അരുൾ വിഗ്നേഷ്
ചെന്നൈ: ടിവികെ എംഎൽഎ കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ആരോപണം തള്ളി തമിഴ്നാട് സർക്കാർ. ഡിഎംകെ എംപി കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു.
കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെ ഉയർന്ന ആരോപണത്തിലാണ് മന്ത്രി പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ കണ്ടത് ഏറ്റെടുത്ത് കനിമൊഴി പറയുന്നത് ശരിയാണോ എന്നും മന്ത്രി ചോദിച്ചു. ടിവികെ എംഎൽഎമാരിൽ നിന്ന് ജില്ലാ കളക്ടർമാക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ ആരോപണം.
കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് എംഎൽഎയിൽ നിന്ന് അശ്ലീല സന്ദേശം ലഭിച്ചുവെന്നും എംഎൽഎ മദ്യലഹരിയിൽ കളക്ടറുടെ വസതിയിൽ എത്തിയെന്നും കനിമൊഴി ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തള്ളി അരുൾ വിഗ്നേഷ് രംഗത്തെത്തിയിരുന്നു.
ഇതെല്ലാം വെറും വ്യാജപ്രചാരണങ്ങളാണെന്നും കനിമൊഴി തനിക്കെതിരെ മോശം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ, സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി കാമറകളുമുള്ള കളക്ടറുടെ വസതിയിൽ തനിക്ക് എങ്ങനെ അതിക്രമിച്ചു കയറാനാകുമെന്നും ചോദിച്ചു.
Tags : TVK DMK Tamilnadu Chennai NewsUpdate Headlines