ഗൂഗിൾ ഫോട്ടോസ്
ന്യൂഡൽഹി : ഗൂഗിൾ ഫോട്ടോസ് ഉപയോക്താക്കൾക്കായി പുതിയ നയമാറ്റങ്ങളും ഫീച്ചറുകളും അവതരിപ്പിക്കുന്നു. ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും തിരികെ ലഭിക്കാനുള്ള കാലാവധി ഗൂഗിൾ പകുതിയായി വെട്ടിച്ചുരുക്കി. ഇതിനൊപ്പം ഫോട്ടോകളിൽ നിന്ന് നേരിട്ട് ഇവന്റുകൾ കലണ്ടറിലേക്ക് മാറ്റാൻ സഹായിക്കുന്ന പുതിയ ടൂളും ഗൂഗിൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
മുൻപ് ഡിലീറ്റ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും 60 ദിവസത്തോളം ട്രാഷ് ബിനിൽ ഭദ്രമായി ഉണ്ടായിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് ബാക്കപ്പ് ചെയ്തതും ഫോൺ മെമ്മറിയിലുള്ളതുമായ ചിത്രങ്ങൾ ഡിലീറ്റ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ ശാശ്വതമായി മായ്ക്കപ്പെടും. തെറ്റായി ഡിലീറ്റ് ആകുന്ന ഫോട്ടോകൾ വീണ്ടെടുക്കാൻ ഇനി 30 ദിവസം മാത്രമേ സമയം ലഭിക്കൂ.
പരിപാടികളുടെ പോസ്റ്ററുകൾ, ക്ഷണക്കത്തുകൾ അല്ലെങ്കിൽ ഫ്ലയറുകൾ എന്നിവയുടെ ചിത്രങ്ങളിൽ നിന്ന് ഇവന്റ് വിവരങ്ങൾ സ്വയം കണ്ടെത്തി ഗൂഗിൾ കലണ്ടറിലേക്ക് ചേർക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്.
ഫോട്ടോ സ്കാൻ ചെയ്ത് പരിപാടിയുടെ പേര്, തീയതി, സമയം, വിവരണം എന്നിവ കൃത്യമായി കണ്ടെത്തി കലണ്ടറിൽ എന്റ്രി നൽകും. കൂടാതെ, ഭാവിയിൽ പരിശോധിക്കാനായി ചിത്രത്തിന്റെ ലിങ്കും കലണ്ടർ എന്റ്രിയിൽ നൽകും.
ആൻഡ്രോയിഡ് അതോറിറ്റിയുടെ എപികെ പരിശോധനയിലാണ് 'ആസ്ക് ഫോട്ടോസ്' ഫീച്ചറിലെ ഈ പുതിയ മാറ്റം കണ്ടെത്തിയത്. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ കലണ്ടർ ഫീച്ചറിന്റെ ഔദ്യോഗിക റിലീസ് തിയതി ഗൂഗിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Tags : Google googlephotos calender newfeatures trashbin