എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരവേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ബിജെപി നേതാവ് കെ.സുരേന്ദ്രനും. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ടിഎയുടെ നേതൃത്വത്തിൽ പ്രകടനവും നടത്തി. വളർമതിയെ പൊലിസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം.വി.ഗോവിന്ദൻ ആരോപിച്ചു.
സർക്കാരിന്റേത് കാടത്തപരമായ നിലപാടാണെന്നും പൊലിസ് സമരപ്പന്തൽ പൊളിച്ചാലും സമരം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം. ഇപ്പോൾ നടക്കുന്നത് സഹനസമരമാണ്. മുൻപ് എന്ത് ചെയ്തുവെന്നതല്ല ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നാണ് പരിശോധിക്കേണ്ടത്.
വളർമതി മുൻപും ഇപ്പോഴും സമരം ചെയ്തിട്ടുണ്ട്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി വി.ഡി.സതീശനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽപിഎസ്ടി സമരക്കാർക്ക് സമൂഹത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും സിപിഎമ്മും സമരത്തിന് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമരവേദിയിൽ ഇരുന്ന് സമരം ചെയ്യുന്നവരോട് വിരോധമില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.
സമരക്കാർ സർക്കാരുമായി ചർച്ച നടത്തി സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരപ്പന്തൽ പൊളിച്ചത് തെറ്റായിപ്പോയെന്ന് പിണറായി വിജയൻ പറഞ്ഞതിൽ അത്ഭുതമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ ഭരണകാലത്ത് എന്താണ് നടന്നതെന്ന് അന്നത്തെ വീഡിയോകൾ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : TeachersProtest M.V.Govindan K.Surendran LPSTProtest SecretariatProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash