നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ്
ന്യൂ ഡൽഹി: തങ്ങളുടെ ജീവനക്കാരെ കുടുംബം എന്ന് വിശേഷിപ്പിക്കുകയും എന്നാൽ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പിരിച്ചുവിടുകയും ചെയ്യുന്ന ടെക് കമ്പനികളുടെ നിലപാടിനെ ശക്തമായി വിമർശിച്ച് നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ്.
കമ്പനികൾ ജീവനക്കാരെ കുടുംബമായി കാണുന്നതിന് പകരം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു 'സ്പോർട്സ് ടീമിനെപ്പോലെ' പ്രവർത്തിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സ്ഥാപനം ജീവനക്കാരെ കുടുംബമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ പിന്നീട് ഒരിക്കലും അവിടെ പിരിച്ചുവിടലുകൾ നടത്തരുത്. ഏതെങ്കിലും ഒരു കുടുംബം സ്വന്തം മക്കളിൽ രണ്ടുപേരെ ഉപേക്ഷിക്കുമോ? എന്നും ഹാസ്റ്റിംഗ്സ് ചോദിക്കുന്നു.
2001ലെ സാമ്പത്തിക തകർച്ചയുടെ കാലത്ത് നെറ്റ്ഫ്ലിക്സിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്ന അനുഭവമാണ് കമ്പനിയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനികൾ സ്പോർട്സ് ടീമുകളെപ്പോലെ ഉയർന്ന പ്രകടനം ആവശ്യപ്പെടുന്നവയായിരിക്കണം. ടീമിന്റെ വിജയത്തിനായി ആവശ്യമായ മാറ്റങ്ങൾ വരുത്താനും കഴിവുള്ളവരെ നിലനിർത്താനും മാനേജ്മെന്റിന് സാധിക്കണം. നെറ്റ്ഫ്ലിക്സ് തങ്ങളുടെ മാനേജ്മെന്റ് സംസ്കാരത്തിൽ 'കീപ്പർ ടെസ്റ്റ്' എന്ന രീതിയാണ് പിന്തുടരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച ചൂണ്ടിക്കാട്ടി കമ്പനികൾ ആളെ കുറയ്ക്കുന്നതിനെയും പലരും വിമർശിച്ചു.
യഥാർഥത്തിൽ ചെലവ് ചുരുക്കലും സാമ്പത്തിക പ്രതിസന്ധിയുമാണ് പിരിച്ചുവിടലിന് കാരണമെന്നും എഐയെ ഇതിനായി ഒരു കാരണമായി ചൂണ്ടിക്കാണിക്കുകയാണെന്നും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. മറ്റ് ടെക് കമ്പനികളായ എയർബിഎൻബി, ഷോപ്പിഫൈ എന്നിവയുടെ സിഇഒമാരും മുൻപ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
Tags : Technology netflix cofounder employees