പ്രതീകാത്മക ചിത്രം
എഐ വന്നു കളം പിടിച്ചതോടെ ജോലി പോയവരെയൊക്കെ കമ്പനികൾ തിരികെ വിളിക്കുകയാണത്രേ, ഇതിനെ 'എഐ റീബൗണ്ടിംഗ്' എന്നാണ് വിളിക്കുന്നത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ജോലിയിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരെ യുകെയിലെയും യുഎസിലെയും പ്രമുഖ കമ്പനികൾ തിരികെ വിളിക്കുന്ന പ്രവണത ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ടാലന്റ് അസസ്മെന്റ് സ്ഥാപനമായ SHL നടത്തിയ ഗവേഷണം, റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത യുഎസ് ജീവനക്കാരിൽ 19.1 ശതമാനം പേർ തങ്ങൾക്ക് പകരം എഐ കൊണ്ടുവന്ന ശേഷവും കമ്പനികൾ തങ്ങളോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. യുഎസിലും യുകെയിലുമായി ഇത് 16 ശതമാനമാണ്.
അപ്പോ എഐക്ക് പകരം വെക്കാൻ ആളില്ലേ, എവിടെയാണ് കമ്പനികൾക്ക് പാളിയത് ?
കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ കഴിവുകളും അനുഭവസമ്പത്തും ശരിയായി വിലയിരുത്താതെ ദൃതിപിടിച്ച് ജോലി ഓട്ടോമേറ്റ് ചെയ്തതാണ് വിനയായത്. സ്ഥാപനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്, ഉപഭോക്താക്കളുമായുള്ള ബന്ധം, പ്രഫഷണൽ തീരുമാനങ്ങളെടുക്കാനുള്ള ശേഷി എന്നിവ ജീവനക്കാർ നൽകുന്നുണ്ടെന്നും ഇവ സാങ്കേതികവിദ്യയിലൂടെ മാത്രം പകർത്തിയെഴുതാൻ കഴിയില്ലെന്നും കമ്പനികൾ തിരിച്ചറിയാൻ തുടങ്ങി.
ചാറ്റ്ബോട്ടുകൾക്കും എഐ ടൂളുകൾക്കും കമ്പനിയുടെ അനുഭവസമ്പത്തോ മനുഷ്യരുടെ ക്രിയേറ്റിവിറ്റിയോ കസ്റ്റമർ റിലേഷൻഷിപ്പോ നൽകാൻ കഴിയുന്നില്ല. പ്രതീക്ഷിച്ച തരം ക്വാളിറ്റിയും ഫലവും എഐ ടൂളുകളിൽ നിന്ന് ലഭിക്കാതെ വന്നതോടെ ഒഴിവാക്കിയ വിദഗ്ദ്ധരെ സ്ഥാപനങ്ങൾക്ക് തിരികെ കൊണ്ടുവരേണ്ടി വന്നു.
തങ്ങളുടെ എഐ ക്വാളിറ്റി കൺട്രോൾ ടൂളുകൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കാത്തതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് 350 അനുഭവസമ്പന്നരായ എൻജിനീയർമാരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
എഐ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ സ്വീഡിഷ് ഫിൻടെക് കമ്പനിയായ ക്ലാർണ വീണ്ടും ഹ്യൂമൻ കസ്റ്റമർ സർവീസ് പ്രതിനിധികളെ നിയമിക്കാൻ തുടങ്ങി.
ഇനി കമ്പനികൾ തിരിച്ചുവിളിച്ചാലോ ?
കൃത്യമായ പഠനമില്ലാതെ ജീവനക്കാരെ ഒഴിവാക്കി എഐ നടപ്പിലാക്കാൻ ശ്രമിച്ച കമ്പനികൾക്ക് അവരെ മുൻപത്തേക്കാൾ ഉയർന്ന ചെലവിൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
തിരികെ വിളിക്കപ്പെടുന്ന ജീവനക്കാർ പഴയ വ്യവസ്ഥകളിൽ ജോലി ചെയ്യാൻ തയ്യാറല്ല എന്നതും ശ്രദ്ധേയമാണ്. SHL ന്റെ കണ്ടെത്തലുകൾ പ്രകാരം, 51% ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് വലിയ ശമ്പള വർദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടു. 42% പേർ തങ്ങളുടെ ഭാവി തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ച് ലിഖിതമായ ഉറപ്പ് ആവശ്യപ്പെട്ടു. 40% പേർ തങ്ങളുടെ ജോലിയിൽ എഐ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു.
ഇന്ത്യയിലും ഇതിന്റെ ഇംഫാക്ട് എങ്ങനെയാണ് എന്നു ചോദിച്ചാൽ,
ഇന്ത്യയിൽ എഐ കാരണം 31,000-ൽ അധികം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും, 83,000-ൽ അധികം പുതിയ AI അധിഷ്ഠിത നിയമനങ്ങളും നടന്നിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, എഐ ഉപയോഗിക്കാൻ അറിയുന്നതിനൊപ്പം നമ്മളുടെ അനുഭവസമ്പത്തും സ്കില്ലുമാണ് പ്രധാനം.
Tags : airebounding artificialintelligence ai companies hiring return us uk shlreport