിയ ഭേദഗതി വഴി സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പായിരിക്കും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുക.
Kerala
പരവൂര്‍: ബിഎസ്എന്‍എല്‍, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബര്‍ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
കെവൈസി പുതുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന നോട്ടീസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.ബിഎസ്എന്‍എല്ലിന്റെ ലെറ്റര്‍ പാഡില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ കെവൈസി വെരിഫിക്കേഷന് എക്സിക്യൂട്ടീവിനെ ഉടന്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.
‘പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടന്‍ വിളിക്കുക’-എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
എന്നാല്‍ ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നു
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ 52,974 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-ല്‍ ഇത് 86,420 ആയി ഉയര്‍ന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നതിനായി 116.5 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരം ലാബുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കന്പനികൾ 4,335 സർവീസുകൾ ഇതുവരെ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ളതും തിരികെ പോകുന്നതുമായ വിദേശ വിമാനക്കന്പനികളുടെ 1,187 വിമാനങ്ങളും റദ്ദാക്കി.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധപശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ചില രാജ്യങ്ങൾ വ്യോമാതിർത്തി ഭാഗികമായി തുറന്നിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും 2,19,780 പേർ ഈ സമയം യാത്ര ചെയ്തതായും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വ്യോമമേഖലയുടെയും യാത്രക്കാരുടെയും സുരക്ഷയാണു പ്രധാനം. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിയതായും നിരന്തര ആശയവിനിമയം നടത്തുന്നതായും വ്യോമയാന മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
വിഷയം പാർലമെന്റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
Kerala
കൊച്ചി: കേരളത്തില്‍ എന്തുകൊണ്ട് എയിംസ് വൈകുന്നുവെന്ന് ഹൈക്കോടതി. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.
പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമര്‍ശിച്ചു. ഡെപ്യൂട്ടി സോള്‍സിറ്റര്‍ ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായിരുന്നു.
Kerala
തിരുവനന്തപുരം: ദേശീയപാത വികസന പരിപാടിയുടെ ഉദ്ഘാടനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയമായ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ദേശീയപാത സംസ്ഥാനത്തിന്റെ പണമായ 11,160 കോടി രൂപ കൂടി ഉപയോഗിച്ച് നിർമിച്ചതാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ ഉദ്ഘാടനങ്ങളാണ്. ഇതിനെതിരേ ദേശീയപാതയിൽ എട്ട് റീച്ചിലും പ്രതിഷേധിക്കും.
ദേശീയ പാതയും ബൈപാസും നന്ദിഗ്രാമിന്റെ മണ്ണ് കൊണ്ടുവന്ന് തടസപ്പെടുത്താൻ ശ്രമിച്ചവരാണ് ബി ജെപിയെന്നും എം.വി. ഗോവിന്ദൻ കുപ്പെടുത്തി.
പാചകവാതക വില കേന്ദ്രം വലിയ തോതിൽ വർധിപ്പിച്ച് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരേ എൽഡിഎഫ് ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി അങ്ങേയറ്റത്തെ മര്യാദകേടെന്ന് മന്ത്രി എം.ബി. രാജേഷ്. വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമമെന്നും റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും രാജേഷ് പറഞ്ഞു.
മതനിരപേക്ഷ കേരളത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെയാണ്. നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ല എന്ന് തീരുമാനിച്ചു.
കഴിഞ്ഞ തവണത്തെ പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. അന്ന് താൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചതാണ്. പിന്നീട് വ്യവസ്ഥ ഉപേക്ഷിച്ചപ്പോഴാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്.
ദേശീയപാതയിൽ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വച്ചവരാണ് കേന്ദ്രസർക്കാർ. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങൾ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണിതെന്നും എംബി രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് വേണ്ട രീതിയിലുള്ള ക്ഷണമില്ല. ഇത് ബിജെപിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന സർക്കാർ കൂടി വലിയ തോതിൽ പണം മുടക്കി ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ് ദേശീയപാത 66. ദേശീയപാത വികസനത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. അത് കേവലം ലക്ഷങ്ങളോ കോടികളോ അല്ല, 5,580 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നൽകിയത്.
ഈ തുക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഏതാണ്ട് 12,000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഈ വസ്തുതകൾ നിലനിൽക്കെ, ഉദ്ഘാടന വേദിയിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും.
ഓരോ റീച്ചിന്റെയും പ്രവർത്തനങ്ങൾ കൃത്യമായി റിവ്യൂ ചെയ്യുകയും, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും നാഷണൽ ഹൈവേ റീജിയണൽ ഓഫീസറും പല തവണ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം ഇല്ലാതാക്കിയാൽ ഈ ചരിത്രപരമായ സംഭാവനകളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല. നിര്‍ണായകതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചകവാതകം പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതേസമയം, വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ടതാണ് സമിതി.
ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കും. ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള ഇന്നലെ നിർബന്ധമാക്കിയിരുന്നു.
എൽപിജി വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് ഉത്പാദനം വർധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. നിലവിൽ എൽപിജി ക്ഷാമമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ പ്രത്യേക അടിയന്തര അധികാരം (എമർജൻസി പവർ) പ്രയോഗിച്ച് കേന്ദ്രസർക്കാർ.
സംഘർഷത്തിനിടയിലും രാജ്യത്തിന് അത്യാവശ്യമായ പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു കേന്ദ്രം നിർദേശം നൽകി.
അടിയന്തര സാഹചര്യങ്ങളിൽ അത്യാവശ്യ സാധനങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരങ്ങൾ നൽകുന്ന 1955ലെ അവശ്യ സാധന നിയമപ്രകാരമാണ് ഉത്തരവ്.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജമേഖലയിലുണ്ടായ സവിശേഷ സാഹചര്യത്തെ പ്രതിരോധിക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ എൽപിജിയുടെ മിശ്രിതങ്ങളായ ബ്യൂട്ടെയ്നും പ്രൊപ്പെയ്നും എൽപിജി ഉത്പാദനത്തിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞദിവസം എണ്ണ ശുദ്ധീകരണശാലകൾക്കു നൽകിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനു കീഴിൽ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെയും ശേഖരമുണ്ട്.
എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്പാദക സ്രോതസുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊർജ വിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാർഗോകൾ ഇപ്പോഴും തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസങ്ങൾ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
സംഘർഷം രൂക്ഷമായതിനു പിന്നാലെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തിങ്കളാഴ്ച 10 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളർ വരെയാണ് ഉയർന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.
Kerala
പെരുമ്പാവൂർ: മതേതരത്വം തകർത്ത് വർഗീയത വളർത്താൻ ദേശീയ അടയാളങ്ങളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫ് മധ്യമേഖല ജാഥയോടനുബന്ധിച്ച് പെരുമ്പാവൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ വന്ദേമാതരം ആലാപന നിർദേശം ഇതിന്റെ തെളിവാണ്. മതപരമായ എതിർപ്പുകൾ കണക്കിലെടുത്ത് പതിറ്റാണ്ടുകളായി ഒഴിവാക്കി നിർത്തിയിരുന്ന ഭാഗം കൂടി പാടണമെന്ന വ്യവസ്ഥ മതേതരത്വം തകർക്കാനും വർഗീയത ഇളക്കിവിടാനും ഉദ്ദേശിച്ചാണ്.
വന്ദേമാതരം ആദ്യം, പിന്നെ ജനഗണമന എന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങൾക്കിടയിൽ മതിൽ കെട്ടിയുള്ള വോട്ടുരാഷ്ട്രീയം മാത്രമാണ്. ഇന്ന് വന്ദേമാതരത്തിൽ പിടിമുറുക്കിയവർ നാളെ ജനഗണമനയിലും വർഗീയവിഷം പുരട്ടും. മതേതരത്വം തകർത്ത് വർഗീയത വളർത്താൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ പ്രതിരോധിക്കാൻ രാജ്യം മുൻകൈയെടുക്കണം.
സംസ്ഥാനസര്‍ക്കാരിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളുമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചർച്ച. പ്രതിപക്ഷത്തിന് ഇപ്പോള്‍ ശബരിമലയും സ്വര്‍ണക്കൊള്ളയും മാത്രമാണു ചര്‍ച്ചയെന്നും ജോസ് കെ. മാണി പറഞ്ഞു.
National
ന്യൂഡൽഹി: സമൂഹ്യ മാധ്യമങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിനായി 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചു.
എഐ നിർമിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണവും ഏർപ്പെടുത്തി. പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാർ സംവിധാനം ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. മുമ്പ് ഇവ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.
പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ മുകളിലേക്കുള്ളവർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നത് രണ്ട് മണിക്കൂറായി കുറച്ചു.
ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് ഏഴു ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. ഇതിനെക്കുറിച്ച് മെറ്റയും എക്സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾപ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ദേശീയപാത 66ലെ ആരിക്കാടി ടോൾപ്ലാസയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതായി ബിജെപി ജില്ല പ്രസിഡന്റ് എം.എല്‍. അശ്വിനി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ആരിക്കാടി ടോള്‍പ്ലാസയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പണമായി ടോൾ പിരിവ് നടത്തുന്നത് അവസാനിപ്പിച്ചിരുന്നു.
പിന്നാലെ ഫാസ്ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവും നിർത്തിയിരുന്നു. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് പ്രവർത്തിച്ചിരുന്നത്.
National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാംഗ്ചുക് ബംഗ്ലാദേശിലും നേപ്പാളിലും നടന്നതിന് സമാനമായ ജെൻസി കലാപത്തിന് ആഹ്വാനം ചെയ്തതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
തന്റെ ലക്ഷ്യങ്ങൾക്ക് മറയായി ഗാന്ധിജിയുടെ പ്രസംഗങ്ങളും ഉപയോഗിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26ന് ആയിരുന്നു സോനത്തെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുത്തത്.
നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയാണ് സോനം വാംഗ്ചുക്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് വാംഗ്ചുകിനായി കോടതിയിൽ ഹാജരായത്. കേസിൽ ചൊവ്വാഴ്ചയും വാദം തുടരും.
Kerala
മലപ്പുറം: കേന്ദ്ര ബജറ്റിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേന്ദ്രസർക്കാർ കോർപറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധനയമാണ് നടപ്പാക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ വിമർശനം ഉന്നയിച്ചു. ആശാവർക്കർമാരെ നിരാശാ വർക്കർമാർ ആക്കിയവരാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വന്നപ്പോൾ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ ഒരു കാര്യം മറക്കരുത്, സർക്കാർ നിലപാടിനെതിരെ ഏറ്റവും വലിയ സമരം വരാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യ സമരത്തിൽ ഇടത് സർക്കാർ ഒലിച്ചു പോകുമെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
തൊഴിൽ വിരുദ്ധത ഉണ്ടായാൽ തൊഴിലാളികൾ രാഷ്ട്രീയം നോക്കാതെ സമരം ചെയ്യുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ടാൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനം അംഗീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽ ഏതായാലും മതി.
കെ റെയിൽ ആയാലും ആർആർടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയിൽപാത വന്നാൽ മതി. കെ റെയിൽ വേണ്ടെന്നു വച്ചതു കേന്ദ്രം സമ്മതിക്കാത്തതുകൊണ്ടാണ്. അതിൽ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ വേണ്ട ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണു സതീശൻ പറയുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്നു കോടതി ചോദിക്കും. തനിക്ക് അച്ഛനും അമ്മയുമില്ല, തന്നെ വെറുതെ വിടണമെന്ന് പ്രതി പറയും.
അതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ സതീശന്റേതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പ്രിംകഗ്ല്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തില്‍ അവിടെ നിയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയായിട്ടാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ചട്ടോഗ്രാം, ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര പദവികളിലും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമ്മീഷന്റെ പ്രവർത്തനം തുടരും.
ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും തീവ്രവാദി-റാഡിക്കല്‍ ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് ഈ തീരുമാനം. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിച്ചത്
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബംഗ്ലാദേശിലെ അക്രമങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് നടക്കുന്ന ബംഗ്ലാദേശിലെ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ നടപടി.
National
ന്യൂഡൽഹി: ദേശീയപാതകളിൽ ടോളുകൾ ഒഴിവാക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇനിമുതൽ തടസം നേരിടും.
ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് തടയാൻ കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാറ്റത്തിനു കാരണം.
നിശ്ചയിച്ചിട്ടുള്ള തുകയടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹങ്ങൾക്ക് ആ തുക അടച്ച് ബാധ്യത ഒഴിവാക്കുന്നതുവരെ ഇനിമുതൽ എൻഒസി ലഭിക്കില്ല.
Kerala
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി പിഴയിട്ടു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി.
നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നൽകിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും വിവരങ്ങൾ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി ഹാജരായ ജയന്ത് മുത്തുരാജ് കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. 50,000 രൂപ പിഴ ചുമത്തുമെന്ന് ജസ്റ്റീസ് രാജേഷ് ബിന്‍ഡാല്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിഴ കുറയ്ക്കുകയായിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം (വ്യാപാരക്കമ്മി) നേരിയ തോതിൽ വർധിച്ചെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം.
ഡിസംബറിൽ ഇന്ത്യ 3851 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോൾ ഇറക്കുമതി ചെയ്തത് 6355 കോടി ഡോളറിന്റെ ചരക്കുകളാണ്. ഇറക്കുമതി കയറ്റുമതിയെക്കാൾ അധികമാകുന്പോഴുള്ള വ്യാപാരക്കമ്മി കഴിഞ്ഞ മാസം 2504 കോടി ഡോളറാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കിൽ പറയുന്നു.
കഴിഞ്ഞ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി അഞ്ചുമാസത്തിനിടെ ഏറ്റവും കുറവായ 2453 കോടി ഡോളറിലെത്തിയിരുന്നെങ്കിലും ഡിസംബറിൽ ഇറക്കുമതി നല്ല രീതിയിൽ വർധിച്ചു.
അമേരിക്ക ചുമത്തിയ കനത്ത പിഴത്തീരുവയ്ക്കിടയിലും ഇന്ത്യക്ക് കയറ്റുമതി ചെറിയ രീതിയിലെങ്കിലും ഡിസംബറിൽ വർധിപ്പിക്കാനായതും നവംബറിൽനിന്ന് വ്യപാരക്കമ്മി കഴിഞ്ഞ മാസം നേരിയ തോതിൽ വർധിക്കുന്നതിനു കാരണമായി.
നടപ്പുസാന്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിലെ യുഎസ് കയറ്റുമതി മാസാമാസം വർധിച്ചിട്ടുണ്ടെന്നു ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. മാർച്ച് 31ന് സാന്പത്തിക വർഷം അവസാനിക്കുന്പോഴേക്കും ഇന്ത്യയുടെ മൊത്തം കയറ്റുമതി വ്യാപാരം 85,000 കോടി ഡോളറിലധികമാകുമെന്നും അഗർവാൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നറിയപ്പെടുന്ന സൈബർ തട്ടിപ്പുകൾ തത്സമയം തടയുന്നതിനായി ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറി അധ്യക്ഷനായ സമിതി ഇതിനോടകം നിരവധി തവണ യോഗം ചേർന്നെന്നും ഗൂഗിൾ, വാട്സാപ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ അവസാനം നടന്ന യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വിവിധ ഏജൻസികളുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതിനെത്തുടർന്ന് ഡിസംബർ 26നാണ് ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചത്.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറിയെക്കൂടാതെ ഐടി, വിദേശകാര്യം, നിയമം, ഉപഭോക്ത കാര്യം എന്നീ മന്ത്രാലയങ്ങളിൽനിന്നും സാന്പത്തിക സേവന വകുപ്പ്, റിസർവ് ബാങ്ക്, എൻഐഎ, സിബിഐ, ഡൽഹി പോലീസ്, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നീ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താൽപര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിക്തമായ അനുഭവം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ തയാറാകുന്നില്ല. കേരളത്തോട് ബിജെപിക്കും കേന്ദ്ര സർക്കാരിനും പക പോക്കൽ നടപടിയാണുള്ളത്.
കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. സ്വന്തം കൈയിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികൾ.
കേരളത്തിന്റെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ പ്രതിപക്ഷം തയാറല്ല. അതിന് അവരുടെതായ കാരണങ്ങൾ കാണും. നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന കൂർമ ബുദ്ധിയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്.
കേരളത്തെ അവഗണിക്കുമ്പോൾ, അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോൺഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കൗമാരക്കാരുടെ ആത്മാർഥ പ്രണയം പോക്സോ കേസിന്റെ കുരുക്കിൽപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവുമായി സുപ്രീംകോടതി.
പോക്സോ നിയമ ദുരുപയോഗം തടയാൻ "റോമിയോ-ജൂലിയറ്റ്’ ചട്ടം അവതരിപ്പിക്കുന്നതു പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കുട്ടികളെ സംരക്ഷിക്കാനാണു പോക്സോ നിയമമെങ്കിലും കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ഇതു സംരക്ഷിക്കുന്നതിന് നടപടി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കേരളം. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു കേന്ദ്ര ധനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന റബർ കർഷകരുടെ സുപ്രധാന ആവശ്യം ഉന്നയിക്കും. ഇപ്പോൾ, സംസ്ഥാനം 200 രൂപയാണ് നൽകുന്നത്. ഇതിലാണ് കേന്ദ്രം 50 രൂപയുടെ വർധന വരുത്തി റബർ കർഷകരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച കടമെടുക്കൽ പരിധി പുനഃസ്ഥാപിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനമാണ് സമർപ്പിക്കുക. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രി ഡൽഹിയിൽ ഇന്നു വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ കടമെടുക്കൽ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ചു. സാന്പത്തിക വർഷം മുഴുവൻ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയിൽ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച 1877 കോടി രൂപയും വെട്ടിക്കുറച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് പകരമുള്ള റെയിൽവേ പദ്ധതി അനുവദിക്കുക, ഗതാഗതത്തിരക്ക് കുറയ്ക്കാൻ കൂടുതൽ റെയിൽവേ സൗകര്യങ്ങൾ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കേരളത്തെ സാന്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
കേരളത്തിന്റെ തനതു നികുതി വരുമാനം ഇരട്ടിയിലധികമായി ഉയർന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2015-16ൽ 38,995 കോടി രൂപയായിരുന്ന തനതു നികുതി വരുമാനം 2024-25ൽ 84,884 കോടി രൂപയായി ഉയർന്നു. 117 ശതമാനം വർധന. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു .2015-16 ലെ 47,420 കോടി രൂപയിൽനിന്ന് 2024-25ൽ 1,03,240 കോടി രൂപയായാണ് തനതു വരുമാനം ഉയർന്നത്, 118% വർധന.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡല്‍ഹിയില്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കും. ഇവിടെവച്ചാകും നിവേദനം സമര്‍പ്പിക്കുക.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടമെടുക്കല്‍ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക വര്‍ഷം മുഴുവന്‍ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയില്‍ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ച 1,877 കോടി രൂപയും വെട്ടിക്കുറച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമുള്ള റെയില്‍വേ പദ്ധതി അനുവദിക്കുക, ഗതാഗത്തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിക്കും.
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
National
ചണ്ഡീഗഢ്: പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ആന്ദോളന്റെ ഭാഗമായി, ഒരു വര്‍ഷത്തെ ദീര്‍ഘ ഇടവേളയ്ക്ക് ശേഷം കര്‍ഷക പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഹൈപവര്‍ഡ് കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്റി, കടാശ്വാസം, മറ്റ് കാര്‍ഷിക ആശങ്കകള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്
2020-21ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന വന്‍ പ്രക്ഷോഭത്തിന് ശേഷമാണ് കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്.
എന്നാല്‍ 2024-25ല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ നടന്ന ദീര്‍ഘ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച നിലയിലായരുന്നു. എന്നാല്‍ കര്‍ഷകര്‍ വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.
National
ന്യൂഡൽഹി: കീടനാശിനി നിയന്ത്രണ നിയമത്തിന്റെ കരട് ബിൽ തയാറാക്കി കേന്ദ്ര സർക്കാർ. 1968ലെയും 1971ലെയും ഇൻസെക്ടിസൈഡ്സ് നിയമങ്ങളെ പുനഃസ്ഥാപിക്കുന്ന പുതിയ ബിൽ വ്യാജ കീടനാശിനികളെ നിയന്ത്രിക്കുന്നതിനും കർഷകക്ഷേമം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്രം പറയുന്നു.
കീടനാശിനികളുടെ ശാസ്ത്രീയ, സാങ്കേതിക വശങ്ങളിൽ ഉപദേശം നൽകാനായി കേന്ദ്ര കീടനാശിനി ബോർഡിന്റെയും കീടനാശിനികളുടെ രജിസ്ട്രേഷനായി രജിസ്ട്രേഷൻ കമ്മിറ്റിയുടെയും രൂപീകരണവും ബിൽ ശിപാർശ ചെയ്യുന്നുണ്ട്. വ്യാജ കീടനാശിനികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന ബില്ലിൽ രജിസ്ട്രേഷനില്ലാതെ ഇറക്കുമതി ചെയ്യുന്ന കീടനാശിനികൾക്ക് കർശന ശിക്ഷകളാണ് ചുമത്തുന്നത്.
പുതിയ ബില്ലിൽ നിയമനിർവഹണ അധികാരങ്ങൾ വിപുലീകരിച്ചിട്ടുമുണ്ട്. ബില്ലിനു കീഴിൽ നിയമിക്കപ്പെടുന്ന കീടനാശിനി ഇൻസ്പെക്ടർമാർക്ക് വാഹനമടക്കം പരിശോധിക്കാനും കീടനാശിനിയുമായി ബന്ധപ്പെട്ട ഏതു രേഖകൾ പരിശോധിക്കാനും അവയുടെ പകർപ്പുകൾ സൃഷ്ടിക്കാനും സാംപിളുകൾ ശേഖരിക്കാനും അധികാരമുണ്ട്.
ഗുണനിലവാരമുള്ള കീടനാശിനികൾ മാത്രമാണ് കർഷകരിലേക്കെത്തുന്നതെന്ന് ഉറപ്പാക്കാൻ പരീക്ഷണ ലബോറട്ടറികളുടെ അക്രഡിറ്റേഷനും ബിൽ ഉറപ്പാക്കുന്നുണ്ട്. ഇതിനോടൊപ്പം ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടാൽ ഏതു സമയത്തും കീടനാശിനിയുടെ ലൈസൻസ് റദ്ദാക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ബിൽ നിയമമാകുന്നതോടെ കീടനാശിനികളുടെ ഉത്പാദനം, ഇറക്കുമതി, ലേബലിംഗ്, വിൽപന, ഉപയോഗം തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കരടിൽ ഫെബ്രുവരി നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാം.
National
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടാനുള്ള വേതനപരിധി ഉയർത്തുന്നത് സംബന്ധിച്ച് നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.
11 വർഷമായി 15,000 രൂപയെന്ന പരിധി തുടരുകയാണെന്നും ഇത് പരിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.കെ.മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
Leader Page
കേരളം കേന്ദ്രത്തിൽനിന്നു സാന്പത്തിക ഉപരോധം നേരിടുന്നുവെന്നും കടമെടുപ്പ് പരിധി 5,944 കോടി വെട്ടിയത് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെടുകയുണ്ടായി. കേന്ദ്രം കേരളത്തെ സാന്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കേരളത്തിന് ബാധകമായ നെറ്റ് ബോറോയിംഗ് നിരക്ക് 2024-25ൽ കേന്ദ്രം താഴ്ത്തിയതും 2025-26ൽ വീണ്ടും കുറച്ചതും കടുത്ത പ്രകോപനമുണ്ടാക്കിയിരിക്കുന്നു. കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കേരളം ആക്ഷേപിക്കുന്പോൾ കേന്ദ്രം നല്കുന്ന വിശദീകരണം മുൻകാലങ്ങളിലെ ക്രമാതീതമായ അമിത വായ്പകളെ നിയമാനുസൃതം ക്രമപ്പെടുത്തുന്ന നടപടിയെന്നാണ്.
വ്യത്യസ്ത സമീപനങ്ങൾ
കേരള സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഉയർന്ന ക്ഷേമവും വർധിത ചെലവാക്കലുകളും പ്രധാനമാണ്. ശന്പളം, പെൻഷൻ, പലിശതിരിച്ചടവ് എന്നീ പ്രതിഛായസംബന്ധമായവ അനുസ്യൂതം തുടരണമെന്ന നയസമീപനം നിർബാധം നടപ്പിലാക്കാൻവേണ്ടി ബജറ്റിന് പുറമേയുള്ള വായ്പാ സാധ്യതകളെ വലിയ തോതിൽ അവലംബിച്ചു പോന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം സാന്പത്തിക അച്ചടക്കം നിലനിർത്തുകയെന്നതാണ്. ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം) ചട്ടക്കൂട്ടിനുള്ളിൽനിന്ന് നിയമാനുസൃതം പ്രവർത്തിക്കുകയും ദേശീയ തലത്തിൽ സാന്പത്തിക സുസ്ഥിരത ഏർപ്പാടാക്കുകയും ചെയ്യുക എന്നതാണ്. മേൽ രണ്ട് ലക്ഷ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് വായ്പകൾ വലിയതോതിൽ കുമിഞ്ഞുകൂടുന്പോഴാണ്. ഇപ്രകാരം കേരളത്തിൽ സംഭവിക്കുന്നുവെന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.
വായ്പാ നിയമങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം, സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽനിന്നുമുള്ള വായ്പയുടെ കുടിശികയുണ്ടെങ്കിൽ അല്ലെങ്കിൽ ഇന്ത്യാ ഗവണ്മെന്റ് ഗ്യാരന്റി നല്‍കിയിട്ടുള്ള ഏതെങ്കിലും വായ്പയുടെ കുടിശികയുണ്ടെങ്കിൽ, ആ സംസ്ഥാനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വായ്പയെടുക്കാൻ പാടില്ല. ഇത് നടപ്പിലാക്കുന്നത് എഫ്ആർബിഎം ആക്ട് പ്രകാരമുള്ള നെറ്റ് ബോറോവിംഗ് സീലിംഗ് നിരക്ക്, നിലവിൽ ബാധകമായ മൂന്നു ശതമാനം ജിഡിപിയുടെ എന്ന മാനദണ്ഡപ്രകാരമാണ്. ഒരു സംസ്ഥാനം വായ്പാ തിരിച്ചടവിനായി കണ്‍സോളിഡേറ്റഡ് ഫണ്ടിനെ ആശ്രയിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമായി കരുതപ്പെടും; ഇവ സംസ്ഥാന ബജറ്റിന്റെ ഭാഗമായോ അല്ലാതെ എസ്പിവി ആയോ ആവാം.
തർക്കത്തിന്റെ കാതൽ
കേരളത്തിലെ എൽഡിഎഫ് സർക്കാർ പണനയത്തിന്റെ ഭാഗമായി കിഫ്ബി/എസ്പിവി/ സ്റ്റേറ്റ് ഗ്യാരന്റികൾ എന്നിവയിലൂടെ വലിയ തോതിൽ വായ്പയെടുക്കുകയും ഇവയെ വായ്പാ പരിധിയിൽനിന്നു മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ, കേന്ദ്രസർക്കാർ ഇവയെ സർക്കാർ, പൊതുവായ്പകളായി പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഒന്നാം സർക്കാർ വായ്പകൾ
പിന്നിട്ട ഒന്നാം പിണറായി സർക്കാർ (2016-21) കാലഘട്ടത്തിൽ നേരിട്ടുള്ള ബജറ്റ് ബാധകമായ വായ്പ നിയമാനുസൃതമായി 1,05,000 കോടി രൂപയിലൊതുക്കി എഫ്ആർബിഎം നിബന്ധനകൾ അനുസരിച്ചു. എന്നാൽ, ബജറ്റിന് പുറത്ത്, ഇതര വഴികളിലൂടെ വലിയതോതിൽ വായ്പയെടുക്കൽ പ്രയോഗത്തിൽ വരുത്തിയെന്ന് കാണാം. 2016-21 കാലഘട്ടത്തിൽ കിഫ്ബിയുടെ കടം 20,000 കോടിയിൽനിന്ന് 38,000 കോടി രൂപയായി വർധിച്ചു. പെൻഷൻ എസ്പിവി വായ്പ 8,000 കോടിയിൽനിന്ന് 14,000 കോടിയായി ഉയർന്നു. മറ്റ് സംസ്ഥാന ഗ്യാരന്റികളിലൂടെയുള്ള വായ്പ 6,000 കോടിയിൽനിന്ന് 12,000 കോടി രൂപയായും ഉയർന്നു. ഈ മൂന്ന് ഓഫ് ബജറ്റ് വഴികളിലൂടെ 30,000 കോടിയുടെ അധികവായ്പകൾ സംസ്ഥാനത്തിന് മേൽ ഈ സർക്കാർ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരുന്നു.
തുടർഭരണത്തിൽ വായ്പകൾ
രണ്ടാമൂഴത്തിൽ ഇടതു സർക്കാരിന്റെ പിന്നിട്ട നാലു വർഷങ്ങളിൽ അനുവദനീയമായിട്ടുള്ള വായ്പാ പരിധി 23,000 കോടി രൂപയിൽനിന്ന് ഉയർന്ന് 27,000 കോടിയായി. എന്നാൽ, ഈ കാലഘട്ടത്തിൽ ക്രമാതീതമായി ഏറ്റെടുത്ത ഓഫ് ബജറ്റ് വായ്പകൾ ക്രമംതെറ്റി സന്പദ്ഘടനയെ താറുമാറാക്കി. മുൻ നാലുവർഷങ്ങളിൽ ഓഫ് ബജറ്റ് വായ്പകൾ ആകെ 28,500 കോടിയിലെത്തി.
തിരിച്ചടവ് ക്രമീകരണം
വായ്പാ കുടിശികയുടെ ക്രമീകരണം ഘട്ടംഘട്ടമായിട്ടാണ് കേന്ദ്ര സർക്കാർ ക്രമീകരിച്ചുവരുന്നത്, ഒറ്റയടിക്കല്ല. 2024-25ൽ 9,200 കോടി വകയിരുത്തി. 2025-26ലേക്ക് 14,000-17,000 കോടി, ഗഡുക്കളായി 3-4 വർഷങ്ങളിൽ തിരിച്ചുപിടിക്കുമത്രേ. ഈ തിരിച്ചുപിടിക്കലുകൾ കണക്കുകളിൽ വകവയ്ക്കുകയാണ്, പുതിയവയല്ല. മുൻകാലങ്ങളിലെ വലിയ വായ്പകളുടെ തിരിച്ചടവ് ഭാരം നിലവിലും തുടരുമല്ലോ.
കഷ്ടനഷ്ടങ്ങൾ ആർക്ക്
വായ്പാ നിബന്ധന നടപടികളുടെ ഗൗരവതരമായ നടത്തിപ്പ് ഹ്രസ്വകാലത്തേക്ക് സംസ്ഥാന സർക്കാരിന് ക്ലേശങ്ങൾ സമ്മാനിക്കുമെങ്കിലും നല്ല നടത്തിപ്പിനായുള്ള അവസരമായി കരുതട്ടെ. ക്രമംവിട്ട വലിയ വായ്പകൾ പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവ വർധിക്കാനുതകുമെന്ന് ന്യായമായും ജനം കരുതും. ഭാവി ഇരുളിലാകാതിരിക്കട്ടെ.
നിലവിലെ ഇടതു സർക്കാർ ഓഫ്-ബജറ്റ് മാർഗങ്ങളിലൂടെ വലിയതോതിൽ വായ്പകൾ ഏറ്റെടുത്തു. ഫലമോ രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മയുടെ പെരുക്കം, വരുമാന മാന്ദ്യത എന്നിവ.
കേന്ദ്രസർക്കാർ മേൽപ്രകാരമുള്ള വായ്പകളെ ക്രമപ്പെടുത്തുന്നതിനോടൊപ്പം ഭാവിയിൽ ഇവയുടെ വിപുലമായ ദുരുപയോഗത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത് എന്ന് അനുമാനിക്കാം. നിലവിലെ വിവാദം രാഷ്ട്രീയമല്ല, ധനപരമാണ്. മികച്ച ധനകാര്യ നടത്തിപ്പിന് കേന്ദ്രവും ജനങ്ങളോട് ബാധ്യസ്ഥരാണ്. വലിയ കടഭാരം ഏറ്റെടുത്ത് സാധാരണ ജനത്തിനുമേൽ അമിത തിരിച്ചടവ് ബാധ്യതകൾ അടിച്ചേൽപിക്കാതിരിക്കട്ടെ.
ആരോപണങ്ങൾ നിലനിൽക്കുമോ?
(1) ഒറ്റത്തവണ വലിയ തിരിച്ചടവ് വകയിരുത്തൽ കടന്നുവരുന്നത് പെരുകിയ ബാധ്യതകളുടെ പ്രതിഫലനം മാത്രമാണ്.
(2) ജിആർഎഫ് മാനദണ്ഡങ്ങൾ ശാസ്ത്രീയമല്ലെന്ന വാദഗതി നിലനിൽക്കുന്നതല്ല.
(3) കിഫ്ബി വായ്പകൾ കേന്ദ്രം പരിഗണിക്കരുതെന്ന വാദം ഓഡിറ്റ്/ധനകാര്യ നിയമങ്ങൾ/പ്രിൻസിപ്പിൾസ് അനുസരിച്ച് നിലനില്‍ക്കില്ല.
(4) നാഷണൽ ഹൈവേ സ്ഥലമെടുപ്പിനായിട്ടുള്ള വായ്പകളുടെ തിരിച്ചടവ് ഉത്തരവാദിത്വം സർക്കാരിലാണെങ്കിൽ, ഒഴിവാക്കൽ ബാധകമല്ല.
ഇതുപോലുള്ള ക്രമപ്പെടുത്തലുകൾ സമാനതലങ്ങളിലുള്ള സംസ്ഥാനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
(തുടരും)
Business
ന്യൂഡൽഹി: ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് നിർമാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ പദ്ധതികൾക്കു വേഗം കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിനു (ഇസിഎംഎസ്) കീഴിൽ 22 പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതിക്കു കീഴിൽ നല്കുന്ന മൂന്നാമത്തെ അംഗീകരമാണ്. പദ്ധതികളിൽ ടാറ്റാ ഇലക്ട്രോണിക്സ്, ഫോക്സ്കോണ്‍, ഡിക്സണ്‍, സാംസംഗ് എന്നിവ ഉൾപ്പെടുന്നു.
പുതിയ അംഗീകരം വഴി 41,863 കോടി രൂപയുടെ വൻകിട നിക്ഷേപവും 2,58,152 കോടി രൂപ മൂല്യമുള്ള ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. ഈ പദ്ധതികൾ 33,791 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇലക്ട്രോണിക്സ് ഘടകഭാഗങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കരുതുന്നു. വെറും അസംബ്ലിംഗിനു പകരം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമിക്കാനുള്ള രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനും ഇത് പിന്തുണയേകും.
മുന്‍പത്തെ പദ്ധതികളും നിലവിലുള്ള സെമി കണ്ടക്ടർ പദ്ധതികളും പുതിയ അംഗീകാരങ്ങളും ഒത്തുചേരുന്പോൾ ഇലക്ട്രോണിക് വിതരണ ശൃംഖലയിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നീക്കം കരുത്തുപകരുന്നു.
ആപ്പിളിന്റെ വിതരണശൃംഖലകൾ നിക്ഷേപം ഉയർത്തും
ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ആപ്പിളിന്റെ വിതരണശൃംഖലയിലുള്ള കന്പനികൾ വൻതോതിൽ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും വലിയൊരു ഭാഗം ഇന്ത്യയിൽ ഉത്പാദനം വ്യാപിപ്പിക്കുന്ന കന്പനികളിലൂടെയായിരിക്കും. ഈ വിതരണക്കാരിൽ പലരും ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ തയാറെടുക്കുകയാണ്. ഇതിൽ ചില കന്പനികൾ ഘടകഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കു കയറ്റുമതി ചെയ്യുന്നു. മദർസണ്‍ ഇലക്ട്രോണിക് കംപോണന്റ്, ടാറ്റാ ഇലക്ട്രോണിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, ഫോക്സ്കോണ്‍ -യുഷാൻ ടെക് ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് ആപ്പിളിന്റെ ഈ ശൃംഖലയിലെ പ്രമുഖ കന്പനികൾ.
കൂടുതൽ സംസ്ഥാനങ്ങളിലേക്ക്
ഈ അംഗീകരിച്ച പദ്ധതികൾ ആന്ധ്രപ്രദേശ്, കർണാടക, ഹരിയാന, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ എട്ടു സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിക്കുക. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സംസ്ഥാനങ്ങളിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.
അംഗീകാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഘടനാപരമായ പരിഷ്കാരങ്ങൾ, പിന്തുണ നൽകുന്ന നയങ്ങൾ, അതിവേഗത്തിലുള്ള നടപ്പിലാക്കൽ എന്നിവയിൽ കേന്ദ്രസർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിക്ഷേപം ഉയരുക മൊബൈൽ എൻക്ലോസറുകൾക്ക്
ഏറ്റവും പുതിയ ബാച്ചിൽ കൂടുതൽ നിക്ഷേപം വരുന്നത്. മൂന്നു പ്രോജക്ടുകളിലായി 27,166 കോടി രൂപയുടെ ഇതിലേക്ക് ആകർഷിക്കപ്പെടുക. പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) മേഖലയിൽ ഒന്‍പത് പ്രോജക്ടുകളാണുള്ളത്. ഇതിൽ 7,377 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു. ലിഥിയം അയണ്‍ സെൽ പദ്ധതിക്കായി 2922 കോടി രൂപ നിക്ഷേപിക്കും.
അംഗീകരിച്ച നിർദേശങ്ങൾ വിവിധ മേഖലകളിൽ ഉപയോഗപ്രദമാകുന്ന 11 ഉത്പന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. അഞ്ചെണ്ണം അടിസ്ഥാന ഘടകങ്ങളാണ് പിസിബികൾ, കപ്പാസിറ്ററുകൾ, കണക്ടറുകൾ, എൻക്ലോസറുകൾ, ലിഥിയം അയണ്‍ സെല്ലുകൾ എന്നിവയാണവ. മൂന്നു സബ്അസംബ്ലികളിൽ കാമറ മൊഡ്യൂഡുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ഓപ്ടിക്കൽ ട്രാൻസീവറുകൾ എന്നിവയാണുള്ളത്. മൂന്നു സപ്ലൈ ചെയിൻ ഇനങ്ങളിൽ അലുമിനിയം എക്സ്ട്രൂഷൻ, ആനോഡ് മെറ്റീരിയൽ, ലാമിനേറ്റ് എന്നിവയും.
ഈ ഘടകങ്ങൾ മൊബൈൽ നിർമാണം, ടെലികോം, കണ്‍സ്യൂമർ ഇലക്ട്രോ ണിക്സ്, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, സ്ട്രാറ്റെജിക് ഇലക് ട്രോണിക്സ്, ഐടി ഹാർഡ്വേർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
മുൻ ഇസിഎംഎസുകൾ
2025 നവംബറിൽ പ്രഖ്യാപിച്ച മുൻ ഇസിഎംസ് ഘട്ടത്തിൽ 7,172 കോടി രൂപയുടെ നിക്ഷേപവും 65,111 കോടി രൂപയുടെ ഉത്പാദനവും 11,808 നേരിട്ടുള്ള തൊഴിലും ഉൾപ്പെടുള്ള 17 നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ 5,532 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ഏഴു പദ്ധതികളാണ്ടായിരുന്നത്.
വൻ കന്പനികൾ
പുതിയ അംഗീകാരങ്ങളിൽ ഫോക്സ്കോണിന്റെ തമിഴ്നാട് പ്രോജക്ട് മൊബൈൽ ഫോണ്‍ എൻക്ലോസറുകൾ നിർമിക്കും. ഇത് 16200 തൊഴിൽ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ എൻക്ലോസർ പ്രോജക്ട് 1500 തൊഴിൽ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഡിക്സണ്‍ ടെക്നോജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയും ഇതിൽപ്പെടുന്നു.
അംഗീകാരം ലഭിച്ച കന്പനികളിൽ എപിടോം കംപോണന്റ്സ്, ഡെക്കി ഇലക്ട്രോണിക്സ്, ഇന്ത്യ സർക്യൂട്സ്, ബിപിഎൽ ലിമിറ്റഡ്, വിപ്രോ ഹൈഡ്രോളിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, മദർസണ്‍ ഇലക്ട്രോണിക് കംപോണന്റ്സ് എന്നിവ ഉൾപ്പെടെ 15 എണ്ണമാണുള്ളത്.
National
ന്യൂഡൽഹി: പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
മൂന്നു സേനകൾക്കും അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്.
ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ 2 എന്നിവ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്കും ഡിഎസി അംഗീകാരം നൽകി.
Kerala
കോഴിക്കോട്: 1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിക്കുന്നതിനായി 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘പ്രോജക്ട് ചീറ്റ’യ്ക്കു വേണ്ടി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 138.08 കോടി രൂപ. നിലവില്‍ ഇന്ത്യയിലാകെ 30 ചീറ്റപ്പുലികളാണുള്ളത്. ഇതില്‍ 27 എണ്ണം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലും മൂന്നെണ്ണം ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ഇത്രയും ചീറ്റപ്പുലികള്‍ക്കു വേണ്ടിയാണ് 100 കോടിയിലധികം രൂപ ചെലവഴിച്ചത്.
2022 സെപ്റ്റംബറില്‍ നമീബിയയില്‍നിന്ന് എട്ടു ചീറ്റകളെയും 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. പ്രോജക്ട് ടൈഗര്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി നല്കുന്ന ഗ്രാന്റുകള്‍, കോംപന്‍സേറ്ററി അഫോറസ്റ്റേഷന് ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് അഥോറിറ്റി (ക്യാമ്പ്) ഫണ്ട്, വിവിധ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടുകള്‍ എന്നിവ മുഖേനെയാണു സര്‍ക്കാര്‍ ചീറ്റകളുടെ പരിപാലനത്തിനായി കോടികള്‍ സമാഹരിച്ചത്.
ചീറ്റകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി മധ്യപ്രദേശിലെ വനമേഖലകളില്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ ചീറ്റകളുടെ അതിജീവന നിരക്ക് 55 ശതമാനമാണ്. എന്നാല്‍ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് 61.3 ശതമാനമാണ്.
വിദേശങ്ങളില്‍ നിന്നെത്തിച്ച ചീറ്റകളെ ആദ്യം ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. പിന്നീട് പാര്‍ക്കിനുള്ളിലെ വലിയ ചുറ്റുമതിലുകള്ക്കുള്ളിലേക്കു തുറന്നുവിട്ടു. ചീറ്റകളുടെ ചലനങ്ങളും ആരോഗ്യവും നിരീക്ഷിക്കാന്‍ റേഡിയോ കോളറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചീറ്റകളുടെ ഗര്‍ഭകാല നിരീക്ഷണം അടക്കമുള്ള കാര്യങ്ങള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥരടക്കമുള്ള സംവിധാനങ്ങളാണ് കോടികള്‍ മുടക്കി കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചീറ്റകളുടെ ആരോഗ്യവും വയറിന്റെ വലിപ്പവും നിരീക്ഷിച്ച് ഗര്‍ഭധാരണം സ്ഥിരീകരിച്ചാല്‍ മതിയായ പോഷകാഹാരവും മാനസിക സമ്മര്‍ദമില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കും. അമ്മ ചീറ്റക്കുഞ്ഞുങ്ങളെ അവഗണിക്കുകയോ മറ്റ് ആണ് ചീറ്റകളില്നിന്നു ഭീഷണിയുണ്ടാവുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ ഇടപെടും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളും സപ്ലിമെന്റുകളും നല്‍കും. അണുബാധ ഒഴിവാക്കാന്‍ പരിസരം വൃത്തിയായി സൂക്ഷിക്കും.
മനുഷ്യസഹായം നല്‍കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വാസനകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തും. ആഫ്രിക്കയിലെ സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമായ ഇന്ത്യയിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നത് ചീറ്റകള്‍ക്കു സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ചീറ്റകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥാ സംവിധാനങ്ങള്‍ ഒരുക്കാനും നല്ലൊരു തുക ചെലവഴിക്കുന്നുണ്ട്.
National
ന്യൂഡല്‍ഹി: യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍നിന്ന് ആധാര്‍ ഉടമകളുടെ വിവരം ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ജിതിന് പ്രസാദ ലോക്സഭയില്‍ നല്കിയ മറുപടിയില്‍ അറിയിച്ചു.
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണ്. സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിനു കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭഘട്ടത്തില്‍ത്തന്നെ ഡൈനാമിക് സുരക്ഷാപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് ചിദംബരം പറഞ്ഞു.
രാഷ്ട്രത്തിന്റെ ഓർമകളിൽ നിന്ന് മഹാത്മഗാന്ധിയെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നുവെന്ന് പി. ചിദംബരം ആരോപിച്ചു. ഇന്ത്യൻ ജനതയുടെ ഓർമ്മയിൽ നിന്ന് ഗാന്ധിജി മാഞ്ഞുപോകണം. കുട്ടികൾ മഹാത്മഗാന്ധിയെക്കുറിച്ച് അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
ജനങ്ങളുടെ അധരത്തിൽ മഹാത്മഗാന്ധിയുടെ പേര് ഉണ്ടാകരുതെന്നാണ് അവരുടെ താത്പര്യമെന്ന് പറഞ്ഞ പി. ചിദംബരം ജവാഹർലാൽ നെഹ്റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ അറിയിച്ചു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് പാര്‍ലമെന്റിൽ അറിയിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽനിന്ന് (പിഎംഎംഎൽ) പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പിഎംഎംഎല്ലിൽ രേഖകളുടെ വാർഷിക ഓഡിറ്റിംഗ് നടക്കാറില്ലെന്നും ഈ വർഷം നടന്ന വാർഷിക പരിശോധനയിൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നും കണ്ടെത്തിയെന്നും ബിജെപി എംപി സംബിത് പത്രയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു.
ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി എംപിയുടെതന്നെ ചോദ്യത്തിനു കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയതിനു പിന്നാലെ, സത്യം അവസാനം പുറത്തുവന്നെന്നും ഒരു ക്ഷമാപണം വരാനിരിക്കുന്നുണ്ടോയെന്നും കോണ്‍ഗ്രസ് എംപി ജയ്റാം രമേശ് പ്രതികരിച്ചു.
നെഹ്റുവിന്റെ ചില സ്വകാര്യ കത്തുകൾ വീണ്ടെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിഎംഎംഎൽ സൊസൈറ്റി അംഗമായ റിസ്വാൻ കാദ്രി സെപ്റ്റംബറിൽ പറഞ്ഞതിനു കടകവിരുദ്ധമായാണ് കേന്ദ്രത്തിന്റെ ഇന്നലത്തെ വിശദീകരണം.
വിദേശ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളുടെ പകർപ്പുകൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പിഎംഎംഎൽ സോണിയയ്ക്കു കത്തെഴുതിയിരുന്നുവെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ട് ബാറ്റൻ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളടങ്ങിയ പെട്ടികൾ യുപിഎ സർക്കാരിന്റെ കാലത്തു സോണിയഗാന്ധി മ്യൂസിയത്തിൽനിന്നു നീക്കം ചെയ്തുവെന്നായിരുന്നു ആരോപണം.
National
ന്യൂഡൽഹി: വ്യോമയാന മേഖലയിലുണ്ടാകുന്ന ഡിമാൻഡുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി വർഷം മുഴുവൻ നിരക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ അറിയിച്ചു.
ഉയർന്ന വിമാനനിരക്കിനെതിരേ ലോക്സഭയിൽ ഷാഫി പറന്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിൽ നടന്ന ചർച്ചയിലെ മറുപടിപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷം മുഴുവൻ നിരക്കുപരിധി നിശ്ചയിക്കാൻ സർക്കാരിനു സാധിക്കില്ല.
ഉത്സവസീസണുൾപ്പെടെ ഡിമാൻഡ് കൂടുന്ന സമയത്തു നിരക്ക് വർധിക്കാറുണ്ട്. തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ വിമാനക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നതിനു പകരം വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത്.
മൂന്നു വിമാനക്കന്പനികൾക്ക് സർവീസിന് എൻഒസി നൽകിയിട്ടുണ്ട്. രണ്ടു കന്പനികൾ കൂടി അപേക്ഷിച്ചിട്ടുണ്ട്. ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ തയാറെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് പ്രമേയം പിൻവലിക്കാൻ ഷാഫിയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്ത് ഷാഫി പ്രമേയം പിൻവലിച്ചു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
Kerala
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളം കേന്ദ്രത്തിന് 5,580 കോടി രൂപ നൽകിയെന്ന് പിണറായി വിജയൻ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ഈ തുക ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്ബിയുടെ കമ്പോള വായ്പ കേരളത്തിന്റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ഇതിനെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ താത്പര്യമാണ് കേന്ദ്ര സർക്കാർ പരിഗണിച്ചതെന്നും സംഘടനകൾ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.