ജെമിനി 4 ഹൈഡ്രോജൻ
നിങ്ങളുടെ ഏത് കടുപ്പമേറിയ ചോദ്യങ്ങൾക്കും മികച്ച ഉത്തരങ്ങൾ നല്കാനായി ഗൂഗിൾ സെർച്ചിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. തങ്ങളുടെ പുതിയ എഐ മോഡലായ 'ജെമിനി 4 ഹൈഡ്രജൻ' ഉൾപ്പെടുത്തിക്കൊണ്ടുള്ള അപ്ഗ്രേഡാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാതൃക മാറ്റമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതീവ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ജെമിനി 4 കാർബൺ , ആർഗോൺ പോലുള്ള ശക്തമായ മോഡലുകൾ ഗൂഗിളിനുണ്ടെങ്കിലും, സാധാരണ ആവശ്യങ്ങൾക്ക് അവ എപ്പോഴും ആവശ്യമായി വരില്ല. ഈ സാഹചര്യത്തിലാണ് ജെമിനി 4 ഹൈഡ്രജൻ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ വേഗത്തിലും ബുദ്ധിപരമായും പ്രവർത്തിക്കാൻ കഴിയുന്ന ഹൈഡ്രജൻ, മുൻപത്തെ വേഗതയേറിയ മോഡലായ ജെമിനി 3.8 ഫ്ലാഷിനേക്കാൾ 2.5 മടങ്ങ് വേഗതയേറിയതാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഉപയോക്താക്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ ഹൈഡ്രജന് സാധിക്കും.
തെറ്റായ അക്ഷരത്തെറ്റുകളോ നീളമുള്ളതോ ആയ വലിയ ചോദ്യങ്ങൾ പോലും മനസിലാക്കി കൃത്യമായ മറുപടി നൽകാൻ ഇതിലൂടെ കഴിയും. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചോദിച്ചാലും അവയെല്ലാം കൃത്യമായി വിശകലനം ചെയ്ത് ഉത്തരം നൽകാൻ എഐക്ക് സാധിക്കും.
വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലും ഗൂഗിൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 'ഫാൻ-ഔട്ട്' സാങ്കേതികവിദ്യയുടെ സഹായത്തോടെ, നിങ്ങളുടെ വലിയ ചോദ്യങ്ങളെ ചെറിയ ഉപചോദ്യങ്ങളായി വിഭജിച്ചാണ് എഐ വിവരങ്ങൾ കണ്ടെത്തുന്നത്. ഇതുവഴി നിങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായ വെബ്സൈറ്റുകളും ലിങ്കുകളും നഷ്ടപ്പെടാതെ ലഭിക്കുന്നു.

എഐ മോഡിൽ തെരയുന്ന ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ ഉത്തരങ്ങൾ ലഭിക്കും. ചിത്രങ്ങൾ, താരതമ്യ പട്ടികകൾ, കസ്റ്റം ടൂളുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി വളരെ ആകർഷകമായ രീതിയിലായിരിക്കും സെർച്ച് ഫലങ്ങൾ ക്രമീകരിക്കുക. ഗൂഗിളിന്റെ എഐ മോഡ് പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളിലും ഈ മെച്ചപ്പെട്ട സേവനം ലഭ്യമാകും.
കോഡിംഗ് എഴുതാനും പരിശോധിക്കാനും കോഡിലെ മാറ്റങ്ങൾ പരിശോധിക്കാനും ഹൈഡ്രജൻ മികച്ചതാണെന്ന് ഗൂഗിൾ പറയുന്നു. കൂടുതൽ സങ്കീർണമായ ജോലികൾക്കായി ഇതിനെ കാർബൺ, ആർഗോൺ മോഡലുകൾക്കൊപ്പവും ഉപയോഗിക്കാം.
ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനായി ലോ, മീഡിയം, ഹൈ (ഡിഫോൾട്ട്), ഒപ്പം പുതിയൊരു 'എസ്ട്രാ-ഹൈ' എന്നിങ്ങനെ നാല് തിങ്കിംഗ് ലെവലുകൾ ഇതിൽ നൽകിയിട്ടുണ്ട്. ആഴത്തിലുള്ള ഡാറ്റാ റിസർച്ച്, വിശകലനം തുടങ്ങിയ കാര്യങ്ങളിൽ ഹൈഡ്രജൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ഈ പുതിയ ഫീച്ചറുകൾക്കായി ഉപയോക്താക്കൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. ഗൂഗിൾ സെർച്ച് ഉപയോക്താക്കൾക്കെല്ലാം ജെമിനി 4 ഹൈഡ്രജൻ അപ്ഗ്രേഡ് ഇതിനോടകം ലഭ്യമായിതുടങ്ങിയിട്ടുണ്ട്. സെർച്ചിന് പുറമെ ജെമിനി ആപ്പ്, ജെമിനി എപിഐ, ഗൂഗിൾ എഐ സ്റ്റുഡിയോ എന്നിവയിലും പെയ്ഡ് എഐ പ്രോ, അൾട്രാ വരിക്കാർക്കായും ഈ സേവനം ലഭ്യമാണ്.
Tags : Google gemini geminihydrogen4