ക്ലോഡ്
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ക്ലോഡിൽ പുതിയൊരു ഫീച്ചറുമായി ആന്ത്രോപിക് എത്തിയിരിക്കുന്നു. ഇനി മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ ക്ലോഡുമായി ബന്ധിപ്പിക്കാം. ഒപ്പം നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചെലവുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് എഐ കൃത്യമായ മറുപടി നൽകുകയും ചെയ്യും.
എന്നാൽ ഇതിലൊരു പ്രധാന പരിമിതിയുണ്ട്; ക്ലോഡിന്റെ ഈ പുതിയ ഫീച്ചർ 'റീഡ്-ഒൺലി' മോഡലിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. അതായത്, ക്ലോഡിന് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കാനോ മറ്റ് പണമിടപാടുകൾ നടത്താനോ കഴിയില്ല. വിവരങ്ങൾ വിശകലനം ചെയ്ത് നൽകാൻ മാത്രമെ ഇതിന് സാധിക്കൂ.
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
പ്ലെയ്ഡ് ഫിൻടെക് പ്ലാറ്റ്ഫോം വഴിയാണ് ഉപയോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോഡുമായി ബന്ധിപ്പിക്കേണ്ടത്.
ബാങ്കിന്റെ പേര്, അക്കൗണ്ട് തരം, ബാലൻസ്, ക്രെഡിറ്റ് ലിമിറ്റുകൾ, കഴിഞ്ഞ രണ്ട് വർഷത്തെ ഇടപാടുകൾ എന്നിവ പരിശോധിക്കാൻ ക്ലോഡിന് സാധിക്കും. ഉപയോക്താക്കളുടെ ബാങ്ക് പാസ്വേഡുകൾ ക്ലോഡ് ആവശ്യപ്പെടില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു.
"ഈ മാസം എന്റെ പണം എങ്ങോട്ടൊക്കെയാണ് പോയത്?" എന്ന് ചോദിച്ചാൽ ചെലവുകൾ തരംതിരിച്ച് നൽകാൻ ക്ലോഡിന് കഴിയും. കൂടാതെ നിങ്ങളുടെ ചെലവുകൾ നോക്കി അടുത്തൊരു അവധിക്കാല യാത്ര പോകാൻ സാധിക്കുമോ എന്ന് വിലയിരുത്താനും ഇത് സഹായിക്കും.
ഈ ഫീച്ചറിൽ പരസ്യങ്ങളോ സ്പോൺസേർഡായ ശുപാർശകളോ ഉണ്ടായിരിക്കില്ലെന്ന് ആന്ത്രോപിക് പറയുന്നു. എഐ നൽകുന്ന കണക്കുകളിൽ തെറ്റുകൾ വരാൻ സാധ്യതയുള്ളതിനാൽ ഉപയോക്താക്കൾ പ്രസക്തമായ വിവരങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ യുഎസിലെ ക്ലോഡ് പ്രോ, മാക്സ്, അൾട്രാ സബ്സ്ക്രൈബർമാർക്കായി ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.
Tags : Anthropic claude connect bank account anthropiclaude