ന്യൂഡൽഹി: ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി പുതിയ ഇൻ-ആപ്പ് വീഡിയോ ക്ലിപ്പിംഗ് ടൂൾ അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്'. നീളമുള്ള വീഡിയോകളിൽ നിന്ന് ചെറിയ ക്ലിപ്പുകൾ നിർമിച്ച്, സ്വന്തം അഭിപ്രായങ്ങൾ കൂടി കൂട്ടിച്ചേർത്ത് നേരിട്ട് ടൈംലൈനിൽ പങ്കുവെക്കാൻ ഈ ഫീച്ചർ സഹായിക്കും.
നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചർ ഉടൻ തന്നെ വെബ് പതിപ്പിലും ലഭ്യമാകും. വീഡിയോകൾ ഡൗൺലോഡ് ചെയ്ത് മറ്റ് എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ എക്സിനുള്ളിൽ തന്നെ ക്ലിപ്പ് ചെയ്യാൻ ഇനി സാധിക്കും.
കുറഞ്ഞത് 2 മിനിറ്റെങ്കിലും ദൈർഘ്യമുള്ള മുൻകൂട്ടി റിക്കാർഡ് ചെയ്ത വീഡിയോകളിൽ നിന്ന് മാത്രമേ ക്ലിപ്പുകൾ നിർമിക്കാൻ സാധിക്കൂ. ക്ലിപ്പുകളുടെ ദൈർഘ്യം 5 സെക്കൻഡ് മുതൽ 60 സെക്കൻഡ് വരെയായിരിക്കണം. കൂടാതെ, ഇത് ആദ്യ
വീഡിയോയുടെ ആകെ ദൈർഘ്യത്തിന്റെ 30 ശതമാനത്തിൽ കൂടരുത്.
ഓരോ ക്ലിപ്പിലും "Clip from" എന്ന ലേബൽ ഉണ്ടാകും. ഇതിൽ ടാപ്പ് ചെയ്താൽ ഉപയോക്താക്കൾക്ക് ഒറിജിനൽ വീഡിയോയിലേക്ക് നേരിട്ടെത്താം.
ക്ലിപ്പ് നിർമിക്കുന്ന വ്യക്തിക്കും ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർക്കും ഒരുപോലെ പണം സമ്പാദിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 'ഓറിജിനൽ കണ്ടന്റ് റിവാർഡ്സ്' പ്രോഗ്രാം വഴിയാണ് പണം ലഭിക്കുക. ഇതിനായി ഉപയോക്താക്കൾക്ക് എക്സ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് 500 വേരിഫൈഡ് ഫോളോവേഴ്സും കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം വേരിഫൈഡ് ഇംപ്രഷനുകളും ഉണ്ടായിരിക്കണം.
ഒറിജിനൽ ക്രിയേറ്റർ വീഡിയോ ഡിലീറ്റ് ചെയ്താൽ അതിൽ നിന്ന് നിർമിച്ച എല്ലാ ക്ലിപ്പുകളും സ്വയം അപ്രത്യക്ഷമാകും.യൂട്യൂബിനോടും സബ്സ്റ്റാക്കിനോടും മത്സരിക്കാൻ എക്സ് നേരത്തെ തന്നെ ദൈർഘ്യമേറിയ വീഡിയോകളും ലോങ്-ഫോം പോസ്റ്റുകളും ലൈവ് സ്ട്രീമിംഗ് സ്റ്റുഡിയോയും അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ക്ലിപ്പിംഗ് ടൂളിന്റെ വരവ്.
Tags : x newvideo videoclipping tool creators