പ്രതീകാത്മക ചിത്രം
ന്യൂ ഡൽഹി: ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ വരുന്ന രണ്ട് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 4,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു.
ആഗോള വിപണിയിലെ കടുത്ത മത്സരം, വിൽപ്പനയിലുണ്ടായ ഇടിവ്, യുഎസ് താരിഫ് നയങ്ങൾ, സൈബർ ആക്രമണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ മറികടക്കാനും കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുമാണ് ഈ വൻ പിരിച്ചുവിടുൽ.
കമ്പനിയിലെ ഫാക്ടറി തൊഴിലാളികളെക്കാൾ, സീനിയർ റോളുകൾ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് , മാനേജ്മെന്റ് , മറ്റ് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയായിരിക്കും ഈ നടപടി പ്രധാനമായും ബാധിക്കുക. ഇതിനായി കമ്പനി ജീവനക്കാർക്കായി സ്വമേധയാ വിരമിക്കൽ പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1.7 ബില്യൺ പൗണ്ട് (ഏകദേശം 18,000 കോടിയോളം രൂപ) ചെലവ് ചുരുക്കാനാണ് ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനായി വലിയ തുക നിക്ഷേപിക്കേണ്ടി വരുന്നതും ഇതിന് കാരണമാണ്.
കഴിഞ്ഞ വർഷം ഫാക്ടറി പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ച സൈബർ ആക്രമണവും, അമേരിക്കൻ പ്രസിഡന്റിന്റെ താരിഫ് നയങ്ങളും, ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും കമ്പനിക്ക് വലിയ വെല്ലുവിളിയായിരുന്നു.
കമ്പനിയുടെ തീരുമാനത്തിൽ യുകെയിലെ പ്രമുഖ തൊഴിൽ സംഘടനയായ 'യുണൈറ്റും' (Unite) ബ്രിട്ടീഷ് സർക്കാരും ചർച്ചകൾ നടത്തിവരികയാണ്. ജീവനക്കാരുടെ നിർബന്ധിത പിരിച്ചുവിടുൽ ഒഴിവാക്കാനും അവർക്ക് പരിശീലനം നൽകി മറ്റ് തസ്തികകളിലേക്ക് മാറ്റാനും സംഘടന ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, പിരിച്ചുവിടുൽ തടയാൻ നികുതിപ്പണം ഉപയോഗിച്ച് കമ്പനിക്ക് സാമ്പത്തിക സഹായം നൽകില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്സ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : technology jaguar landrover layoffs carmaker