വത്തിക്കാൻ സിറ്റി: നിർമ്മിതബുദ്ധിയുടെയും നിയന്ത്രണമില്ലാത്ത ഓട്ടോമേഷന്റെയും കടന്നുവരവ് ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴിലിനും മനുഷ്യന്റെ സമഗ്ര വികസനത്തിനും ഭീഷണിയാകുമെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ. സാങ്കേതികവിദ്യയുടെ വികസനം ലാഭം മാത്രം ലക്ഷ്യമിടുന്ന ബിസിനസുകൾക്കോ എഐ കമ്പനികൾക്കോ മാത്രമായി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ എക്സ് ഹാൻഡിലിലൂടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം. 'സാങ്കേതികവിദ്യ എപ്പോഴും ധാർമികതയ്ക്ക് വിധേയമായിരിക്കണം; ഒരു അൽഗോരിതത്തിനും മനുഷ്യന്റെ വിവേചനബുദ്ധിക്കോ ഒരു തൊഴിലാളിയുടെ മൂല്യത്തിനോ പകരമാകാൻ കഴിയില്ല..' - ലെയോ പതിനാലാമൻ മാർപാപ്പ കുറിച്ചു.
നിയന്ത്രണമില്ലാതെ എഐയും മെഷീനുകളും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുത്താൻ ഇടയാക്കും. ബിസിനസുകൾ പണം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. തൊഴിലാളികളുടെ ക്ഷേമവും പരിസ്ഥിതി സംരക്ഷണവുമാണ് ഒരു ബിസിനസിന്റെ യഥാർഥ വിജയമായി കാണേണ്ടതും അദേഹം വ്യക്തമാക്കി. പാവപ്പെട്ടവരെയും ഭാവി തലമുറയെയും ബുദ്ധിമുട്ടിച്ചുകൊണ്ട് നേടുന്ന നേട്ടങ്ങളെ 'യഥാർഥ പുരോഗതി' എന്ന് വിളിക്കാൻ കഴിയില്ലെന്നും മാർപാപ്പ വ്യക്തമാക്കി.
എഐയും പുതിയ സാങ്കേതികവിദ്യകളും മനുഷ്യനെ മാറ്റിനിർത്താനോ ഇല്ലാതാക്കാനോ ഉള്ളതാകരുത്, മറിച്ച് മനുഷ്യനെ സഹായിക്കാനുള്ളതാകണം എന്ന് വ്യക്തമാക്കികൊണ്ടാണ് മാർപാപ്പ തന്റെ നിലപാട് വീണ്ടും ശക്തമാക്കിയത്.
Tags : Pope Leo XIV popeleo ai ethics technology