പ്രതീകാത്മക ചിത്രം
എല്ലാ മാസവും കൃത്യമായി ഒന്നാം തിയതി ശമ്പളം അക്കൗണ്ടിൽ എത്തുമ്പോൾ വലിയ ആശ്വാസമാണ്. വാടകയും ലോൺ തിരിച്ചടവുകളും , ക്രെഡിറ്റ് കാർഡ് ബില്ലുകളും, കുട്ടികളുടെ സ്കൂൾ ഫീസുമെല്ലാം കൃത്യമായി അടച്ചുതീർക്കുമ്പോൾ കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്ന് തോന്നും.
എന്നാൽ പിന്നീടങ്ങോട്ട് പലചരക്ക് സാധനങ്ങൾ, കറന്റ് ബിൽ, ഇന്ധനം, ഓൺലൈൻ ഫുഡ് ഡെലിവറി, വാരാന്ത്യ യാത്രകൾ, വിവിധ സബ്സ്ക്രിപ്ഷനുകൾ എന്നിവയ്ക്കായി പണം ഒഴുകിത്തുടങ്ങും. മാസത്തിന്റെ മൂന്നാം വാരമാകുമ്പോഴേക്കും ഇടയ്ക്കിടെ ബാങ്ക് ബാലൻസ് പരിശോധിക്കേണ്ട അവസ്ഥയിലാകും പലരും.
ഒരു മാസത്തെ മുഴുവൻ ശമ്പളവും ഇത്ര വേഗം എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത് എന്ന ചോദ്യം മിക്ക ശമ്പളക്കാരെയും അലട്ടാറുണ്ട്. ആളുകൾ അമിതമായി ധൂർത്തടിക്കുന്നത് കൊണ്ടുമാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. വർധിച്ചുവരുന്ന സ്ഥിരചെലവുകളും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും കാലക്രമേണ കുമിഞ്ഞുകൂടുന്ന സാമ്പത്തിക ബാധ്യതകളുമാണ് ഇതിന് പിന്നിലെ പ്രധാന വില്ലന്മാർ.
ശമ്പളം പെട്ടെന്ന് തീർന്നുപോകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്, വാടക, ഇഎംഐ, സ്കൂൾ ഫീസ്, ഇൻഷുറൻസ് പ്രീമിയം, വീട്ടുജോലിക്കാരുടെ ശമ്പളം, മറ്റ് ബില്ലുകൾ എന്നിവയ്ക്കായി ശമ്പളത്തിന്റെ വലിയൊരു ഭാഗം തുടക്കത്തിൽ തന്നെ ചെലവാകുന്നു.
അതുകൂടാതെ, ഇടയ്ക്കിടെയുള്ള യുപിഐ ഇടപാടുകൾ, ദിവസേനയുള്ള ചായയും കാപ്പിയും, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിലൂടെ ചെറിയ തുകകളായി വലിയൊരു സംഖ്യ നമ്മളറിയാതെ അക്കൗണ്ടിൽ നിന്ന് ചോർന്നുപോകുന്നു.
ശമ്പളം കൂടുമ്പോൾ അതിനനുസരിച്ച് ചെലവുകളും കൂടുന്ന പ്രവണതയാണിത്. പഴയ ആഡംബരങ്ങൾ പുതിയ ശീലങ്ങളായി മാറുന്നു. വിലകൂടിയ ഫോണുകൾ, ചെലവേറിയ അവധിക്കാല യാത്രകൾ, മുന്തിയ ഹോട്ടലുകളിലെ ഭക്ഷണം എന്നിവയെല്ലാം ഉദാഹരണമാണ്.
പണം കയ്യിൽ നിന്ന് നേരിട്ട് കൊടുക്കാത്തതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ചെലവിന്റെ ഗൗരവം പലരും അറിയാറില്ല. ഒന്നിലധികം ക്രെഡിറ്റ് കാർഡ് ബില്ലുകളും 'നോ-കോസ്റ്റ് ഇഎംഐ'കളും അടുത്ത മാസത്തെ ശമ്പളത്തെയും കാർന്നുതിന്നും.
ഒടിടി പ്ലാറ്റ്ഫോമുകൾ, മ്യൂസിക് ആപ്പുകൾ, മറ്റ് മെമ്പർഷിപ്പുകൾ എന്നിവയ്ക്കായി ഓട്ടോമാറ്റിക്കായി പണം പിൻവലിക്കപ്പെടുന്നത് ഒറ്റയ്ക്ക് നോക്കുമ്പോൾ ചെറിയ തുകയായി തോന്നുമെങ്കിലും മാസാവസാനം വലിയൊരു ബാധ്യതയായി മാറും.
അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചെലവുകൾ, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ, കുടുംബത്തിലെ ചടങ്ങുകൾ എന്നിവയ്ക്കായി മാസച്ചെലവിന് മാറ്റിവെച്ച പണം എടുക്കേണ്ടി വരുന്നത് ബജറ്റ് താളം തെറ്റിക്കും.
മികച്ച ശമ്പളമുണ്ടായിട്ടും കൃത്യമായ ബജറ്റില്ലാത്തതിനാൽ സാധാരണ ജീവിതച്ചെലവുകൾ പോലും വരുമാനത്തെ മറികടക്കുന്നുവെന്ന് പലരും പറയുന്നു. അക്കൗണ്ടിലുള്ള പണം മുഴുവൻ ചെലവാക്കാനുള്ളതാണെന്ന ചിന്താഗതിയും സാമ്പത്തിക ഞെരുക്കത്തിന് ഒരു കാരണമാണ്.
മാസാവസാനം പണമില്ലാതെ വിഷമിക്കാതിരിക്കാൻ എന്ത് ചെയ്യാം? ചെലവ് ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വലിയ സാമ്പത്തിക സുരക്ഷിതത്വം നൽകും.
ശമ്പളം ലഭിച്ചാലുടൻ ഒരു നിശ്ചിത തുക സമ്പാദ്യത്തിലേക്ക് മാറ്റുക. ബാക്കിയുള്ള തുക കൊണ്ട് മാത്രം ചെലവുകൾ നടത്തുക. 30 ദിവസത്തേക്ക് നിങ്ങളുടെ ഓരോ ചെലവും എഴുതിവെക്കുകയോ ട്രാക്ക് ചെയ്യുകയോ ചെയ്യുക.
പണം എങ്ങോട്ടാണ് ഒഴുകുന്നതെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.ഉപയോഗിക്കാത്ത ആപ്പുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും സബ്സ്ക്രിപ്ഷനുകൾ ഉടൻ റദ്ദാക്കുക.അത്യാവശ്യ ചെലവുകളും ആഡംബര ചെലവുകളും വേർതിരിച്ച് കണ്ട് അനാവശ്യ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.
ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും മറ്റ് വായ്പകളും വേഗത്തിൽ അടച്ചുതീർക്കാൻ ശ്രമിക്കുക.മൂന്ന് മുതൽ ആറ് മാസത്തെ അത്യാവശ്യ ജീവിതച്ചെലവുകൾക്കുള്ള തുക അടിയന്തര ആവശ്യങ്ങൾക്കായി എപ്പോഴും കരുതിവെക്കുക.
വരുമാനം കുറവായതുകൊണ്ടോ അമിതമായി ചെലവാക്കുന്നതുകൊണ്ടോ മാത്രമല്ല ശമ്പളം തികയാതെ വരുന്നത്. പലപ്പോഴും നമ്മുടെ സാമ്പത്തിക ജീവിതം വരുമാനത്തിന് താങ്ങാനാവാത്ത വിധം സങ്കീർണമാകുന്നതാണ് പ്രശ്നം.
ശമ്പളവർധനവ് താൽക്കാലിക ആശ്വാസം നൽകിയേക്കാമെങ്കിലും, പണം എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ ഉയർന്ന ശമ്പളത്തിലും ഇതേ സാമ്പത്തിക പ്രതിസന്ധി ആവർത്തിച്ചുകൊണ്ടേയിരിക്കും.
Tags : MonthlyPayment expenses salary payment money finance earnings savings technology