ഇൻസ്റ്റാഗ്രാം എഡിറ്റ്സ്
ന്യൂഡൽഹി : ഫോണിലെ ചെറിയ സ്ക്രീനിൽ റീലുകൾ എഡിറ്റ് ചെയ്ത് മടുത്ത ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്കായി ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്രഫഷണൽ വിഡിയോ എഡിറ്റിംഗ് ആപ്പായ 'എഡിറ്റ്സ്' മാക് കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കി തുടങ്ങി. പൂർണമായും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പിലൂടെ വലിയ സ്ക്രീനിൽ പ്രഫഷണൽ രീതിയിൽ വിഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കും.
ഒരേസമയം ഒന്നിലധികം വിഡിയോ-ഓഡിയോ ലെയറുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 'മൾട്ടി-ട്രാക്ക് ടൈംലൈൻ', കസ്റ്റം ട്രാൻസിഷനുകൾക്കായുള്ള 'കീഫ്രെയിമുകൾ', പാട്ടിന്റെ ഈണത്തിനനുസരിച്ച് കട്ടുകൾ നടത്താൻ സഹായിക്കുന്ന 'ഓഡിയോ വെയ്വ്ഫോം' എന്നിവ ഇതിലുണ്ട്.
കളർ വീലുകൾ, ടോൺ കർവുകൾ എന്നിവയ്ക്ക് പുറമെ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വന്തം LUT-കളും ഫോണ്ടുകളും ആപ്പിലേക്ക് ഇമ്പോർട്ട് ചെയ്യാനും സാധിക്കും. എഡിറ്റ് ചെയ്ത വിഡിയോകൾ യാതൊരുവിധ വാട്ടർമാർക്കുമില്ലാതെ ഉയർന്ന 4K റെസല്യൂഷനിൽ മാക്കിലേക്ക് എക്സ്പോർട്ട് ചെയ്യാം.
എഡിറ്റ് ചെയ്ത ഫയലുകൾ ഫോണിലേക്ക് മാറ്റാതെ തന്നെ മാക്കിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യാം. ലൊക്കേഷൻ ചേർക്കാനും ആളുകളെ ടാഗ് ചെയ്യാനുമുള്ള ഓപ്ഷനുകളും ഇതിലുണ്ട്. മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ വഴി ഇഷ്ടമുള്ള തേർഡ് പാർട്ടി എഐ ഏജന്റുകളെ ആപ്പുമായി ബന്ധിപ്പിക്കാനും വിഡിയോ എഡിറ്റിംഗ് ജോലികൾ എളുപ്പമാക്കാനും സാധിക്കും.
ആപ്പിൾ സിലിക്കൺ പ്രൊസസറുകളിൽ പ്രവർത്തിക്കുന്ന മാക് കമ്പ്യൂട്ടറുകളിലാണ് നിലവിൽ ഈ ആപ്പ് ലഭിക്കുക. വിൻഡോസ് പതിപ്പ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഫോണിൽ പാതിവഴിയിൽ നിർത്തിയ പ്രോജക്റ്റുകൾ മാക്കിൽ തുറന്ന് എഡിറ്റ് ചെയ്യാനുള്ള സൌകര്യം ലഭ്യമല്ല. ക്യാപ്കട്ട് ആപ്പിന് ശക്തമായ എതിരാളിയായാണ് ഇൻസ്റ്റാഗ്രാം എഡിറ്റ്സ് മാക്കിലേക്ക് എത്തിയിരിക്കുന്നത്.
Tags : Instagram mac edits applemacbook 4kexport aifeatures