വാട്സ്ആപ്പ്
ന്യൂഡൽഹി: വാട്സ്ആപ്പ് സിഇഒ ആയി ചുമതലയേറ്റ് നാല് മാസം പിന്നിടുമ്പോൾ, പ്ലാറ്റ്ഫോമിന്റെ ഭാവി പദ്ധതികൾ വ്യക്തമാക്കി കുനാൽ ഷാ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് കൂടുതൽ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ലളിതമായൊരു ആപ്പാക്കി വാട്സ്ആപ്പിനെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയായിരുന്നുവെന്നും, പ്രിയപ്പെട്ടവരുമായി കൂടുതൽ അടുത്തിടപഴകാനും വാട്സ്ആപ്പിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്ത് തീർക്കാനും ആളുകളെ സഹായിക്കുന്ന ഫീച്ചറുകളാണ് ഇനി നിർമിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 300 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഒരു പൊതുഭാഷ പോലെയാണ് വാട്സ്ആപ്പ് എന്നും കുനാൽ ഷാ വിശേഷിപ്പിച്ചു.
ദിവസവും 1,000 കോടിയിലധികം വോയ്സ് മെസേജുകളും 400 കോടിയിലധികം സ്റ്റിക്കറുകളുമാണ് വാട്സ്ആപ്പിൽ അയക്കപ്പെടുന്നത്. ആളുകൾക്കിടയിലെ ബന്ധം കൂടുതൽ ദൃഢമാക്കാൻ വോയ്സ് നോട്ടുകൾ, ഗ്രൂപ്പുകൾ, സ്റ്റിക്കറുകൾ, വീഡിയോകൾ എന്നിവ കൂടുതൽ ലളിതവും ആകർഷകവുമാക്കും.
ബില്ലുകൾ അടയ്ക്കുക, പണം കടം വാങ്ങുക, യാത്രാവേളകളിൽ കണക്റ്റഡ് ആയിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചാറ്റുകളിലാണ് തുടങ്ങുന്നതെങ്കിലും അവ പൂർത്തിയാക്കാൻ മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ സാമ്പത്തിക സേവന ദാതാക്കളുമായും ടെലികോം കമ്പനികളുമായും സഹകരിച്ച്, ഒരു മെസേജ് അയക്കുന്നത്ര ലളിതമായി ഇത്തരം സേവനങ്ങൾ വാട്സ്ആപ്പിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സൗകര്യമൊരുക്കും.
ഉപയോക്താക്കളുടെ സമയം ലാഭിക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താനും, ബുക്കിംഗുകളും അപ്പോയിന്റ്മെന്റുകളും കൃത്യസമയത്ത് ഓർമിപ്പിക്കാനും, കാര്യങ്ങൾ വേഗത്തിൽ ചെയ്ത് തീർക്കാനും സഹായിക്കുന്ന രീതിയിലായിരിക്കും പുതിയ എഐ ഫീച്ചറുകൾ.
ദിവസവും 10,000 കോടിയിലധികം സന്ദേശങ്ങളും 200 കോടി കോളുകളുമാണ് വാട്സ്ആപ്പ് കൈകാര്യം ചെയ്യുന്നത്. വർഷങ്ങൾ കൊണ്ടുണ്ടാക്കിയ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന് കുനാൽ ഷാ ഉറപ്പുനൽകി. പുതിയ മാറ്റങ്ങൾ വരുമ്പോഴും വ്യക്തിഗത സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് വിൽ കാത്ത്കാർട്ടിന് പകരക്കാരനായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കുനാൽ ഷായെ വാട്സ്ആപ്പ് തലവനായി നിയമിച്ചത്. വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ നിന്നാണ് പ്ലാറ്റ്ഫോമിന്റെ വരുമാനത്തിന്റെ പകുതിയിലധികവും (പ്രതിവർഷം ഏകദേശം 100 കോടി ഡോളർ) ലഭിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിമാസം 79 രൂപ നിരക്കിൽ പ്രീമിയം തീമുകളും സ്റ്റിക്കറുകളും നൽകുന്ന 'വാട്സ്ആപ്പ് പ്ലസ്' സബ്സ്ക്രിപ്ഷനും കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
Tags : WhatsApp kunalshah whatsappceo india newfeuatures