എഡബ്ല്യുഎസ് സിഇഒ മാറ്റ് ഗാർമാൻ
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഓഫീസുകളിലെ തുടക്കക്കാരുടെ എൻട്രി ലെവൽ ജോലികൾ ഇല്ലാതാകുമെന്ന പ്രവചനങ്ങളെ തള്ളി ആമസോൺ വെബ് സർവീസസ് സിഇഒ മാറ്റ് ഗാർമാൻ. എഐ വരുന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കാനല്ല, മറിച്ച് ജോലിയുടെ സ്വഭാവം മാറ്റാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആശങ്കകൾ കാരണം കമ്പനികൾ യുവാക്കളെ ജോലിക്കെടുക്കുന്നത് നിർത്തലാക്കിയാൽ അത് അവർ ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എഐ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജൂനിയർ തലത്തിലുള്ള പകുതിയിലധികം വൈറ്റ് കോളർ ജോലികളും ഇല്ലാതാക്കുമെന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാറ്റ് ഗാർമാൻ. മൈക്രോസോഫ്റ്റ് എക്സൽ സോഫ്റ്റ്വെയർ വന്ന കാലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ വാദങ്ങളെ സമർഥിച്ചത്.
"എക്സൽ വന്നപ്പോൾ ഓഫീസ് ജോലികളിൽ വലിയ മാറ്റങ്ങളുണ്ടായി. എന്നാൽ അത് ജീവനക്കാരെ പൂർണ്ണമായി ഇല്ലാതാക്കിയില്ല, പകരം അവരുടെ ജോലി എളുപ്പമാക്കുകയാണ് ചെയ്തത്. എഐയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. പുതിയ സാങ്കേതികവിദ്യ പഴയ ചില ജോലികൾ ഇല്ലാതാക്കുമ്പോൾ തന്നെ അതിനേക്കാൾ മികച്ചതും രസകരവുമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാറ്റ് ഗാർമാൻ വ്യക്തമാക്കി.
എഐ കാരണം പകുതി ജോലികളും ഇല്ലാതായാൽ അത് സമ്പദ്വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും, ഗണിതശാസ്ത്രപരമായി അത്തരം പ്രവചനങ്ങൾ യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ഗേറ്റ്സ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുടെ നിലപാടുകൾക്ക് സമാനമാണ് ഗാർമാന്റെ ഈ കാഴ്ചപ്പാട്.
എഐ തരംഗത്തിനിടയിലും യുവാക്കളുടെ പ്രസരിപ്പിലും പുതിയ ചിന്തകളിലും ആമസോണിന് പൂർണ് വിശ്വാസമുണ്ടെന്ന് ഗാർമാൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ വർഷം 11,000 ഇന്റേണുകളെയും പുതിയ കോളേജ് ബിരുദധാരികളെയും കമ്പനി ജോലിക്ക് എടുക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളിൽ പ്രസക്തരായി തുടരാൻ ജീവനക്കാർ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി ആമസോൺ തങ്ങളുടെ കമ്പനിയിൽ വലിയ തോതിൽ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. എഐ ഏജന്റുകൾ വരുന്നതോടെ കാര്യക്ഷമത കൂടുമെന്നും ചില തസ്തികകൾ ഒഴിവാക്കേണ്ടി വരുമെന്നും ആമസോൺ സിഇഒ ആൻഡി ജാസി മുൻപ് വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ്, ജോലികൾ ഇല്ലാതാകില്ലെന്ന എഡബ്ല്യുഎസ് മേധാവിയുടെ ഈ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
Tags : technology hiring amazon artificialinteligence