ഗൂഗിൾ പിക്സൽ വാച്ച് 5
ന്യൂഡൽഹി: രക്തപരിശോധനയില്ലാതെ തന്നെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താനും പ്രമേഹ സാധ്യതയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ശേഷിയുള്ള പുതിയ ഹെൽത്ത് ഫീച്ചറുമായി ഗൂഗിളിന്റെ 'പിക്സൽ വാച്ച് 5'.
'ഇൻസുലിൻ റെസിസ്റ്റൻസ് ട്രെൻഡ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യം ഗൂഗിളിന്റെ ഹെൽത്ത് ഗാർഡിയൻ സ്യൂട്ടിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത്.
ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഏകദേശം 40 ശതമാനത്തോളം ആളുകൾക്ക് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടാകാറില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യ ഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 7.7 കോടി ജനങ്ങൾക്ക് പ്രമേഹവും 2.5 കോടി ജനങ്ങൾക്ക് പ്രീ-ഡയബറ്റിസ് അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഫീച്ചർ ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും.
രക്തം പരിശോധിക്കാതെ തന്നെ കൈത്തണ്ടയിലെ സെൻസറുകൾ വഴി ഉറക്കം, ഹൃദയമിടിപ്പ്, ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ആഴ്ചകളോളം നിരീക്ഷിച്ചാണ് വാച്ച് ഇൻസുലിൻ പ്രതിരോധത്തിന്റെ ട്രെൻഡുകൾ വിലയിരുത്തുന്നത്.
പ്രമേഹ നിർണയത്തിനോ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നേരിട്ട് അറിയാനോ ഉള്ള ഉപകരണമല്ല ഇതെങ്കിലും, ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ നൽകാൻ ഉപയോക്താക്കൾക്ക് ഇതൊരു മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കും.
സെപ്റ്റംബർ മാസത്തോടെ പിക്സൽ വാച്ച് 5, പിക്സൽ വാച്ച് 3, ഫിറ്റ്ബിറ്റ് ഉപകരണങ്ങളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു.
Tags : technology google pixelwatch diabetes