ന്യൂഡൽഹി: തങ്ങളുടെ എഐ സാങ്കേതികവിദ്യാ ശ്രേണി വിപുലീകരിച്ചുകൊണ്ട് പുതിയ 'മ്യൂസ് എംബർ' (Muse Ember) എഐ മോഡൽ പുറത്തിറക്കി മെറ്റ. ചിലവ് കുറഞ്ഞതും എന്നാൽ ആവർത്തന സ്വഭാവമുള്ള സങ്കീർണ്ണമായ ജോലികൾ വേഗത്തിൽ ചെയ്യാനും സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ വിഭാഗത്തിൽപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച മോഡലാണ് എംബർ എന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
ചെറിയ മോഡലാണെങ്കിലും ഉയർന്ന ബുദ്ധിശക്തി കുറഞ്ഞ ചിലവിൽ എംബർ നൽകുന്നുവെന്ന് സക്കർബർഗ് തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. കോഡിംഗ്, ഡാറ്റാ വേർതിരിച്ചെടുക്കൽ, ദൈർഘ്യമേറിയ രേഖകൾ വായിച്ചു മനസിലാക്കൽ തുടങ്ങിയ നിരന്തരമായ ജോലികൾക്കായാണ് ഇത് പ്രധാനമായും ഉപയോഗിക്കുക.
എന്താണ് മ്യൂസ് എംബർ?
കൂടുതൽ സങ്കീർണവും വലുതുമായ 'മ്യൂസ് വണ്ടർ' പോലുള്ള എഐ മോഡലുകൾക്കൊപ്പം പ്രവർത്തിക്കാനാണ് എംബർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയ മോഡലുകൾ ഒരു സങ്കീർണ ജോലി ആസൂത്രണം ചെയ്യുമ്പോൾ, അതിലെ നിരന്തരമായ പ്രവൃത്തികൾ എംബർ ഏറ്റെടുത്ത് നടത്തുന്നു.
ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവ നേരിട്ട് പ്രോസസ്സ് ചെയ്യാൻ മ്യൂസ് എംബറിന് സാധിക്കും. സ്ക്രീൻഷോട്ടുകൾ, ചാർട്ടുകൾ, വോയ്സ് മെമ്മോകൾ, മീറ്റിംഗ് റെക്കോർഡിംഗുകൾ എന്നിവയൊക്കെ പ്രത്യേക എഐ മോഡലുകളുടെ സഹായമില്ലാതെ തന്നെ ഇതിന് കൈകാര്യം ചെയ്യാം. എഐ ലോകത്തെ പ്രമുഖ മോഡലുകളായ ഗൂഗിൾ, ഓപ്പൺ എഐ, ആന്ത്രോപിക് എന്നിവയുടെ ചെറുകിട മോഡലുകളേക്കാൾ മികച്ച പ്രകടനവും എംബർ കാഴ്ചവെക്കുന്നുണ്ടെന്ന് ബെഞ്ച്മാർക്ക് കണക്കുകൾ വ്യക്തമാക്കുന്നു. 1 ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് വെറും 0.10 ഡോളർ മാത്രമാണ് ഇതിന്റെ ചെലവ്.
വാച്ചുകളിലെ മ്യൂസ് ആപ്പ് ഉപയോഗിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാനും സംശയങ്ങൾ ചോദിക്കാനും ബുക്കിംഗുകൾ നടത്താനും സാധിക്കും. നിലവിൽ യുഎസ്, കാനഡ, സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് സ്മാർട്ട്വാച്ചുകളിലെ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉടൻ തന്നെ ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് സൂചന.
Tags : Instagram museember applewatch museai ember muse