പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്.
കല്ലിയൂർ പാലപ്പൂർ ചാനൽക്കര പൊറ്റവിള വീട്ടിൽ വിശ്വംഭരന്റെ മകൻ മുള്ളൻ രതീഷിനെയാണ് തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 1,35,000 രൂപ പിഴയും അടയ്ക്കണം. വെട്ടുകാട് ബാലനഗർ തൈവിളാകം വീട്ടിൽ രംഗൻ നാടാരുടെ മകൻ രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിലേക്ക് നയിച്ച സംശയം
ലഹരിവിമോചന കേന്ദ്രത്തിലെ ചികിത്സയ്ക്കിടെയാണ് പ്രതിയായ മുള്ളൻ രതീഷ് കാന്റീൻ നടത്തിപ്പുകാരന്റെ മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ രതീഷിന് ഈ യുവതിയെ നേരത്തേ പരിചയമുണ്ടായിരുന്നു. യുവതിയെ വിവാഹം കഴിക്കാൻ രതീഷിന് താത്പര്യമുണ്ടായിരുന്ന വിവരവും പ്രതിക്കറിയാമായിരുന്നു. പിന്നീട് കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായി വെട്ടുകാട് പള്ളിയിലെത്തിയപ്പോഴാണ് പ്രതിയും ഓട്ടോ ഡ്രൈവറും തമ്മിൽ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.
തുടർന്ന് ചാനൽക്കരയിലുള്ള പ്രതിയുടെ വീട്ടിൽ ഓട്ടോ ഡ്രൈവർ പതിവായി എത്തുകയും, സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു. എന്നാൽ തെങ്ങുകയറ്റത്തൊഴിലാളിയായ താൻ വീട്ടിലില്ലാത്ത സമയത്തും സുഹൃത്ത് വീട്ടിൽ വരുന്നതു പ്രതിയിൽ സംശയമുണർത്തി. ഇതിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചതോടെ അവർ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറി. ഇതോടെയാണ് സുഹൃത്തിനെ ഇല്ലാതാക്കാൻ പ്രതി തീരുമാനിക്കുന്നത്.
മദ്യപിക്കാൻ വിളിച്ച് വരുത്തി ക്രൂരമർദനം
2016 ഓഗസ്റ്റ് 28ന് ആണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. മദ്യപിക്കാനായി പ്രതി തന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ രതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. കൂട്ടിന് പ്രതിയുടെ സുഹൃത്തുക്കളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവരുമുണ്ടായിരുന്നു. മദ്യപാനത്തിനിടെ രതീഷുമായി വാക്കുതർക്കമുണ്ടാവുകയും പ്രകോപിതരായ മൂവരും ചേർന്ന് സ്റ്റീൽ വളയും മറ്റും ഉപയോഗിച്ച് രതീഷിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ കാടുപിടിച്ചുകിടന്നിരുന്ന പുരയിടത്തിൽ കുഴിച്ചിട്ടു.
വഴിത്തിരിവായത് ഉപേക്ഷിക്കപ്പെട്ട ഓട്ടോറിക്ഷ
കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രി തന്നെ പ്രതികൾ രതീഷിന്റെ ഓട്ടോറിക്ഷ നശിപ്പിച്ചു. തുടർന്ന് പൂങ്കുളത്തുള്ള ഒരു വർക്ക്ഷോപ്പിൽ ഉപേക്ഷിച്ചു. രതീഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വലിയതുറ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
രണ്ട് മാസത്തിന് ശേഷം കേടുവരുത്തിയ നിലയിൽ ഓട്ടോറിക്ഷ വർക്ക് ഷോപ്പിൽ നിന്ന് കണ്ടെത്തിയതാണ് കേസിൽ നിർണായക വഴിത്തിരിവായത്. തുടർന്ന് പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ രതീഷിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തുന്നത്.
പൂന്തുറ സിഐ ആയിരുന്ന കെ.ബി. മനോജ് കുമാർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി കോടതിയിൽ ഹാജരായി. കേസിലെ രണ്ടും മൂന്നും പ്രതികളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവർ വിചാരണയ്ക്ക് മുൻപേ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായുള്ള അന്വേഷണം തുടരുന്നു.
Tags : Trivandrum Crime Police Investigation CaseFile FIR