ടെലഗ്രാം
അമ്മാൻ: തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കയെത്തുടർന്ന് ജോർദാൻ രാജ്യവ്യാപകമായി മെസേജിംഗ് പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തി.
തലസ്ഥാനമായ അമ്മാനിൽ നടന്ന കത്തിക്കുത്തും പള്ളിയിലുണ്ടായ ഭീകരാക്രമണവും ഉൾപ്പെടെയുള്ള സമീപകാല സുരക്ഷാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നടപടി. തീവ്രവാദവും മതമൗലികവാദവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ നിലനിർത്തുന്നതിനും നിലവിലുള്ള നിയമങ്ങൾ പ്രകാരമാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളാണ് ടെലഗ്രാമിനെതിരെ കർശന നടപടിയെടുക്കാൻ ജോർദാനെ പ്രേരിപ്പിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രസ്താവനകൾ പുറത്തുവിടുന്നതിനും അനുയായികളുമായി ആശയവിനിമയം നടത്തുന്നതിനും മുമ്പ് ടെലഗ്രാം വ്യാപകമായി ഉപയോഗിച്ചിരുന്നു.റഷ്യയിൽ നിന്ന് പ്രവാസജീവിതം നയിക്കുന്ന പവൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാം, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണത്തിന്റെ പേരിൽ പല രാജ്യങ്ങളിലും കടുത്ത നിരീക്ഷണത്തിലാണ്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ദുറോവ് നിഷേധിച്ചു. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയാൻ നിയമപാലകരുമായി സഹകരിക്കുന്നതിലും ടെലഗ്രാം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Tags : Telegram Ban Telegram Jordan ban Cybersecurity NationalSecurity