പി.എം.എ. സലാം
തിരുവനന്തപുരം: ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് മുസ്ലിം ലീഗ് നേതാക്കളെ തീരുമാനിച്ചു. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപറേഷനുകളുടെ ചെയർമാൻ സ്ഥാനങ്ങളിലേക്കാണ് തീരുമാനമായിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സിൽക്കിന്റെ ചെയർമാനാകും.
സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനായി ചുമതലയേൽക്കും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലീം കെഎഎല്ലിന്റെ ചെയർമാനാകും. സിഡ്കോയുടെ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നിയമിതനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദിനും ചെയർമാൻ സ്ഥാനം ലഭിക്കും.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീറിനെ നേരത്തെ നിയമിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതിന് സമാനമായ രീതിയിലാണ് ഇത്തവണയും മുസ്ലിം ലീഗിന് ബോർഡ് കോർപ്പറേഷൻ പദവികൾ വീതിച്ചുനൽകുന്നത്.
ഇതനുസരിച്ച് 35-ലധികം ചെയർപേഴ്സൺ സ്ഥാനങ്ങളാണ് പാർട്ടിക്ക് ലഭിക്കുക. യുഡിഎഫ് വിട്ട പാർട്ടികൾക്ക് നേരത്തെ നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നാണ് മുന്നണിയിലെ ധാരണ.
Tags : Board Corporation Chairman Post MuslimLeague BoardCorporations ChairmanAppointments LeadershipAppointments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash