മെറ്റ മ്യൂസ്
ന്യൂയോർക്ക് : മെറ്റായുടെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'മ്യൂസ്' ഉപയോക്താക്കൾക്ക് മുന്നിൽ ഇനി നേരിട്ട് സംസാരിക്കും. ടൈപ്പ് ചെയ്യുന്നതിനോ ശബ്ദം മാത്രം കേൾക്കുന്നതിനോ പകരം എഐ കഥാപാത്രങ്ങളുമായി റിയൽ-ടൈം വിഡിയോ കോൾ ചെയ്യാൻ സഹായിക്കുന്ന 'മ്യൂസ് വോയ്സ്' ഫീച്ചർ മെറ്റാ യുഎസിൽ അവതരിപ്പിച്ചു.
മൊബൈൽ ഫോണുകൾ, വെബ്ബ്, മാക് എന്നിവയിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. മെറ്റായുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാംഗ് ആണ് ഈ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്.
എന്തൊക്കെയാണ് പുതിയ പ്രത്യേകതകൾ?
സാധാരണ വോയ്സ് അസിസ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമായി മ്യൂസിന് ഒരു മുഖമുണ്ട്. 'ജോളി' എന്ന് പേരിട്ടിരിക്കുന്ന ഒരു ക്യൂട്ട് ആനിമേറ്റഡ് കഥാപാത്രമാണ് ഡിഫോൾട്ടായി വരുന്നത്. ഉപയോക്താക്കളുടെ സംഭാഷണത്തിന്റെ മൂഡിനനുസരിച്ച് ഫേഷ്യൽ എക്സ്പ്രഷനുകൾ നൽകാൻ ഇതിന് സാധിക്കും. കൂടാതെ ഉപയോക്താക്കൾക്ക് ഈ അവതാരത്തെ മനുഷ്യനായോ മൃഗങ്ങളായോ മറ്റ് കഥാപാത്രങ്ങളായോ മാറ്റാനും സാധിക്കും.
സംഭാഷണവും അവതാരത്തിന്റെ ചുണ്ടനക്കങ്ങളും ഭാവങ്ങളും കൃത്യമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'Muse Realtime Avatar', 'Muse Realtime Voice' എന്നീ രണ്ട് പുതിയ എഐ മോഡലുകളാണ് മെറ്റാ ഉപയോഗിക്കുന്നത്. വിഡിയോ കോളുകളുടെ ദുരുപയോഗം തടയാൻ 'Meta Video Seal' എന്ന വാട്ടർമാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഈ സേവനം ഉപയോഗിക്കാൻ അനുമതിയുള്ളൂ.
ഈ വർഷം അവസാനത്തോടെ ചെറിയൊരു തമാഗോച്ചി മോഡൽ വെയറബിൾ ഗാഡ്ജറ്റായ 'മ്യൂസ് ചാം' വിപണിയിലെത്തിക്കാനും മെറ്റാ പ്ലാൻ ചെയ്യുന്നുണ്ട്. ചെറിയൊരു സ്ക്രീനുള്ള ഈ ഡിവൈസ് വഴി ഫോൺ എടുക്കാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ എഐ അവതാരവുമായി സംസാരിക്കാനും ടാസ്കുകൾ പൂർത്തിയാക്കാനും സാധിക്കും. ഭാവിയിൽ മെറ്റായുടെ സ്മാർട്ട് ഗ്ലാസുകളിലേക്കും ഈ വിഡിയോ കോളിംഗ് ഫീച്ചർ എത്തുന്നതായിരിക്കും.
Tags : metamuse us facetoface animatedmuse museai